Saturday, September 21, 2024
Jeddah

ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ നാല്പതാം വാർഷികം: പാരൻ്റിംഗ് സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ : ആറ് മാസക്കാലം നീണ്ടുനിൽക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ നാല്പതാം വാർഷിക ക്യാമ്പയിന്റെ ഭാഗമായി, സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അൽ ഹുദാ മദ്‌റസ പാരന്റ്സ് ഫോറം ‘നമ്മുടെ മക്കൾ നന്മയുടെ പൂക്കൾ’ എന്ന ശീർഷകത്തിൽ പാരന്റിംഗ് സെമിനാർ സംഘടിപ്പിച്ചു.

ഷറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ അദ്ധ്യാപകനും പാരൻ്റിംഗ് കൗൺസലറുമായ അബ്ദുൽ ജലീൽ മദനി വിഷയാവതരണം നടത്തി .
ചോദ്യങ്ങൾ ചോദിക്കാനും അവയിൽ നിന്ന് ഉത്തരങ്ങൾ കണ്ടെത്താനും മക്കളെ പ്രാപ്തരാക്കുവാൻ രക്ഷിതാക്കൾക്ക് സാധിക്കേണ്ടതുണ്ടെന്നും അതിലൂടെ പുതിയ ലോകത്തെ വായിച്ചെടുക്കാൻ മക്കൾ പ്രാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കൾ മക്കളുമായി പ്രധാനമായും നാലു തരത്തിലുള്ള ബന്ധങ്ങൾ വളത്തിയെടുക്കേണ്ടതുണ്ട്. ഇമോഷണൽ റിലേഷൻഷിപ്പ്, മെറ്റീരിയൽ റിലേഷൻഷിപ്പ്, ഫിസിക്കൽ റിലേഷൻഷിപ്പ്, മോറൽ റിലേഷൻഷിപ്പ് എന്നിങ്ങനെയുള്ള ബന്ധങ്ങളിലൂടെ മക്കളെ സുഹൃത്തുക്കളാക്കി മാറ്റാൻ മാതാപിതാക്കൾ ശ്രമിക്കണം.

മക്കൾ മാതാപിതാക്കളോട് സുഹൃത്തിനെ പോലെ പെരുമാറാൻ സാധിക്കുമ്പോൾ മാത്രമേ ഏതു വിഷയവും മാതാപിക്കളോട് ചോദിച്ചറിയുവാനും അറിവുകൾ പരസ്പരം പങ്കുവെക്കാനും കാര്യങ്ങൾ തുറന്നുപറയാനും കുട്ടികൾ തയ്യാറാവുകയുള്ളൂ , അതുകൊണ്ട് തന്നെ മക്കളുമായി ആത്മ ബന്ധം വളർത്തിയെടുക്കുവാൻ ചെറുപ്പകാലം തൊട്ടെ രക്ഷിതാക്കൾ ശീലിക്കണം.

കൗമാരക്കാരിൽ അധികരിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ലഹരിയിടെ പിടിയിൽ നമ്മുടെ മക്കൾ അകപ്പെടാതിരിക്കാൻ നിരന്തരമായ ശ്രദ്ധയും നിരീക്ഷണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മെറ്റീരിയൽ റിലേഷൻഷിപ്പിലൂടെ മക്കളുടെ ലഹരി ഉപയോഗത്തിന് തടയിടാൻ രക്ഷിതാക്കൾക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പാരൻ്റ്സ് ഫോറം ഭാരവാഹികളായ സാജിദ് പൂളക്കമണ്ണിൽ ,അബ്ദുൽ റഷാദ് കരുമാര എന്നിവർ സംസാരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q