Monday, November 25, 2024
Saudi ArabiaTop Stories

റിയാദ്-ജിദ്ദ റെയിൽ വേ ലൈൻ വരുന്നു; സൗദി ഗതാഗത-ലോജിസ്റ്റിക് മേഖലയെ അടിമുടി മാറ്റാൻ പുതിയ പദ്ധതികൾ

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിനെ പടിഞ്ഞാറൻ തീരദേശ നഗരമായ ജിദ്ദയുമായി റെയിൽ വഴി ബന്ധിപ്പിക്കുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസർ അറിയിച്ചു.

രാജ്യത്ത് പുതിയ ദേശീയ വിമാനകമ്പനി സ്ഥാപിക്കുമെന്നും ഗതാഗത, ലോജിസ്റ്റിക്‌സിനായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതികൾ എന്നും മന്ത്രി പ്രഖ്യാപിച്ചു.

രാജ്യത്ത് റോഡ് ശൃംഖലയുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുപുറമെ, രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും പ്രവിശ്യകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ലാൻഡ് ബ്രിഡ്ജ് പദ്ധതിയുടെ പൂർത്തീകരണവും ദേശീയ പദ്ധതിയുടെ ഭാഗമാണ്.

ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമുകളും സോണുകളും അന്താരാഷ്ട്ര വ്യോമയാന ഹബുകളും സ്ഥാപിക്കുന്നത് പദ്ധതിയിൽ പെടുന്നു. തുറമുഖ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും അതിന്റെ ശേഷി വിപുലീകരിക്കുന്നതിനും സുസ്ഥിര വികസനത്തിന് സഹായകമായ നിക്ഷേപങ്ങൾ പ്രാപ്തമാക്കുന്നതിലൂടെ സാധിക്കും.

സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ സൗദി നഗരങ്ങളിലെ ജീവിതനിലവാരം ഉയർത്തുന്നതിലാണ് ദേശീയ പദ്ധതി കേന്ദ്രീകരിച്ചിട്ടുള്ളത്. റോഡുകളിലെ മരണനിരക്ക് 52 ശതമാനം കുറയ്ക്കുക, ഊർജ്ജ ഉപഭോഗം 25 ശതമാനം കുറയ്ക്കുക, നഗരങ്ങളിലെ മൊത്തം യാത്രകളിൽ പബ്ളിക് ട്രാൻസ്പോർട്ടേഷൻ വിഹിതം 15 ശതമാനത്തിലേക്ക് ഉയർത്തുക എന്നിവ ഇതിൽ പ്രധാനമാണ്.

ദേശീയ ജിഡിപിയിൽ ഗതാഗത, ലോജിസ്റ്റിക് മേഖലയുടെ സംഭാവന നിലവിലുള്ള ആറ് ശതമാനത്തിന് പകരം 10 ശതമാനമായി ഉയർത്തും. സൗദി ഗതാഗത മന്ത്രാലയത്തിന്റെ പേര് ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം എന്നാക്കി മാറ്റുന്നത് മാറ്റുന്നത് ലോജിസ്റ്റിക് മേഖലയുടെ പ്രാധാന്യത്തെയും വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുമായി ഈ സുപ്രധാന മേഖലയെ ബന്ധിപ്പിക്കുന്നതിനെയും സൂചിപ്പിക്കുന്നുവെന്ന് മന്ത്രി പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്