Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ മൊബൈൽ സിം ഉണ്ടാക്കിയ ഊരാക്കുടുക്ക് കാരണം മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക

ദമാം: ഒരു മൊബൈൽ സിം കാരണം മലയാളി യുവാവ് നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന വാർത്ത സൗദിയിലെ മലയാളം ന്യൂസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് മാൻ ആയ ആലപ്പുഴ ഹരിപ്പാട് സ്വദേശി അനിൽ ആണ് സിം വാങ്ങിയതിന്റെ പേരിൽ ഊരാക്കുടുക്കിൽ പെട്ട് ദമാമിൽ കഴിയുന്നത്.

2019 ൽ ദമാം സീക്കോക്ക് സമീപത്ത് നിന്നുള്ള ഒരു കടയിൽ നിന്ന് വിർജിൻ കംബനിയുടെ ഒരു സിം വാങ്ങിയതായിരുന്നു അനിൽ. ബംഗാളിയായ സെയിൽസ്‌മാൻ ഇഖാമ കോപിയും ഫിംഗർ പ്രിൻ്റും അടക്കമുള്ള നടപടിക്രമങ്ങൾ വഴി തന്നെ നൽകിയതായിരുന്നു സിം എന്ന് അനിൽ പറയുന്നു.

അനിൽ ഭാര്യയും മൂന്ന് മക്കളുമൊന്നിച്ചായിരുന്നു താമസം. നാട്ടിൽ പോകാൻ റി എൻട്രി ഇഷ്യു ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു തനിക്ക് യാത്രാ വിലക്കുള്ളതായി അറിഞ്ഞത്.

തുടർന്ന് അനിൽ തൻ്റെ സഹ പ്രവർത്തകരുമൊന്നിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു യമനിയുടെ അക്കൗണ്ടിൽ നിന്ന് 6100 റിയാൽ കവർന്നതുമായി ബന്ധപ്പെട്ടായിരുന്നു തൻ്റെ പേരിൽ കേസ് രെജിസ്റ്റർ ചെയ്തിരുന്നത് എന്ന് മനസ്സിലായി.

അനിലിൻ്റെ പേരിൽ എടുത്ത ഒരു മൊബൈൽ നംബറിൽ നിന്ന് യമനിക്ക് ഒ ടി പി കൺഫേം ചെയ്യാനെന്ന് പറഞ്ഞ് കാൾ ചെല്ലുകയും മറുപടി നൽകിയ യമനിയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു. ഇത് പോലീസ് കേസാക്കിയതാണു അനിലിനു വിനയായത്.

പിന്നീട് തൻ്റെ ഇഖാമ നംബറിൽ പത്തോളം വ്യാജ സിമുകൾ നില നിൽക്കുന്നതായി അനിലിനു മനസ്സിലായി.ശേഷം പോലീസ് സ്റ്റേഷനിലും പബ്ളിക് പ്രോസിക്യൂഷനിലും ഹാജരായ അനിലിനെതിരെ തെളിവൊന്നും ഇല്ലാതിരുന്നതിനാൽ ജാമ്യം ലഭിച്ചു.

അതേ സമയം കേസ് പൂർത്തിയാക്കാൻ കഴിയാതെ നാട്ടിൽ പോകാൻ സാധിക്കാതിരുന്നതിനാൽ തൻ്റെ മാതാവിൻ്റെയും പിതാവിൻ്റെയും വിയോഗ സമയത്ത് അനിലിനു ദമാമിൽ തന്നെ കഴിയേണ്ടി വന്നു. മനസ്സ് മടുത്ത അനിൽ തൻ്റെ ഭാര്യയെയും കുട്ടികളെയും നാട്ടിലെക്കയക്കുകയും ചെയ്തു.

ഇതിനിടെ കേസിലെ പരാതിക്കാരനായ യമനിയുമായി അനുരഞ്ജന ചർച്ചകൾ നടത്തുകയും തൻ്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയും ചെയ്ത അനിൽ യമനിക്ക് നഷ്ടപ്പെട്ട തുക നൽകുകയും കേസ് പിൻ വലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യമനി കേസ് പിൻ വലിച്ചെങ്കിലും സാങ്കേതികത്വങ്ങൾ കാരണം അനിലിൻ്റെ നാട്ടിലേക്കുള്ള മടക്ക യാത്ര ഇപ്പോഴും സാധ്യമായിട്ടില്ല എന്നതാണു ദു:ഖകരം.

വിഷയത്തിൽ പരിഹാരം കാണാനായി സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണു അനിലിനെ സഹായിക്കുന്നത്. തങ്ങളുടെ പേരിലുള്ള സിം കാർഡുകളുടെ ഡീറ്റെയിൽസ് അറിയാൻ മാർഗങ്ങൾ ഉണ്ടെന്നിരിക്കേ പ്രവാസികൾ അത്തരം സൗകര്യങ്ങൾ ഉപയോഗിച്ച് അവ ചെക്ക് ചെയ്യണമെന്നും അല്ലെങ്കിൽ ഇത്തരം കുരുക്കുകൾക്ക് സാധ്യതയുണ്ടെന്നും ഇതിനെ നിസ്സാരമാക്കിക്കാണരുതെന്നും നാസ് വക്കം ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്