49 വർഷം മുമ്പ് കപ്പലിൽ വന്ന് പ്രവാസിയായി കുടുംബത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഖാദർ അവസാനം നാട്ടിലേക്ക് മടങ്ങിയത് ജീവൻ നിലച്ച നിലയിൽ; അഷ്‌റഫ് താമരശ്ശേരിയുടെ ഉള്ളുലക്കുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു
പ്രവാസ ജീവിതത്തിലെ നിരവധി അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ച ഒരു മൃതദേഹത്തെക്കുറിച്ചും ആദ്യ കാല പ്രവാസികളെക്കുറിച്ചും എഴുതിയ കുറിപ്പ് ആരുടെയും ഉള്ളുലക്കുന്നതാണ്. അഷ്‌റഫിന്റെ കുറിപ്പ് ഇങ്ങനെ വായിക്കാം.
“രണ്ട് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒന്ന് മലപ്പുറം സ്വദേശി ഖാദര്‍, 49 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദ്വാരക എന്ന കപ്പലില്‍ വന്ന് പ്രവാസം ആരംഭിച്ചതാണ്. ഹ്യദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്.
കാര്‍ കഴുകിയും അറബി കളുടെ വീട്ടില്‍ ജോലിക്ക് നിന്നുമാണ് പ്രവാസ ജീവിതത്തിന്റെ തുടക്കം. ഖാദര്‍ പ്രവാസ ജീവിത ത്തിൽ ചെയ്യാത്ത ജോലികളില്ല. വലിയ കുടുംബ ത്തിന്റെ ഭാരിച്ച ഉത്തരവാദിത്വം മൊത്തം ഖാദറിന്റെ ചുമലില്‍ ആയിരുന്നു.
സഹോദരങ്ങളെയും ബന്ധുക്കളെയും ഓരോന്നായി ഇവിടെ കൊണ്ട് ജോലി വാങ്ങിച്ച് കൊടുക്കുകയും ചെയ്തു. അവരൊക്കെ നല്ല നിലയില്‍ എത്തിയപ്പോള്‍ ഖാദര്‍ എന്ന നാമം അവര്‍ക്ക് അന്യമായി..
പ്രവാസ ജീവിതത്തിന്റെ മുഴുവന്‍ ഭാഗവും തന്റെ പ്രിയപ്പെട്ട വർക്കു വേണ്ടി ജീവിച്ച ഖാദറിന് മരിക്കുമ്പോൾ സ്വന്തമായി ഒന്നും ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം റോഡില്‍ കൂടി നടന്ന് പോകുന്ന സമയം തളര്‍ന്ന് വീഴുകയും ഉടന്‍ തന്നെ അതുവഴി പോയ ചില അപരിചിതര്‍ ആശുപത്രിയില്‍ എത്തിച്ചതു മൂലം ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചു.
പണ്ട് കാലത്ത് നാടും വീടും വിട്ട് ഈ പ്രവാസ ഭൂമിയിലേക്ക് വരുമ്പോൾ കുടെ പിറപ്പുകളെയും മറ്റും നല്ല നിലയില്‍ എത്തിക്കുവാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ് പല പ്രവാസികളും ഇവിടെ കഴിഞ്ഞ് പോകുന്നത്. സഹോദരങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും നല്ല നിലയില്‍ എത്തിച്ച് സ്വന്തം ജീവിതം മറന്നു പോയ ഒരുപാട് ഖാദര്‍മാര്‍ നമ്മുക്ക് ചുറ്റും ഇപ്പോഴും ജീവിക്കുന്നുണ്ട് അവരൊക്കെ എല്ലുകൾ നുറുങ്ങുന്ന ശാരീരിക വേദനയോടെയും കഠിനമായ മാനസിക വ്യഥയോടെയും ഈ പ്രവാസ ഭൂമിയില്‍ ജീവിക്കുന്നുണ്ട്.
ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത സ്നേഹം, മരിച്ച് കഴിയുമ്പോള്‍ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ദുഃഖം അഭിനയിച്ച് പോകുന്ന ഒരുപാട് ഉറ്റവരെയും ഉടയവരെയും ഈ എംബാംമിംഗ് സെന്‍ററിന് ചുറ്റും ഞാന്‍ കാണാറുണ്ട്. നിങ്ങള്‍ ആരെ കാണിക്കുവാ നാണ് ഇത്രയധികം അഭിനയിക്കുന്നത്..? സമൂഹത്തെ ബോധിപ്പിക്കുവാനാണോ? എങ്കില്‍ തെറ്റ് പറ്റി ഇതെല്ലാം കാണുന്ന ഒരാളുണ്ട്, ഈ ലോകത്തിന്റെ നാഥന്‍- റബ്ബില്‍ ആലമീനായ തമ്പുരാന്‍- അവിടെ നിങ്ങളുടെ ഒരു കണ്‍വെട്ട് വിദ്യയും ചെലവാകില്ല.
സഹോദരങ്ങളെ, നമ്മളും നാളെ അവിടെത്തെ വിളിക്ക് ഉത്തരം നല്‍കിയെ പറ്റു. നമ്മള്‍ ചെയ്ത നന്മ- തിന്മകളെ വേര്‍തിരിക്കു ന്ന വിചാരണയില്‍ എല്ലാവരും കാണും.
പടച്ച തമ്പുരാന്‍ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ, ആമീന്‍
അല്ലാഹു ഖാദറിക്കായുടെ കബറിനെ വിശാലമാക്കി കൊടുക്കുകയും പാപങ്ങളെ പൊറുത്തു കൊടുക്കുകയും ചെയ്യുമാറാകട്ടെ, ആമിന്‍.
അഷ്റഫ് താമരശ്ശേരി
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa