നഷ്ടപ്പെട്ട ഇക്കാമ യുവാവിന് നൽകിയത് ഉദ്വേഗത്തിന്റെ നിമിഷങ്ങൾ.
അറേബ്യൻ മലയാളി വായനക്കാരൻ തന്റെ സുഹൃത്തിന്റെ ഇഖാമ നഷ്ടപ്പെട്ട അനുഭവം രസകരമായി പങ്കുവെച്ചത് ശ്രദ്ധേയമാവുന്നു:
ജിദ്ദ: സോഷ്യൽ മീഡിയയിലൂടെ ഇക്കാമ വീണു കിട്ടിയിട്ടുണ്ട് എന്ന സന്ദേശം പല ഗ്രൂപ്പുകളിൽ പ്രചരിക്കുമ്പോഴും ഇതൊന്നുമറിയാതെ ഇക്കാമയുടെ ഉടമ ജസീം അലി ഇക്കാമ നഷ്ടപ്പെട്ടത് അറിയാതെ വാരാന്ത്യ അവധി ദിവസമായ ശനിയാഴ്ച സുദീർഘമായ നിദ്രയിൽ ആയിരുന്നു.
ജിദ്ദയിലെ കായികരംഗത്തെ പ്രമുഖ വ്യക്തിത്വവും ജെ ഐ സി സി ക്രിക്കറ്റ് ടീമിലെ ആൾ റൗണ്ടറുമായ ജസീമിന്റെ ഇക്കാമ വാർത്ത അപ്പോഴേക്കും നഗരത്തിലെ ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരുന്നു.
സുഹൃത്തുക്കൾ ജസീമിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈലിൽ കിട്ടാതെ വന്നപ്പോൾ ഇഖാമയും ഉപേക്ഷിച്ച് ഒരുവേള കടന്നുകളഞ്ഞതാണെന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കപ്പെട്ടു.
കടം നൽകിയ കൂട്ടുകാർ കടം തിരികെ വേണ്ടെന്നും, കളിക്കളത്തിലെ കണക്ക് തീർക്കാൻ കാത്തിരുന്ന സുഹൃത്തുക്കൾ ഇനി ഒരു അങ്കം ഇല്ലെന്നും ജസീമേ മടങ്ങിവരൂ എന്നും തലങ്ങും വിലങ്ങും ഫേസ്ബുക്ക് വഴിയും ട്വിറ്റർ വഴിയും പോസ്റ്റുകൾ ഇട്ടു കൊണ്ടേയിരുന്നു.
അതിനിടയിൽ സുഹൃത്തുക്കൾ ജസീമിനെ അന്വേഷിച്ചു താമസ സ്ഥലത്തെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ജസീം ജിദ്ദ കോർണിഷിൽ ചാകര വന്നതറിഞ്ഞ് മീൻ വാങ്ങാൻ പോയതാണെന്ന് പിന്നീട് അന്വേഷണത്തിൽ അറിഞ്ഞു.
തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നതിനിടയിൽ ജസീമിന്റെ മൊബൈൽ റിങ്ങ് ചെയ്തു. അദ്ദേഹത്തിന്റെ ഇക്കാമ നഷ്ടപ്പെട്ട വിവരം കൂട്ടുകാർ അറിയിച്ചു. ഈ സീൻ ഒക്കെ താൻ പണ്ടേ വിട്ടതാണെന്നും ഒരു ഇക്കാമ സൂക്ഷിക്കാനുള്ള മിനിമം ബുദ്ധി തനിക്കുണ്ടെന്നും ജസീം കൂട്ടുകാർക്ക് മറുപടി പറഞ്ഞു.
ഫോണ് കട്ട് ചെയ്തശേഷം അപ്പോൾ തന്നെ ജസീം തിരിച്ചു വിളിച്ചു. അളിയാ, സാധനം കാണുന്നില്ല എങ്ങനെയെങ്കിലും ഒന്ന് കണ്ടു പിടിച്ചുതാ എന്നും വിതുമ്പി ആയിരുന്നു ആ ഫോൺ വിളി.
ജസീമിനെ ഫോണിൽ കിട്ടാതാതെ വന്നപ്പോൾ മറ്റൊരു സുഹൃത്ത് അപ്പോഴേക്കും ബക്കാല യിൽ എത്തി വീണുകിട്ടിയ ഇക്കാമ കൈപ്പറ്റിയിരുന്നു.
ഇതറിയാതെ പിറകേ ബക്കാലയിലെത്തിയ ജസീം തന്റെ ഇക്കാമ അവിടെ നിന്നും ആരോ കടത്തിയ വിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞു.
ഏതു സുഹൃത്താണ് ഇക്കാമ കൊണ്ടുപോയതെന്ന് ഒരു ഐഡിയയും ഇല്ലായിരുന്ന ജസീമീനും ബക്കാല ക്കാരനും പിന്നീട് CCTV ആയിരുന്നു ആശ്രയം.
റെക്കോർഡിങ് പിന്നോട്ടടിച്ചു ഒടുവിൽ ആ രംഗം എത്തി. അപ്പോൾ അവിടെ ആകാശഗംഗയിലെ യക്ഷിയുടെ പാട്ട് രംഗമാണ് പ്രത്യക്ഷപ്പെട്ടത്.
ഇതോടെ സമനില നഷ്ടപ്പെട്ട ജസീം ബക്കാലയിൽ ഉണ്ടായിരുന്ന വലിയ പെപ്സി കുപ്പി ഒറ്റവലിക്ക് കുടിച്ചു തീർത്തു. അതിന്റെ പൈസ ഇക്കാമ കിട്ടിയതിനുശേഷമേ തരുള്ളൂ എന്ന് വെല്ലുവിളിക്കുകയും ചെയ്തു.
അതിനിടയിൽ ജസീമിന്റെ ഇക്കാമ തിരിച്ചു കിട്ടിയെന്ന് വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പലരും അഭിനന്ദിക്കാൻ ജസീമിനെ വിളിച്ചു എങ്കിലും അവരെല്ലാം മറുതലയ്ക്കൽ കേട്ടത് പച്ചതെറി മാത്രം.
അപ്പോഴാണ് സുഹൃത്ത് സഫ്വാൻ നമുക്ക് പത്രത്തിൽ കൊടുത്ത് ഒന്ന് അന്വേഷിച്ചാലോ എന്ന ബുദ്ധി പറഞ്ഞു കൊടുത്തത്. അപ്പോഴേക്കും പത്രത്തിൽ ലേഖനങ്ങൾ ഒക്കെ എഴുതി ഒരു മാധ്യമ പ്രവർത്തകന്റെ ദാർശനിക ചിന്തകളിലായിരുന്നു സഫ്‌വാൻ. കൂട്ടത്തിൽ പത്രത്തിൽ സ്ഥിരമായി കത്തുകൾ ഒക്കെ എഴുതുന്ന സുഹൃത്ത് ഷാനവാസ് സ്നേഹക്കൂടിനെയും ബന്ധപ്പെട്ടു.
ഏതോ ഒരു കശ്മലൻ ബക്കാലയിൽ നിന്ന് ഇക്കാമ വാങ്ങിപ്പോയ വിവരമറിയിച്ചു. ഏത് വിഷയത്തിലും എടുത്തുചാടി കുളമാക്കി തരുന്ന താൻ തന്നെയാണ് വിവരമറിഞ്ഞ ഉടനെ ആ ഇക്കാമ കൈപ്പറ്റിയെന്ന് ഷാനവാസ് മടിച്ചുമടിച്ച് ജസീമിനെ അറിയിച്ചു.
പെട്ടെന്നാണ് മൊബൈൽ കത്തിപ്പിടിച്ചത്. തെറികൾക്കിടയിൽ ഗ്യാപ്പ് കിട്ടാതായപ്പോൾ ഡാറ്റകൾ തമ്മിലിടിച്ച് താണെന്ന് സാങ്കേതിക വിദഗ്ധൻ Ravoz കമ്പനി എംഡി അമീൻ പിന്നീട് വ്യക്തമാക്കി.
അങ്ങനെ ഉദ്യോഗജനകമായ സംഭവവികാസങ്ങൾക്ക് ഒടുവിൽ ചെക്കിങ്ങിനു ഇക്കാമ പോലീസിൽ കാണിച്ചപ്പോൾ നിനക്കൊന്നും വേറെ പണിയില്ലേ എന്ന മറുപടി കൂടി കേട്ടപ്പോൾ ജസീമിന്റെ കിളി പോയി എന്നും കിളി പണ്ടേ ഇല്ലായിരുന്നു എന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. ആ വീണു പോയ എടുത്തുവച്ച ബക്കാല കാരന് നന്മ മാത്രം വരുത്തണേ എന്ന് പ്രാർത്ഥിച്ചു ജസീം നടന്നുനീങ്ങി.
Lulu Zainyi, Jeddah
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa