ബന്ധുവിന്റെ സമ്മാനം ഖത്തറിൽ നവദമ്പതികൾക്ക് നൽകിയത് 10 വർഷം തടവ്
ഹണിമൂൺ ആഘോഷിക്കാൻ ഖത്തറിലേക്ക് ഫ്രീ ടിക്കറ്റും ചിലവുംസമ്മാനം നൽകിയ ബന്ധുവിന്റെ സ്നേഹത്തിൽ വിശ്വസിച്ച്, മുംബൈ സ്വദേശികളായ അനീബയും ഭർത്താവ് ശാരിഖും ഖത്തറിലേക്ക് പറക്കുമ്പോൾ അത് ഇത്രമേൽ വലിയ കുരുക്കാകുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഉറ്റബന്ധുവിന്റെ ചതിയറിയാതെ ഖത്തറിലേക്ക് ഹണിമൂൺ ആഘോഷിക്കാനുള്ള യാത്ര അവസാനിച്ചത് ഖത്തർ പോലീസിന്റെ കൈകളിൽ.
സംഭവം ഇങ്ങനെ; ഒനിബ തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. അന്നേരമാണ് ഇവരുടെ ഉറ്റബന്ധു ഒനിബക്കും ഭര്‍ത്താവിനും ഖത്തറില്‍ ഒരു മധുവിധു ആഘോഷം വിവാഹ സമ്മാനമായി നൽകാമെന്നറിയിച്ചത്. ചിലവൊക്കെ ബന്ധുവിന്റെ വക. വൈകിയെങ്കിലും ഗര്‍ഭകാലമാണെങ്കിലും മധുവിധു ആഘോഷിക്കാന്‍ ഖത്തറിലേക്ക് പോകാന്‍ തന്നെ അവര്‍ തീരുമാനിച്ചു.
2019 ജുലൈ 6ന് അവർ മുംബയിൽ നിന്ന് ഖത്തറിലേക്ക് പറന്നു. ഹമദ് ഇന്റർനാഷണൽ എയർ പോർട്ടിൽ ഇറങ്ങിയതും ഒനിബയെയും ഭർത്താവിനേയും പോലീസ് വളഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ശാരിഖിനും ഭാര്യ അനീബക്കും മനസിലാകുന്നില്ലായിരുന്നു. ഇവരെ കസ്റ്റടിയിലെടുത്ത പോലീസ് രണ്ട് പേരെയും ജയിലിലേക്ക് മാറ്റി.
ലഗേജ് പരിശോധനയില്‍ അവരുടെ പക്കൽ നാല് കിലോഗ്രാം ഹാഷിഷ് കണ്ടെത്തി എന്നതായിരുന്നു ഈ യുവദമ്പതികള്‍ക്കെതിരായ കുറ്റം. ഹണിമൂണ്‍ സ്‌പോണ്‍സര്‍ ചെയ്ത ബന്ധു ഖത്തറിലുള്ള സുഹൃത്തിന് കൈമാറാന്‍ നല്‍കിയ പാക്കറ്റിലായിരുന്നു ഈ ചതി ഒളിഞ്ഞിരുന്നത്. അത്രയേറെ വിശ്വസിച്ച ഉറ്റബന്ധു തങ്ങളെ വഞ്ചിച്ചുവെന്ന് ഞെട്ടലോടെയാണ് അവര്‍ അറിഞ്ഞത്. തുടർന്ന് മയക്കുമരുന്ന് കടത്തിന് ഒനിബയ്ക്കും ഭര്‍ത്താവ് ശരീഖിനും 10 വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ഖത്തറിലെ കോടതി വിധിച്ചു. ഇതിനിടെ ഒനിബ ജയിലിൽ തന്റെ കുഞ്ഞിനു ജന്മം നൽകിയിരുന്നു.
മുംബൈ പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍.സി.ബി) ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ നിരപരാധികളായ ദമ്പതികളെ ബന്ധു കബളിപ്പിച്ചുവെന്ന് കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറില്‍ ദമ്പതികളുടെ ബന്ധുവായ തബസ്സുവും കൂട്ടാളിയായ നിസാം കാരയും മുംബൈ പൊലീസിന്റെ പിടിയിലായതോടെയാണ് ഇവരുടെ മോചനത്തിന് ഇപ്പോൾ വഴിതെളിയുന്നത്. കണ്ടെത്തിയ തെളിവുകളുടെ വെളിച്ചത്തില്‍ ഒനിബയെയും ഭര്‍ത്താവിനെയും മോചിപ്പിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഖത്തറിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്‍.സി.ബി.
ഒനീബയുടെ അമ്മ മകളുടേയും മരുമകന്റേയും തങ്ങളുടെ പേരക്കുട്ടിയുടേയും മോചനത്തിനായി ഇന്ത്യൻ എംബസിയുടെ വാതിലുകൾ നിരവധി തവണ മുട്ടിയെങ്കിലും അനുകൂല പ്രതികരണമല്ല ലഭിച്ചിരുന്നത്. സമ്പത്തിന്റെ ഭൂരിഭാഗവും കേസ് നടത്താൻ ചിലവഴിച്ച ഇവർക്ക് മുംബൈ പോലീസിന്റെ കണ്ടെത്തൽ പ്രതീക്ഷ നൽകുന്നുണ്ട്. അധികം വൈകാതെ ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലും സന്തോഷത്തിലുമാണ് രണ്ട് പേരുടേയും കുടുംബങ്ങള്‍.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa