സമ്പൂർണ്ണ ആരോഗ്യത്തിനായി സൈക്കിൾ സവാരി ശീലമാക്കുക:കോൺസുൽ ജനറൽ
ജിദ്ദ: മാനസികവും ശാരീരികവുമായ പൂർണ്ണ ആരോഗ്യത്തിന് സൈക്കിൽ സവാരി ശീലമാക്കണമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു
ഐ പി ഡബ്ലിയു എഫ് (ഇന്ത്യൻ പിൽഗ്രിംസ് വെൽ ഫെയർ ഫോറം) സൈക്ലിംഗ് ക്ലബ് ഒന്നാം വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പഠന കാലത്ത് എല്ലാ ദിവസവും ആറ് കിലോ മീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ചതിന്റെ ഓർമ്മകൾ സദസിൽ പങ്കുവെച്ചു. അന്ന് ശരീരത്തിനും മനസ്സിനും ലഭിച്ച ഗുണകരമായ ഊർജ്ജത്തെ ജീവിതത്തിൽ പ്രയോജനപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു.
2021 ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ഒരു വർഷം പൂർത്തിയാക്കുകയാണ് ഐ പി ഡബ്ലിയു എഫ് സൈക്ലിംഗ് ക്ലബ്. ഇന്ത്യ സൗദി നയതന്ത്ര ബന്ധത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സൗദിയിലെ ഇന്ത്യൻ എമ്പസിയും ജിദ്ദ കോൺസുലേറ്റും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘ആസാദി കി അമൃത്’ എന്ന പരിപാടിയുടെ ഭാഗമായി ഐ പി ഡബ്ലിയു എഫ് സൈക്ലിംഗ് ക്ലബ് ‘സൈക്ലോത്തൊൻ’ എന്ന പേരിൽ സൈക്കിൾ സവാരി സംഘടിപ്പിച്ചിരുന്നു. സൗദി ദേശീയദിനത്തിൽ ജിദ്ദയിൽ സൈക്ലോത്തോണിന്റെ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യക്കാരായ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.
കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘സൈക്ലോത്തൊൻ’ സൈക്കിൾ സവാരിയിൽ പങ്കെടുത്ത് ലക്ഷ്യം പൂർത്തീകരിച്ച് വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ആധുനിക കാല ഘട്ടത്തിൽ സൈക്കിൾ സവാരിയുടെ പ്രധാന്യം ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഐ പി ഡബ്ലിയു എഫ് സൈക്കിൾ ക്ലബിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് അയ്യൂബ് ഹക്കീം പറഞ്ഞു.
വൈസ് കോൺസുൽ ജനറൽ വൈ സാബിർ, കോൺസുൽ മാലതി ഗുപ്ത, ഡോ ഷക്കീല ഖാതൂം, ഡോ അഹമ്മദ് ആലുങ്ങൽ, മാസ്റ്റർ ജാവേദ്, മിസ് ജുവേരിയ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ട്രഷറർ ഹാഫിസ് ഫർഹാൻ അബ്‌ദു റബ്ബിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി കോഡിനേറ്റർമാരായ അബ്ദുറഹ്മാൻ, ലിയാഖത്ത് കോട്ട തുടങ്ങിയവർ നിയന്ത്രിച്ചു. ലേഡി കോഡിനേറ്റർ അഫ്രീൻ നന്ദി പറഞ്ഞു.
വിവിധ പുരസ്‌കാരങ്ങൾക്ക് അർഹരായവരും സംഘാടകരും കോൺസുൽ ജനറലും കേക്ക് മുറിച്ചും, സൈക്കിൾ ചവിട്ടിയും, വർണ്ണങ്ങൾ വിതറിയും ആഘോഷത്തിന്റെ ഭാഗമായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa