സൗദിയിലേക്ക് ദുബൈ വഴി മടങ്ങാൻ പ്രത്യേക പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ
ജിദ്ദ: ഇന്ത്യയിൽ നിന്ന് നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്കുള്ള മടക്ക യാത്രക്കുള്ള അനുമതി ലഭിക്കുന്നത് വൈകുന്നതിനാൽ ദുബൈ വഴി സൗദിയിലേക്ക് മടങ്ങാൻ സ്പെഷ്യൽ പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ രംഗത്തെത്തുന്നു.
ഇപ്പോൾ സൗദിയിലേക്ക് മടങ്ങുന്ന യാത്രക്കാർ സൗദിയിലെത്തുന്നതിൻ്റെ മുംബ് 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിൽ അവർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.
അതേ സമയം ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പോയി 14 ദിവസത്തിലധികം ദുബൈയിൽ താമസിച്ച ശേഷം സൗദിയിലേക്ക് പോകുകയാണെങ്കിൽ സൗദിയിലേക്ക് പ്രവേശനം സാധ്യമാകുകയും ചെയ്യും.
നിലവിൽ വിസിറ്റ് വിസയിൽ ദുബൈയിലേക്ക് പോകാൻ ഇന്ത്യയിൽ നിന്ന് സാധിക്കുമെന്നതിനാൽ പ്രസ്തുത അവസരം ഉപയോഗപ്പെടുത്തിയാണു ട്രാവൽ ഏജൻസികൾ സൗദി പാക്കേജുമായി രംഗത്ത് വരുന്നത്.
നാട്ടിൽ നിന്ന് സൗദി പ്രവാസികളെ ദുബൈയിലെത്തിക്കുകയും ദുബൈയിൽ 14 ദിവസത്തിലധികം താമസിപ്പിക്കുകയും ചെയ്ത ശേഷം ദുബൈയിൽ നിന്ന് സൗദിയിലെത്തിക്കുകയും ചെയ്യുകയാണു പദ്ധതി.
നാട്ടിലുള്ള ഒരു പ്രമുഖ ട്രാവൽ ഏജസിയുടെ പരസ്യ പ്രകാരം ടിക്കറ്റ് നിരക്ക് ഉൾപ്പെടാതെ ഒരു മാസ യു എ ഇ ടൂറിസം വിസയും കോവിഡ് ടെസ്റ്റും ബ്രേക്ക് ഫാസ്റ്റും താമസ സൗകര്യവുമെല്ലാം അടക്കമുള്ള പാക്കേജിനു 1499 റിയാലാണു ഈടാക്കുന്നതായി കാണുന്നത്. സിംഗിൾ റൂം ആണെങ്കിൽ ചാർജ്ജിൽ വർദ്ധനവും ഉണ്ട്.
ഇന്ത്യയിൽ നിന്ന് പോകുന്നവർക്ക് 14 ദിവസം ഇന്ത്യ അല്ലാത്ത മറ്റൊരു രാജ്യത്ത് താമസിച്ച ശേഷമേ സൗദിയിലേക്ക് പവേശിക്കാനാകൂ എന്ന നിബന്ധന വന്നതിനാൽ ട്രാവൽ ഏജൻസികളുടെ പുതിയ ദുബൈ താമസ പാക്കേജ് പലർക്കും ഉപകാരപ്പെടും.
നിലവിലെ 14 ദിവസ നിയന്ത്രണം നിലവിൽ വരുന്നതിൻ്റെ തലേ ദിവസം വരെ പല സൗദി പ്രവാസികളും ദുബൈ വഴി സൗദിയിലേക്ക് ഒരു പ്രതിബന്ധവുമില്ലാതെ തന്നെ മടങ്ങിയിട്ടുണ്ടെന്ന് ട്രാവൽ മേഖലയിലുള്ളവർ ഞങ്ങളെ അറിയിച്ചു.
അതേ സമയം സൗദിയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് വൈകാതെത്തന്നെ ആരംഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണു നാട്ടിലുള്ള സൗദി പ്രവാസികളും ട്രാവൽ ഏജൻ്റുമാരുമുള്ളത്.
കാലാവധി കഴിഞ്ഞ ഇഖാമകളും റി എൻട്രി വിസയുമെല്ലാം സൗദിയിലുള്ള സ്പോൺസർമാരുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പ്രവാസികൾ ഓൺലൈൻ ആയി പുതുക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa