Wednesday, April 9, 2025
Saudi ArabiaTop Stories

സൗദിയിൽ കൊറോണ പരിശോധനക്ക് പണം നൽകേണ്ടി വരുന്നത് ഒരു സന്ദർഭത്തിൽ മാത്രം; പരിശോധനയുടെ എണ്ണം കുറഞ്ഞത് കൊണ്ടാണോ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവ് കാണുന്നത്; ക്ളോത്ത് മാസ്ക്ക് ധരിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ

ജിദ്ദ: സൗദിയിൽ കൊറോണ പരിശോധനകൾ സർക്കാർ സൗജന്യമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇൻഷൂറൻസ് ഉള്ള വ്യക്തിക്കും സ്വകാര്യ ആശുപത്രിയിൽ കൊറോണ പരിശോധനക്ക് പണം നൽകേണ്ടി വരുന്ന ഒരു സന്ദർഭമുണ്ടെന്ന് ഹെൽത്ത് ഇൻഷൂറൻസ് കൗൺസിൽ അറിയിച്ചു.

കൊറോണ ലക്ഷണങ്ങൾ ഇല്ലാത്ത ഒരാൾ സ്വകാര്യ ആശുപത്രിയിൽ പോയി കൊറോണ ടെസ്റ്റ് നടത്തുകയാണെങ്കിൽ അയാൾ ഫീസ് നൽകേണ്ടി വരുമെന്നാണു ഇൻഷൂറൻസ് കൗൺസിൽ അറിയിച്ചത്. അതേ സമയം സ്വിഹതി ആപ് ഉപയോഗിച്ച് ബുക്ക് ചെയ്ത ആർക്കും ഒരു ഫീസുമില്ലാതെ തന്നെ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ക്ളോത്ത് മാസ്ക്കും മെഡിക്കൽ മാസ്ക്കും ധരിക്കുന്നതിനെ സംബന്ധിച്ചുള്ള വിശദീകരണം സൗദി ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ:അബ്ദുല്ല അസീരി വ്യക്തമാക്കി. പൊതു ഇടങ്ങളെ ഉദ്ദേശിച്ച് കൊണ്ടാണു ക്ളോത്ത് മാസ്ക്ക് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത്. അത് വഴി ശ്വസനത്തോടനുബന്ധിച്ചുള്ള സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നത് ഇല്ലാതാക്കാൻ സഹായിക്കും.

ക്ളോത്ത് മാസ്ക്കുകളുടെ പ്രധാന ഉദ്ദേശം പൊതു സ്ഥലങ്ങൾക്ക് അനുയോജ്യവും, വീട്ടിൽ തന്നെ നിർമ്മിക്കാമെന്നതും അതോടൊപ്പം കഴുകി വീണ്ടും ഉപയോഗിക്കാമെന്നതുമാണ്. രണ്ട് വയസ്സിനു മുകളിലുള്ളവർക്കെല്ലാം മാസ്ക്ക് അനുയോജ്യമാണ്. രണ്ട് വയസ്സിനു താഴെയുള്ളവർക്ക് യോജിച്ച സൈസിൽ മാസ്ക്ക് ലഭിക്കില്ലെന്നത് കൊണ്ട് തന്നെ ധരിച്ചാലും അവർക്ക് ആവശ്യമായ സംരക്ഷണം ലഭിക്കില്ല. ആരോഗ്യ വിദഗ്ധർക്കും രോഗികൾക്ക് പരിചരണം നടത്തുന്നവർക്കുമാണു മെഡിക്കൽ മാസ്ക്കിൻ്റെ ആവശ്യമെന്നും വൈറസ് ബാധിതരിൽ നിന്ന് വൈറസ് പകരാതിരിക്കാൻ അത് സഹായിക്കുമെന്നും ഡോ:അബ്ദുല്ല അസീരി പറഞ്ഞു.

അതേ സമയം പകർച്ചാ വ്യാധികളുടെ ഗ്രാഫ് ഉയർന്നും താഴ്ന്നും മാറിക്കൊണ്ടിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. ഇപ്പോൾ പരിശോധനകൾ കുറഞ്ഞത് കൊണ്ടാണു രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നത് എന്ന ധാരണ ശരിയല്ല. കാരണം ഇപ്പോൾ പുറത്ത് വിടുന്ന റിസൽറ്റുകളുടെ പരിശോധനകൾ കഴിഞ്ഞ രണ്ടോ നാലോ ആഴ്ചകൾക്കിടയിലാണു നടന്നത്. ഇപ്പോൾ നടക്കുന്ന പരിശോധനകളുടെ റിസൽറ്റുകൾ അടുത്ത രണ്ടാഴ്ചക്കും നാലാഴ്ചക്കും ഉള്ളിലാണു പുറത്ത് വിടുകയെന്നും അദ്ദേഹം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്