ആദ്യ വിമാനം നാളെ കൊച്ചിയിൽ നിന്ന്; എയർ ഇന്ത്യ എക്സ്‌പ്രസ്സ് കേരളത്തിൽ നിന്ന് ബഹറൈനിലേക്കുള്ള ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈനും ഇന്ത്യയും തമ്മില്‍ എയർ ബബ്ൾ കരാർ യാഥാര്‍ത്ഥ്യമായതോടെ കേരളത്തിൽ നിന്നടക്കം ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്‌പ്രസ്സ് പ്രഖ്യാപിച്ചു. കേരളത്തിൽ കൊച്ചിയിൽ നിന്നാണ് ബഹറൈനിലേക്കുള്ള ആദ്യ സർവീസ്.
കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുൾപ്പെടെ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക ഫ്ലൈറ്റുകളും ഇപ്പോൾ തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞതായാണ് വിവരം. കൊച്ചിയിൽ നിന്ന് മൂന്നും തിരുവനന്തപുരത്തുനിന്ന് രണ്ടും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് ഓരോ സർവീസുകളുമാണ് ആദ്യ ഘട്ടത്തിലുള്ളത്.
15, 21, 28 തിയ്യതികളിൽ ആണ് കൊച്ചിയിൽ നിന്ന് പുറപ്പെടുന്നത്. തിരുവനന്തപുരത്ത് നിന്ന് 17, 25 എന്നീ തിയ്യതികളിലും കോഴിക്കോട് നിന്ന് 19 നും പുറപ്പെടും. ഒരു വിമാനത്തിൽ 90 യാത്രക്കാർക്കാണ് അനുമതിയുള്ളത്. ഗൾഫ് എയർ ഞായറാഴ്ച മുതൽ ബുക്കിംഗ് ആരംഭിക്കുമെന്നാണ് സൂചന.
എയർ ബബ്ൾ കരാർ പ്രകാരം ബഹ്റൈൻ പൗരൻമാർക്കും റസിഡൻറ് പെർമിറ്റുള്ളവർക്കും ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ കഴിയും. കൂടാതെ, ബഹ്റൈനിൽ സാധുവായ ഏത് വിസയുള്ള ഇന്ത്യക്കാർക്കും ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ല.
ബഹറൈനിലേക്ക് പുറപ്പെടാനോ ഇന്ത്യയിലേക്ക് തിരിക്കാനോ എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. പകരം ഇത് വിമാനകമ്പനികൾ നിർവഹിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa