ഒരു ഗ്രാമത്തിന്റെ മുന്നൂറ് വർഷത്തെ ചരിത്രം അടയാളപ്പെടുത്തി ‘പൂങ്ങോട് ദേശം നമ്പർ 214’
ജിദ്ദ: ഒരു ഗ്രാമത്തിന്റെ മുന്നൂറ് വർഷത്തെ ചരിത്രം അടയാളപ്പെടുത്തിയ ‘പൂങ്ങോട് ദേശം നമ്പർ 214’ എന്ന മാഗസിൻ പ്രാദേശിക ഗവേഷകർക്ക് ഇടയിൽ സ്ഥാനം പിടിക്കുന്നു. മലപ്പുറം ജില്ലയിലെ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് നിവാസികളുടെ പ്രവാസി കൂട്ടായ്മ പുറത്തിറക്കിയ ‘പൂങ്ങോട് ദേശം നമ്പർ 214’ എന്ന ചരിത്ര മാഗസിന്റെ സൗദിതല പ്രകാശനം ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് പി.എം. മായിൻകുട്ടി, കൂട്ടായ്മ പ്രസിഡന്റ് വി.പി. ഷിയാസ് എന്നിവർ നിർവഹിച്ചു. സാദിഖലി തുവ്വൂർ, കബീർ കൊണ്ടോട്ടി, സുൽഫിക്കർ ഒതായി എന്നിവർ ആശംസകൾ നേർന്നു.
അഞ്ച് വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെയും പഠനങ്ങളുടെയും ഫലമാണ് ചരിത്ര മാഗസിന്റെ പിറവി എന്ന് ഭാരവാഹികൾ പറഞ്ഞു. നൂറ്റാണ്ടുകൾ മുമ്പ് വയലുകളും കാർഷിക സംസ്കാരവും രൂപപ്പെട്ടത് മുതൽ പുതിയ കാലത്തെ സ്പന്ദനങ്ങൾ വരെ മാഗസിൻ വരച്ചുകാണിക്കുന്നു.
സാമൂതിരിയുടെ കാലം മുതൽ വിവിധ ഭരണങ്ങൾക്കുകീഴിൽ വന്ന മാറ്റങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നുണ്ട്. പൂങ്ങോടിനെക്കുറിച്ചുള്ള 1800കളിലെ ബ്രിട്ടീഷ് രേഖകൾ മാഗസിനിലൂടെ വെളിച്ചം കാണുന്നു. പൂങ്ങോട് അടക്കമുള്ള പ്രദേശങ്ങളെ ഭരിച്ചിരുന്ന ജന്മി തറവാടായ പാണ്ടിക്കാട് മരനാട്ടു മനയുടെ ഇതുവരെ പ്രകാശിതമാകാത്ത ചരിത്രവും മാഗസിനിലുണ്ട്.
പൂങ്ങോടിന്റെ വിദ്യാഭ്യാസം, ഗതാഗതം, വ്യാപാരം, കൃഷി, രാഷ്ട്രീയം, വിനോദം, ആരോഗ്യം, മതരംഗം തുടങ്ങിയവയുടെ വിശദമായ ചരിത്രത്തിലൂടെ സഞ്ചരിച്ച് അരനൂറ്റാണ്ടിലെത്തുന്ന പൂങ്ങോടിന്റെ പ്രവാസ ചരിത്രത്തെ വരെ സമഗ്രമായി മാഗസിൻ വരച്ചിടുന്നു. ആദ്യകാല പ്രവാസത്തിന്റെ പൊള്ളുന്ന ഓർമകളും ഗൾഫ് കൂട്ടായ്മകളുടെ രസകരമായ അനുഭവങ്ങളും മാഗസിൻ പങ്കുവെക്കുന്നു.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർ, അത്യപൂർവങ്ങളായ നിരവധി ചിത്രങ്ങൾ, കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെയും മാധ്യമപ്രവർത്തകരുടെയും കുറിപ്പുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി മുന്നൂറിലധികം പേജുകളിൽ നൂതന ഡിസൈനിങ് സംവിധാനത്തിലൂടെയാണ് മാഗസിൻ തയാറാക്കിയിരിക്കുന്നത്. ഷാനവാസ് പൂളക്കൽ, സലാം സോഫിറ്റൽ, അൻവർ പൂന്തിരുത്തി, വിനു (ജെ എൻ എച്ച്)സക്കീർ ചോലക്കൽ, ഒ.കെ. സലാം, പി. അബ്ദുൽ റസാഖ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
നാട്ടിൽനിന്നും ഉംറ നിർവഹിക്കാനും സന്ദർശക വിസയിലുമെത്തിയ പ്രവാസി കൂട്ടായ്മ അംഗങ്ങളുടെ കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു. പി.എം.എ. ഖാദർ സ്വാഗതവും വി.പി. ഷാനവാസ് ബാബു നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa