സൗദിയിൽ നിന്ന് പോസ്റ്റ് പെയ്ഡ് സിം എടുത്ത് പണമടക്കാതെയോ കാൻസൽ ചെയ്യാതെയോ നാട്ടിലേക്ക് പോകുന്നവർ ജാഗ്രതൈ; പണി വരും
സൗദിയിലെ ടെലികോം സർവീസ് ദാതാക്കാളിൽ നിന്ന് പോസ്റ്റ് പെയ്ഡ് സിം എടുത്ത് ബിൽ അടക്കാതെയോ കാൻസൽ ചെയ്യാതെയോ നാട്ടിലേക്ക് പോയി പുതിയ വിസയിൽ വരുന്നവർക്ക് പണി കിട്ടുന്നതായി റിപ്പോർട്ട്.
താത്ക്കാലികമായി മൊബൈൽ ബിൽ അടക്കാതെ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാൻ സാധിച്ചാലും കാലമേറെ കഴിഞ്ഞാലും ഇത്തരക്കാരെ പിടി കൂടും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എക്സിറ്റടിച്ച് പുതിയ വിസയിൽ വന്നയാൾക്കും റി എൻട്രിയിൽ പോയി മൂന്ന് വർഷം കഴിഞ്ഞ് പുതിയ വിസയിൽ വന്നയാൾക്കും ഇത്തരത്തിൽ പഴയ മൊബൈൽ ബിൽ പാരയായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവർ പുതിയ ഇഖാമയിൽ എത്തി അവധിക്കായി റി എൻട്രി വിസയിൽ പോകാൻ സമയത്താണ് എയർപോർട്ട് എമിഗ്രേഷനിൽ നിന്ന് യാത്രാ വിലക്കുള്ളതായി അറിയാൻ സാധിച്ചത്.
ഇവരുടെ പഴയ ഇഖാമ നംബറിലെടുത്ത പോസ്റ്റ് പെയ്ഡിന്റെ അടക്കാത്ത ബിൽ ആണ് ഇവർക്ക് വിനയായത്.
ഈ വിവരം തൻഫീദ് കോർട്ടിൽ നിന്നാണ് ഇവർക്ക് അറിയാൻ സാധിച്ചത്. ഇവരുടെ മേലുള്ള പെൻഡിംഗ് ആയ ബില്ലുകൾ വെച്ച് മൊബൈൽ കമ്പനി കേസ് ഫയൽ ചെയ്തതായിരുന്നു കാരണം.
ഫിംഗർ പ്രിന്റുമായി പഴയതും പുതിയതുമായ എല്ലാ രേഖകളും പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ കാലം എത്ര കഴിഞ്ഞ് പുതിയ ഇഖാമയിൽ വന്നാലും പഴയ ബില്ലിലെ കുടിശ്ശിക പാരയാകും എന്ന് മേൽ സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്.
മുകളിൽ പരാമർശിച്ച വ്യക്തികൾ പിന്നീട് പെൻഡിംഗിലുള്ള ബില്ലുകൾ അടക്കുകയും യാത്രാ തടസ്സം നീങ്ങുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ താത്ക്കാലികമായി ഒരാശ്വാസം തോന്നാമെങ്കിലും ബില്ലുകൾ അടക്കാതെ നാട്ടിലേക്ക് പോകുന്നത് പിന്നീട് പുലിവാലാകുമെന്ന് ഓർക്കുക.
അതോടൊപ്പം നമ്മുടെ പേരിലുള്ള പോസ്റ്റ്പെയ്ഡ് സിം കാൻസൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും വലിയ ഉപകാരമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa