Monday, September 23, 2024
Saudi ArabiaTop Stories

റിയാദിൽ വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് പാർട്സുകളാക്കി വിൽക്കുന്ന വൻ മോഷണ സംഘം അറസ്റ്റിൽ

റിയാദ്: തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ച കേസിൽ ഒമ്പതംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ശേഷം വാഹനങ്ങൾ പൊളിച്ച് സ്പെയർപാർട്സുകൾ വിൽക്കുന്നതായിരുന്നു സംഘത്തിന്റെ രീതി.

എട്ട് സുഡാനീസ് പൗരന്മാരും ഒരു ഈജിപ്ഷ്യനും അടങ്ങുന്നതാണ് മോഷണ സംഘമെന്ന് റിയാദ് പോലീസിന്റെ അസിസ്റ്റന്റ് വക്താവ് മേജർ ഖാലിദ് അൽ ക്രെയ്ഡിസ് പറഞ്ഞു.

പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നതായി മേജർ ഖാലിദ് അൽ ക്രെയിഡിസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രതികളെ തിരിച്ചറിഞ്ഞ ശേഷം ഇവരുടെ താവളമായ വർക്ക്ഷോപ്പ് റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെല്ലാം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം വാഹനങ്ങൾ മോഷ്ടിച്ചതായി സമ്മതിച്ചു.

ഒരേ സ്ഥലത്ത് കൂടുതൽ ദിവസം പാർക്ക് ചെയ്തതായി കണ്ടെത്തുന്ന കാറുകളെയാണ് തങ്ങൾ ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.

പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, വാഹനം പ്രതികളിലൊരാളുടെ ഉടമസ്ഥതയിലുള്ള ട്രക്കിൽ കയറ്റി കൊണ്ടുപോവുകയും പിന്നീട് വർക്ക്ഷോപ്പിൽ വെച്ച് പൊളിച്ച് സ്പെയർപാർട്സുകൾ വിൽക്കുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q