സൗദി യാത്രയുമായി ബന്ധപ്പെട്ട് പ്രവാസികൾ പുതുതായി ഉന്നയിക്കുന്ന ചില സംശയങ്ങൾക്ക് മറുപടി
സൗദി യാത്രയുമായി ബന്ധപ്പെട്ട് പ്രവാസി സുഹൃത്തുക്കൾ അടുത്ത ദിവസങ്ങളിലായി അറേബ്യൻ മലയാളിയോട് ചോദിക്കുന്ന പുതിയ 6 സംശയങ്ങളും അവക്കുള്ള മറുപടിയും താഴെ കൊടുക്കുന്നു.
1.നാട്ടിൽ നിന്നും വാക്സിനെടുത്ത പല പ്രവാസികളും സൗദിയിലേക്ക് 14 ദിവസ ക്വാറൻ്റീൻ ഇല്ലാതെ കടക്കുന്നതായി പലരും പറയുന്നു. അത് ശരിയാണോ? അതിൽ അപകടമുണ്ടോ?
ഉത്തരം: അത്തരത്തിൽ പ്രവേശിക്കുന്നുണ്ടെങ്കിൽ അത് അനധികൃതവും പിന്നീട് സൗദി അധികൃതർക്ക് അതിനെക്കുറിച്ച് വിവരം ലഭിക്കുന്നതോടെ കനത്ത ശിക്ഷ ലഭിക്കുന്നതുമായ വലിയ കുറ്റ കൃത്യമാണ്. സൗദിയുടെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾക്ക് തന്നെ വലിയ വെല്ലു വിളി ഉയർത്തുന്ന പാതകം കൂടിയാണത്. ഈ രീതിയിൽ കടക്കാൻ ശ്രമിച്ച ഇരുനൂറിലധികം പേരെ കഴിഞ്ഞ ദിവസം അതിർത്തിയിൽ നിന്ന് തിരിച്ചയച്ചത് അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ലാഭക്കണ്ണ് കൊണ്ട് പ്രവർത്തിക്കുന്ന ചിലരുടെ ഇത്തരത്തിലുള്ള പ്രവർത്തനം മൂലം നിയമ പരമായി പോകുന്നവരുടെ കര മാർഗമുള്ള സൗദി പ്രവേശനം പോലും തടയപ്പെടുമെന്ന ആശങ്കയിലാണിപ്പോൾ പ്രവാസികളുള്ളത്. അത് കൊണ്ട് തന്നെ 14 ദിവസം ദുബൈയിലോ മറ്റോ താമസിച്ച് നിയമപരമായി സൗദിയിലേക്ക് കടക്കുക. മറ്റുള്ളവർക്ക് കൂടി പ്രയാസം ഉണ്ടാക്കാതിരിക്കുക.
2. നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം മറ്റൊരു രാജ്യത്ത് ക്വാറൻ്റീനിൽ കഴിഞ്ഞ ശേഷം സൗദിയിൽ എത്തിയ ഒരാൾ പിന്നീട് നാട്ടിലേക്ക് അവധിയിൽ പോകുകയും വീണ്ടും സൗദിയിലേക്ക് മടങ്ങിപ്പോകുന്ന സമയം 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതുണ്ടോ?
ഉത്തരം: 14 ദിവസം സൗദിയിലേക്ക് വിലക്കില്ലാത്ത ഒരു രാജ്യത്ത് താമസിക്കേണ്ടി വരും. കാരണം നിലവിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആരോഗ്യ പ്രവർത്തകർക്കും ഡിപ്ളോമാറ്റ്സിനും അദ്ധ്യാപകർക്കും എംബസി, അന്താരാഷ്ട്ര സംഘടനകൾ എന്നിവിടങ്ങളിലെ സാധാരണ ജീവനക്കാർക്കും മാത്രമേ സൗദിയിലേക്ക് നേരിട്ട് പോകാൻ അനുമതിയുള്ളൂ.
3. കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ച സാഹചര്യത്തിൽ കോവാക്സിൻ സ്വീകരിച്ചവർക്ക് ഇനി സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ഒഴിവാക്കിക്കിട്ടുമോ?
കോവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ടെങ്കിലും സൗദി അംഗീകരിച്ചിട്ടില്ല. സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ സൗദിയിലെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ഒഴിവാകുകയുള്ളൂ.
4.സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം നാട്ടിൽ ഫൈനൽ എക്സിറ്റിൽ എത്തിയ ആൾക്ക് പുതിയ തൊഴിൽ വിസയിലോ വിസിറ്റ് വിസയിലോ നേരിട്ട് സൗദിയിലേക്ക് നേരിട്ട് പോകാാൻ സാധിക്കുമോ ?
ഉത്തരം: നേരിട്ട് പോകാൻ സാധിക്കും. കാരണം അവർ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് . മറ്റു യാത്രാ രേഖകൾ ശരിയെന്ന് ഉറപ്പ് വരുത്തിയാൽ മതി എന്നാണു ജവാസാത്ത് മറുപടി.
5.ഇത്തരത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് എക്സിറ്റിൽ വന്ന ചിലരെ ചില എയർലൈൻ കംബനികൾ പുതിയ വിസയിൽ നേരിട്ട് പോകാൻ അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്. അവർ എന്ത് ചെയ്യണം?
ഉത്തരം: ഏതെങ്കിലും ഉദ്യോഗസ്ഥർ അത്തരത്തിൽ യാത്രക്ക് മുടക്കം പറയുകയാണെങ്കിൽ അവർക്ക് ജവാസാത്ത് അനുമതിയുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കുക. ജവാസാത്തിൻ്റെ ട്വിറ്ററിൽ അവർ വ്യക്തമായിത്തന്നെ ഇത്തരത്തിൽ പോകാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം അത്തരത്തിൽ ബോഡിംഗ് അനുവദിക്കുന്നതിനു വൈമനസ്യം കാണിക്കുന്ന ചുരുക്കം വിമാനക്കംബനികളെ ഒഴിവാക്കി യാത്ര അനുവദിക്കുന്ന കംബനികളുടെ ഫ്ളൈറ്റ് ടിക്കറ്റ് എടുക്കാനും ശ്രമിക്കുക.
6.ഫാമിലി വിസയിൽ ഉള്ളവരെ, അവരുടെ കുടുംബ നാഥൻ രണ്ട് ഡോസ് വാക്സിൻ സൗദിയിൽ നിന്ന് എടുത്തയാളാണെങ്കിൽ അയാൾ നാട്ടിലെത്തിയ ശേഷം 14 ദിവസ ക്വാറൻ്റീൻ ഇല്ലാതെ നേരിട്ട് കൊണ്ട് പോകാൻ പറ്റുമോ?
ഉത്തരം: 18 വയസ്സിനു മുകളിലുള്ളവരാണെങ്കിൽ നേരിട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്നാണു നിയമം. 18 വയസ്സിനു താഴെയുള്ളവരാണെങ്കിൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത രക്ഷിതാവിൻ്റെ കൂടെ നേരിട്ട് പോകാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa