സൗദിയുമായി ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെടണമെന്ന ആവശ്യം ശക്തമാകുന്നു
അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ സെപ്തംബർ 30 വരെ നീട്ടിയതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് സൗദിയുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഒപ്പിടണമെന്ന ആവശ്യം ശക്തമാകുന്നു.
ചില സാഹചര്യങ്ങൾ മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ധാരണയാണ് എയര്‍ ബബിള്‍ സംവിധാനം.
എയർ ബബിൾ കരാറിൽ ഏർപ്പെട്ടാൽ മാത്രമേ നേരിട്ട് സൗദിയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സാധാരണ രീതിയിൽ ടിക്കറ്റ് ബുക്കിംഗുകളും മറ്റും നടത്താനും വിമാനക്കംബനികൾക്ക് സാധാരണ രീതിയിൽ സർവീസ് നടത്താനും സാധിക്കുകയുള്ളൂ.
എയർ ബബിൾ കരാർ നിലവിൽ വന്നില്ലെങ്കിൽ ചാർട്ടേഡ് ഫ്ളൈറ്റുകൾ വഴി മാത്രമേ നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ സാധിക്കുകയുള്ളൂ.
സ്വാഭാവികമായും ചാർട്ടേഡ് ഫ്ളൈറ്റുകൾക്ക് നോർമൽ റേറ്റിനേക്കാൾ അധികം ടിക്കറ്റ് തുക നൽകേണ്ടി വരും. ഇപ്പോൾ സൗദിയിലേക്ക് നേരിട്ട് മടങ്ങുന്ന പ്രവാസികൾക്ക് 24,000 രൂപയോളം ടിക്കറ്റ് ചിലവ് വരുന്നുണ്ട്. അതേ സമയം എയർ ബബിൾ കരാർ വന്നാൽ സർവീസുകൾ നോർമൽ ആയി നടക്കുകയും ടിക്കറ്റ് തുക കുറയുകയും ചെയ്യും. അതോടൊപ്പം ഇഷ്ടാനുസരണം ടിക്കറ്റുകൾ മാറ്റാനും മറ്റും സാധിക്കുകയും ചെയ്യും.
സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നേരിട്ട് സൗദിയിലേക്ക് പറക്കുന്നതിനു അനുമതി ലഭിച്ചതോടെ വരും ദിനങ്ങളിൽ സൗദിയിൽ നിന്ന് നാട്ടിലേക്ക് വരാൻ ഉദ്ദേശിക്കുന്നവരുടെ എണ്ണം വർദ്ധിക്കും. എന്നാൽ അവർക്കും നിലവിൽ ചാർട്ടേഡ് ഫ്ളൈറ്റുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.
നിലവിൽ യു എ ഇ , കുവൈത്ത്, ബഹ്രൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാർ ഉണ്ടാക്കിയത് കൊണ്ടാണ് പ്രസ്തുത രാജ്യങ്ങളിലേക്ക് സാധാരണ രീതിയിൽ സർവീസുകൾ നടക്കുന്നത്.
കൊറോണ പ്രതിസന്ധി മൂലം കഴിഞ്ഞ ഒന്നര വർഷമായി ഇന്ത്യ അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് വരെ സൗദി അറേബ്യയുമായി എയർ ബബിൾ കരാറിൽ ഏർപ്പെടാൻ സാധ്യമാകാത്തത് എന്ത് കൊണ്ടാണെന്നാണ് പ്രവാസികൾക്ക് ചോദിക്കാനുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa