ഉംറ വിസയിൽ എത്തുന്നവർക്ക് സൗദിയിൽ 10 ദിവസം മാത്രം താമസ കാലാവധി
ജിദ്ദ: വിദേശത്ത് നിന്ന് ഉംറ നിർവ്വഹിക്കാനെത്തുന്നവർക്ക് സൗദിയിൽ 10 ദിവസം മാത്രമേ താമസിക്കാൻ അനുമതിയുണ്ടാകുകയുള്ളൂവെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഉംറ പുനരാരംഭത്തിൻ്റെ മൂന്നാം ഘട്ടത്തിൽ,ഞായറാഴ്ച മുതൽ വിദേശികൾക്കും സൗദിയിലേക്ക് പ്രവേശനം അനുവദിച്ചതിൻ്റെ പശ്ചാത്തലത്തിലാണു മന്ത്രാലയം ഇത് സംബന്ധിച്ച് വിശദീകരണം നൽകിയത്.
വിദേശികൾക്ക് ഇലക്ട്രോണിക് വിസകളാണു നൽകുന്നതെന്നും അവരുടെ രാജ്യത്തെ സൗദി എംബസിയുമായോ കോൺസുലേറ്റുമായോ വിസ നടപടികൾക്കായി ബന്ധപ്പെടേണ്ടതില്ലെന്നും ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ:അബ്ദുൽ ഫതാഹ് മശാത് അറിയിച്ചു.
മൂന്നാം ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്ക് ഉംറ നിർവ്വഹിക്കാൻ അവസരം ലഭിക്കും. 60,000 പേർക്ക് മസ്ജിദുൽ ഹറാമിൽ ആരാധനകൾക്കായി പ്രവേശിക്കാനും 19,500 പേർക്ക് റൗളാ ശരീഫ് സന്ദർശനത്തിനും അനുമതി ലഭിക്കും.
ഞായറാഴ്ച മുതൽ വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകർ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ എത്തിച്ചേരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa