സൗദിയിൽ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കിരീടാവകാശി
റിയാദ്: സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
വരും വർഷങ്ങളിൽ ഫണ്ട് വിവിധ പദ്ധതികളുമായി മുന്നോട്ട് പോകും. രാജ്യത്തിന്റെ അഭിലാഷങ്ങൾ കൈവരിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വിവിധ പരമ്പരാഗത, ആധുനിക മേഖലകളിൽ സമഗ്രവും സുസ്ഥിരവുമായ വികസനം എന്ന ആശയം കൈവരിക്കുന്നതിനുമുള്ള പദ്ധതികളാണു ഫണ്ട് ലക്ഷ്യം വെക്കുന്നത്.
2030 ൽ 7.5 ട്രില്ല്യൻ റിയാലിൻ്റെ മൂലധനം ലക്ഷ്യമിടുന്ന സൗദി പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് 2025 ആകുംബോഴേക്കും അതിൻ്റെ മൂലധനം 4 ട്രില്യൺ റിയാലാക്കി ഉയർത്തും.
പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ മാത്രം പ്രതിവർഷം ചുരുങ്ങിയത് 150 ബില്യൻ റിയാൽ പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് നിക്ഷേപം നടത്തും. ജി ഡി പിയിലേക്ക് 1.2 ട്രില്യൻ റിയാലിൻ്റെ മൊത്ത വരുമാനം എണ്ണേതര സ്ഥാപനങ്ങൾ വഴി മാത്രം ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് വഴി ലഭ്യമാകും. 2025 അവസാനത്തോടെ രാജ്യത്ത് പ്രത്യക്ഷമായും പരോക്ഷമായും 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa