സൗദിയിൽ ടൂറിസം ഉടൻ പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി.
റിയാദ്: കൊറോണ വൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെ ത്തുടർന്ന് അടച്ചിട്ടിരുന്ന വിനോദസഞ്ചാര മേഖല മൂന്ന് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഷവാൽ അവസാനത്തോടെ (ജൂൺ 21) പുനരാരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖത്തീബ്.
അറബ് മിനിസ്റ്റീരിയൽ ടൂറിസം കൗൺസിലിന്റെ അടിയന്തര യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷമുള്ള ടെലിവിഷൻ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സൂചനകൾ പോസിറ്റീവ് ആണെന്നും ആഭ്യന്തര ടൂറിസത്തിന് ഉത്തേജനമാകുന്ന വേനൽക്കാല പരിപാടികൾ ആരംഭിക്കാൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം അതോറിറ്റി നടത്തിയ ഗവേഷണ പഠനത്തിൽ 80 ശതമാനം സൗദി പൗരന്മാരും ആഭ്യന്തര ടൂറിസം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി. ആരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട ഉന്നത അധികാരികളുമായും ആവശ്യമായ ഏകോപനം നടത്തിയ ശേഷം ആഭ്യന്തര ടൂറിസം പരിപാടി പൊതുജനങ്ങൾക്കായി ആരംഭിക്കുമന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി മൂലം രാജ്യത്തെ ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്ത യോഗത്തിൽ നിരവധി അറബ് ടൂറിസം മന്ത്രിമാരും ബന്ധപ്പെട്ട സംഘടനകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ മഹാമാരിയിൽ നിന്ന് കരകയറാനും ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനും ഉള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് മിനിസ്റ്റീരിയൽ ടൂറിസം കൗൺസിൽ പ്രത്യേക സാഹചര്യത്തിൽ വെർച്വൽ സെഷൻ നടത്തിയതായി അൽ-ഖത്തീബ് ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ ജോലികളെയും ബിസിനസുകളെയും പരിരക്ഷിക്കുന്നതിനും പ്രതിസന്ധിയുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമായി സൗദി അറേബ്യ 61 ബില്യൺ ഡോളർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യമേഖലയിലെ സൗദി ജീവനക്കാരുടെ ശമ്പളത്തിന്റെ 60 ശതമാനം മൂന്നുമാസക്കാലം സർക്കാരാണ് വഹിച്ചത്. ആഭ്യന്തര ടൂറിസം മേഖല ഒരു പ്രധാന സാമ്പത്തിക മേഖലയെന്ന നിലയിൽ ഇതിന്റെ ഗുണം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa