എയർപോർട്ട് ഹെൽത്ത് ഓഫീസർമാരുടെ കനിവിനായി കാത്തിരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ
പ്രവാസ ലോകത്ത് വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കാൻ ശ്രമിക്കുമ്പോൾ തടസ്സമായി നിൽക്കുന്ന നാട്ടിലെ ചില ഉദ്യോഗസ്ഥരുടെ നിലപാടുകളെ വിമർശിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവൂർ റിയാദ് എഴുതിയ കുറിപ്പ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടത് തന്നെയാണ്. സിദ്ദീഖ് തുവ്വൂരിന്റെ കുറിപ്പ് ഇങ്ങനെ വായിക്കാം.
“വർഷങ്ങളായി വീട് വിട്ട് പ്രവാസലോകത്തെ ത്തിയ സഹോദരങ്ങൾ മരണപ്പെട്ടാൽ മുസ്ലീം സഹോദരങ്ങളാണെങ്കിൽ മൃതദേഹം ഇവിടെ മറവ് ചെയ്യാനാണ് ആവശ്യപ്പെടാറുള്ളത്. അമുസ്ലിം സഹോദരങ്ങൾക്ക് അവരുടെ മറ്റു കർമ്മങ്ങൾ ചെയ്യാനുള്ളത് കൊണ്ട് നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കും. കുഞ്ഞു മക്കളുൾപ്പെടെ ആ മുഖം അവസാനമൊന്ന് കാണണമെന്ന് ആഗ്രഹമറിയിക്കുമ്പോൾ മാനസികമായി വല്ലാത്ത പ്രയാസത്തിലാകും ഞങ്ങൾ. എങ്ങനെയെങ്കിലും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടി രേഖകൾ നാട്ടിലെ എയർപോർട്ടിലേക്കയക്കുമ്പോൾ എംബാം സർട്ടിഫിക്കറ്റില്ലാതെ എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ അനുമതി ലഭിക്കില്ല എന്നായിരിക്കും മറുപടി.
സൗദിയിലെ നിയമമനുസരിച്ച് ഇന്ത്യയിലെ എയർപോർട്ടിൽ നിന്നും അനുമതി (OK to forward) ലഭിച്ച ശേഷമാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പല ആശുപത്രികളിലും എംബാം ചെയ്യുന്നത്. ഇന്ത്യയിൽ നിന്നും അനുമതി ലഭിക്കാനായി എമ്പസി NOC, മരണപ്പെട്ടയാളുടെ പാസ്സ്പോർട്ട് കോപ്പി, ഡെത്ത് റിപ്പോർട്ട്, ഡെത്ത് സർട്ടിഫിക്കറ്റ്, പകർച്ച വ്യാധിയില്ല എന്നതിൻ്റെ സർട്ടിഫിക്കറ്റ് , എംബാം സർട്ടിഫിക്കറ്റ് എന്നിവയിൽ എംബാം സർട്ടിഫിക്കറ്റ് ഒഴികെ മറ്റു രേഖകൾ ബുക്കിങ്ങിന് വേണ്ടി അയക്കാം.
എംബാം ചെയ്യാതെ എംബാം സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്ന യാഥാർത്ഥ്യം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഈ ഓഫീസർമാർക്ക് (APHO) മനസ്സിലാകുന്നില്ല.
ഇന്ത്യയിലെ എയർപോർട്ടിൽ നിന്ന് അനുമതി ലഭിച്ചാൽ എംബാം ചെയ്ത ഉടനെ ഈ സർട്ടിഫിക്കറ്റ് ലഭിക്കുകയും, മൃതദേഹം എയർപോർട്ടിലേക്ക് കൊണ്ട് പോകുന്നതിന് മുമ്പ് തന്നെ ഈ സർട്ടിഫിക്കറ്റ് അയക്കുകയും ചെയ്യാം. ഈ വിഷയം ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ ദുബൈയിൽ നിന്ന് വരുന്നുണ്ടല്ലൊ? സൗദിയിൽ നിന്ന് എന്ത് കൊണ്ട് നേരത്തെ കിട്ടുന്നില്ല എന്ന ചോദ്യമാണ് തിരിച്ചുന്നയിക്കുന്നത്. എംബാം സർട്ടിഫിക്കറ്റില്ലാതെ അനുമതി തരാൻ പറ്റില്ല എന്നാണവരുടെ മറുപടി.
ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം പലപ്പോഴും മൃതദേഹം നാട്ടിലയക്കാൻ ഞങ്ങൾ പ്രയാസപ്പെടുകയാണ്. നാൽപത് ദിവസം മുമ്പ് മരണപ്പെട്ട ഒരു തമിഴ്നാട് സ്വദേശിയുടെ ഇത്തരം ഒരു വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ എയർപോർട്ട് ഹെൽത്ത് ഓഫീസറുമായി മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചതിനു ശേഷമാണ് അനുമതി നൽകിയത്. ഇന്ത്യൻ എമ്പസി ഉദ്യോഗസ്ഥരെ ഈ വിഷയം ബോധിപ്പിച്ചു. വിദേശകാര്യ സഹമന്ത്രി ശ്രീ.മുരളീധരൻ്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പരാതി മെയിലായി അയക്കാൻ ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി ശ്രീ.സ്റ്റാലിൻ്റെ ഓഫീസുമായും ,ചെന്നൈ എയർപോർട്ട് എമിറേറ്റ്സ് ഓഫീസുമായും ബന്ധപ്പെട്ടു.
എംബാം ചെയ്യാതെ സർട്ടിഫിക്കറ്റ് വേണമെന്നതിൻ്റെ യുക്തി ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. എംബാം സർട്ടിഫിക്കറ്റില്ലാതെ ബോഡി അയക്കാൻ അനുമതി നൽകിയ ശേഷം ബോഡി അയക്കുന്നതിൻ്റെ ഏതാനും മണിക്കൂർ മുമ്പ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഇമെയിലയക്കാനും , ഒറിജിനൽ എംബാം സർട്ടിഫിക്കറ്റ് ബോഡിയോടൊപ്പം അയക്കാനും ആവശ്യപ്പെട്ട് കൊണ്ട് ഈ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്. മനുഷ്യത്വമുള്ള ഏതെങ്കിലും ഹെൽത്ത് ഓഫീസർമാർ ഈ കുറിപ്പ് കാണുമെന്ന് പ്രതീക്ഷിക്കുന്നു. മരണപ്പെട്ടവരുടെ ബന്ധുക്കളോടും, മൃതദേഹങ്ങളോടും കരുണ കാണിക്കണമെന്ന അപേക്ഷയോടെ”.
സിദ്ദീഖ് തുവ്വൂർ.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa