Monday, November 25, 2024
Jeddah

അൽ ഹുദാ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു

ജിദ്ദ: അൽ ഹുദാ മദ്റസയുടെ 2022-23 അധ്യയന വർഷത്തിന് പ്രാരംഭം കുറിച്ചുകൊണ്ട് മദ്രസാ പ്രവേശനോത്സവം സംഘടിപ്പിച്ചു. രണ്ട് വര്‍ഷത്തിനു ശേഷം മദ്രസയിലേക്ക് എത്തിയ കുട്ടികളെ അധ്യാപകർ മധുരവും സമ്മാനങ്ങളും നല്‍കി സ്വീകരിച്ചു.

ഷറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ ഭാരവാഹികളും മദ്രസാ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈൻ രംഗത്തേക്ക് ചുവടുമാറ്റിയ മദ്രസ രണ്ടു വർഷത്തിന് ശേഷമാണ് പുനരാരംഭിക്കുന്നത്. തദവസരത്തിൽ മദ്രസാ പഠനത്തിന്‍റെ അനിവാര്യതയും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം ഓഫ്‌ലൈനിലേക്ക് തിരിച്ചു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രിൻസിപ്പൽ ലിയാഖത്തലി ഖാന്‍ കുട്ടികളെ ഓര്‍മ്മപ്പെടുത്തി.വിദ്യർത്ഥികളായ ദര്‍റ ഫിറോസ്‌, അമാന സാജിദ്, ആലിയ, അലാ, ഇസ്സാ സാജിദ് തുടങ്ങിയവർ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

കോഴിക്കോട് ആസ്ഥാനമായുള്ള സി ഐ ഇ ആർ സിലബസനുസരിച്ച് പ്രവർത്തിക്കുന്ന അൽ ഹുദാ മദ്രസ, ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും മന:പ്പാഠമാക്കുന്നതിനും പ്രാമുഖ്യം നല്‍കുന്നതോടൊപ്പം അനുഷ്ഠാനങ്ങളിലെ പ്രായോഗിക രീതികള്‍, ഇസ്ലാമിക ചരിത്രം, നിത്യജീവിതത്തിലെ പ്രാര്‍ത്ഥനകള്‍ തുടങ്ങി കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പഠന രീതിയാണ് പിന്തുടരുന്നത്.

നിലവിൽ ബുധൻ വ്യാഴം ദിനങ്ങളിൽ ഒരു ബാച്ചും വെള്ളിയാഴ്ചയിൽ മറ്റൊരു ബാച്ചും പ്രവർത്തിച്ചു വരുന്നു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇസ്ലാമിക സംസ്കാരത്തില്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇതൊരു സുവര്‍ ണ്ണാവസരമായിരിക്കുമെന്ന് മദ്രസ കൺവീനർ ജമാൽ ഇസ്മായിൽ അറിയിച്ചു.അഡ്മിഷനും കൂടുതല്‍ വിവരങ്ങൾക്കും 057 246 6073 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa