സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് പുനരാരംഭിച്ചാലും മടക്കയാത്ര അനിശ്ചിതത്വത്തിലായി നിരവധി പ്രവാസികൾ
ജിദ്ദ: റി എൻട്രിയിൽ നാട്ടിലെത്തിയ പ്രവാസികളുടെ ഇഖാമയും റി എൻട്രിയുമെല്ലാം സ്പോൺസർമാർ സൗദിയിൽ നിന്ന് ഓൺലൈൻ വഴി പുതുക്കൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ആ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കാത്ത നിരവധി പ്രവാസികളാണു നാട്ടിലുള്ളത്.
പ്രത്യേകിച്ച് മലയാളികളും മറ്റു വിദേശികളും നടത്തിയിരുന്ന ചെറുകിട സംരംഭങ്ങളിൽ ജോലി ചെയ്തിരുന്ന പ്രവാസികളാണു മുതലാളിമാർ ഇഖാമയും റി എൻട്രിയും പുതുക്കാൻ ഉത്സാഹം കാണിക്കാത്തതിനാൽ വലിയ കുടുക്കിൽ പെട്ടിരിക്കുന്നത്.
മലയാളികളടക്കമുള്ള പല കടയുടമകളും നിരവധി വർഷങ്ങൾ തങ്ങൾക്ക് സേവനം ചെയ്ത നാട്ടിലുള്ള തങ്ങളുടെ സ്റ്റാഫിൻ്റെ നിലവിലെ അവസ്ഥ അന്വേഷിക്കുക പോലും ചെയ്യാത്തവരായുണ്ടെന്ന് പലരുടെയും അനുഭവങ്ങൾ പങ്ക് വെച്ചതിലൂടെ മനസ്സിലാക്കാൻ സാധിച്ചു.
അതേ സമയം നിരവധി പ്രതിസന്ധികൾ കാരണം ബിസിനസിൽ മാന്ദ്യം നേരിട്ട നിരവധി സ്ഥാപനമുടമകൾ നാട്ടിലേക്ക് പോയ തങ്ങളുടെ സ്റ്റാഫിനെ നിലവിലെ സാഹചര്യത്തിൽ ഇഖാമ പുതുക്കി തിരിച്ച് കൊണ്ട് വരാൻ കഴിയാത്ത നിസഹായാവസ്ഥയിലുമുണ്ട്.
അതോടൊപ്പം പ്രതിസന്ധികൾക്കിടയിലും കടം വാങ്ങിയും മറ്റും ജീവനക്കാരെ നില നിർത്തുന്ന സ്ഥാപനമുടമകളും ഉണ്ടെന്നതും മറക്കാൻ കഴിയില്ല.
നാട്ടിൽ പോയവരുടെ ഇഖാമയും റി എൻട്രിയും പുതുക്കണമെങ്കിൽ ലെവിയടക്കം കഫീലിനോ ഏജൻ്റിനോ നൽകേണ്ട അവസ്ഥയുള്ളവരും ഉണ്ട്. സൗദിയിൽ നിലവിൽ ലെവിയടക്കം ഇഖാമ പുതുക്കാൻ 10,000 റിയാലിനു പുറത്ത് തുക ചെലവ് വരുമെന്നതിനാൽ അത്രയും വലിയ തുക സാധാരണക്കാർക്ക് ഒറ്റയടിക്ക് നാട്ടിൽ നിന്ന് കൊണ്ട് സംഘടിപ്പിക്കാനും പ്രയാസമാണ് എന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
വിമാന സർവീസ് പുനരാരംഭിക്കുന്ന സമയത്തെങ്കിലും കഫീലുമാർ ഇഖാമയും റി എൻട്രിയും പുതുക്കി നൽകിയില്ലെങ്കിൽ പലർക്കും പിന്നീട് സൗദി അറേബ്യ അടുത്ത കാലത്ത് കാണാൻ കഴിയുമോ എന്ന കാര്യവും ഞെരുക്കമാണ്.
അതേ സമയം നേരത്തെ സൗദി സർക്കാർ ചെയ്തത് പോലെ ഒരു ഓട്ടോമാറ്റിക് പുതുക്കൽ കൂടി സംഭവിച്ചാൽ പലർക്കും അത് വലിയ ആശ്വാസം തന്നെയായിരിക്കും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനെക്കുറിച്ച് ഒരു ഉറപ്പും പറയാൻ കഴിയില്ലെന്നതാണു വസ്തുത. ഏതായാലും ആശങ്കക്കിടയിലും ശുഭ വാർത്തകൾ വരുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും നിരവധിയാളുകളാണു നാട്ടിൽ ക്ഷമയോടെ കാത്തിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa