സൗദി ഭരണകൂടത്തിന്റെ കരുണയും കരുതലും വിദേശികൾ അനുഭവിച്ചറിഞ്ഞ 2020
ജിദ്ദ: സൗദി ഭരണകൂടത്തിന്റെ വിദേശികളോടുള്ള അനുഭാവപൂർവ്വമായ സമീപനം നേരത്തെ പ്രസിദ്ധമാണെങ്കിലും 2020 ൽ സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നല്കിയ പരിഗണയും കരുതലും കരുണയും ഒരു വിദേശിയും മറക്കില്ല.
കൊറോണ വ്യാപനം ആരംഭിച്ചപ്പോൾ തന്നെ രാജ്യത്തെ സ്വദേശികൾക്കൊപ്പം മുഴുവൻ വിദേശികൾക്കും ചികിത്സ സൗജന്യമായി നൽകുമെന്ന രാജാവിന്റെ പ്രഖ്യാപനമാണ് ഇതിൽ ശ്രദ്ധേയം. രാജ്യത്തെ നിയമ ലംഘകരായ വിദേശികൾക്കും ചികിത്സ ഒരു ഉപാധിയുമില്ലാതെ സൗജന്യമായി നൽകണമെന്ന ഭരണകൂടത്തിന്റെ കല്പന വിദേശികളെ ഈ രാജ്യം എത്ര മാത്രം പരിഗണിക്കുന്നുവെന്നതിന്റെ തെളിവാണ്.
കോവിഡ് ചികിത്സക്കിടെ മരിച്ച വിദേശികളടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ ആശ്രിതർക്ക് 5 ലക്ഷം റിയാൽ വീതം നൽകാനുള്ള രാജകല്പനയും സൗദി ഭരണകൂടത്തിന്റെ കാരുണ്യത്തിന്റെ ഉത്തമോദാഹരണം മാത്രം.
കോവിഡ് വാക്സിനുകൾ രാജ്യത്തെ ഓരോ സ്വദേശിക്കും വിദേശിക്കും തികച്ചും സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവും സൽമാൻ രാജാവ് നടത്തിയത് ശ്രദ്ധേയമായിരുന്നു.
അതോടൊപ്പം പ്രത്യേകം പരാമർശിക്കേണ്ട ഒരു കാര്യമാണു ഇഖാമകളും റി എൻട്രി വിസയും വിസിറ്റിംഗ് വിസയുമെല്ലാം സൗദി ഭരണകൂടം സൗജന്യമായി പുതുക്കി നൽകിയതും.
പതിറ്റാണ്ടുകളായി തൊഴിൽ മേഖലയിൽ നില നിൽക്കുന്ന കഫാല സംവിധാനത്തിലെ ഊരാക്കുടുക്കുകൾക്ക് അന്ത്യം കുറിക്കാനായി റി എൻട്രി, എക്സിറ്റ്, കഫാല മാറ്റം എന്നിവയിൽ തൊഴിലാളികൾക്ക് സ്വന്തം ഇഷ്ടം പ്രവർത്തിക്കാനുള്ള നിയമ നിർമ്മാണം നടത്തിയത് സൗദി ചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ നീക്കമായിരുന്നു.
പെട്രോൾ വില കുത്തനെ ഇടിഞ്ഞ് സാംബത്തിക വെല്ലു വിളികൾ രാജ്യം നേരിടുന്ന ഈ സാഹചര്യത്തിലും ഉദാരതയിൽ സൗദി ഭരണകൂടം തീരെ പിറകോട്ട് പോയിരുന്നില്ല. കോവിഡ് പ്രതിരോധത്തിനും മറ്റു മാനുഷിക പരിഗണന ആവശ്യമായ വിഷയങ്ങൾക്കും അന്താരാഷ്ട്ര തലത്തിൽ തന്നെ മില്ല്യനുകളാണു സൗദി ഭരണകൂടം ചിലവഴിച്ചതെന്നത് ഈ സാഹചര്യത്തിൽ പ്രത്യേകം ഓർക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa