യൂസഫ് ഹാജിയെ അക്രമിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കുക: ജിദ്ദ തിരൂർ മണ്ഡലം കെഎംസിസി
ജിദ്ദ : തിരൂർ മണ്ഡലം ജിദ്ദ കെഎംസിസി മുൻ പ്രസിഡന്റ് മുന്നായികാട്ടിൽ യൂസഫ് ഹാജിയെ സദാചാര പോലീസ് ചമഞ്ഞു ആക്രമിച്ചവരെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്ന് തിരൂർ മണ്ഡലം ജിദ്ദ കെഎംസിസി ആവശ്യപ്പെട്ടു.
പ്രതികളെ ഉടൻ പിടികൂടി ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്ക് നിയമ നടപടികളിലൂടെ ശക്തമായ മുന്നറിയിപ്പ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. തിരൂർ ഏഴൂരിൽ വെച്ച് ഒരു കൂട്ടം ചെറുപ്പക്കാരാണ് തന്നെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പരിക്ക് പറ്റിയ അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തു ക്രമ സമാധാനം തകർക്കുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങളെ യോഗം ശക്തമായി അപലപിച്ചു.
തുടർന്ന് നടന്ന തിരൂർ മണ്ഡലം ജിദ്ദ കെഎംസിസിയുടെ വിജ്ഞാന സദസ്സ് എന്ന ഓൺലൈൻ പരിപാടിയിൽ ‘കോവിഡ് വാക്‌സിൻ: അറിയാം ,ആശങ്കകൾ അകറ്റാം’ എന്ന വിഷയത്തിൽ ജിദ്ദയിലെ പ്രശസ്ത ഡോക്ടർ ഷമീർ ചന്ദ്രോത് (Internal Medicine Specialist , ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ) സെമിനാർ എടുത്തു. കോവിഡ് വാക്‌സിൻ എല്ലാവരും നിർബന്ധമായും എടുക്കണമെന്നും ഒരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ഡോസോടു കൂടി ശരീരം കോവിഡിൽ നിന്ന് പ്രതിരോധ ശേഷി കൈവരിക്കുമെന്നും , വളരെ ചുരുക്കം ആളുകൾക്ക് ചെറിയ രീതിയിലുള്ള ശരീര വേദനയോ തലവേദനയോ ആദ്യ ഒന്ന് മുതൽ ഏഴു ദിവസം വരെ ഉണ്ടായേക്കാം, അതിനപ്പുറം വേറെ ഒരു സൈഡ് എഫക്റ്റും വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രേമേഹ രോഗികളും ഹൃദയ സംബന്ധമായ രോഗികളും എത്രയും പെട്ടന്ന് വാക്‌സിൻ എടുക്കുന്നത് നല്ലതായിരിക്കും, കാരണം അത്തരം ആളുകളിൽ കോവിഡ് വേഗത്തിൽ വരാനുള്ള സാധ്യതയും രോഗ പ്രതിരോധ ശേഷി കുറവുമായിരിക്കും. തുടർന്ന് ശ്രോതാക്കളുടെ സംശയങ്ങൾക്കുള്ള സംശയ നിവാരണ സെഷനും ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി ഷമീം വെള്ളാടത് പരിപാടി നിയന്ത്രിച്ചു. പ്രസിഡന്റ് മുഹമ്മദ് യാസിദ് നന്ദിയും പറഞ്ഞു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa