പുതിയ വിസ സ്റ്റാമ്പ് ചെയ്ത ശേഷം സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കാത്തവർ ഇസ്തിഖ്ദാമുമായി ബന്ധപ്പെട്ട് പരിഹാരം തേടാൻ ജവാസാത്ത്; എക്സിറ്റ് ഇഷ്യു ചെയ്ത് കാൻസൽ ചെയ്യണമെങ്കിൽ ഇഖാമയിൽ കാലാവധി നിർബന്ധം
ജിദ്ദ: പുതിയ വർക്ക് വിസ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത ശേഷം കൊറോണ കാരണം സൗദിയിലേക്ക് പ്രവേശനം സാധ്യമാകാതെ വന്ന നിലവിലെ അവസ്ഥയിൽ എന്ത് ചെയ്യണമെന്ന ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.
ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്കായി ഇസ്തിഖ്ദാം ഓഫീസുമായി (റിക്രൂട്ട്മെൻ്റ് ഓഫീസ്) ബന്ധപ്പെടുകയാണു ചെയ്യേണ്ടത് എന്നാണു ജവാസാത്ത് മറുപടി നൽകിയത്.
അതോടൊപ്പം നാട്ടിൽ അവധിയിലുള്ള ഒരാൾ തൻ്റെ കഫീൽ തന്നെ പിരിച്ച് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും സാലറിയും മറ്റും നൽകാനുണ്ടെന്നും പരാതിപ്പെട്ടപ്പോൾ സൗദി മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെടാനാണു ജവാസാത്ത് ആവശ്യപ്പെട്ടത്.
ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത ഒരാളുടെ എക്സിറ്റ് വിസ കാൻസൽ ചെയ്യണമെങ്കിൽ അയാളുടെ ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കണമെന്നും ജവാസാത്ത് ഒരു ചോദ്യത്തിനു മറുപടി നൽകി. ഇഖാമ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഫീസടച്ച് ഇഖാമ പുതുക്കിയ ശേഷമായിരിക്കണം എക്സിറ്റ് വിസ കാൻസൽ ചെയ്യേണ്ടത്.
അതോടൊപ്പം സാങ്കേതിക കാരണങ്ങൾ കാരണം അബ്ഷിർ വഴി പൂർത്തിയാക്കാൻ സാധിക്കാത്ത വിവിധ സേവനങ്ങൾക്ക് അബ്ഷിറിലെ മെസ്സേജസ് ആൻ്റ് റിക്വസ്റ്റ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും വീണ്ടും ജവാസാത്ത് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa