അല്പം വ്രതകാല ആരോഗ്യ ചര്യകൾ
✍️നസീമ വൈദിനി വയനാട്
ഈ ഉഷ്ണകാലത്ത് ആണ് നമ്മൾ റംസാൻ മാസത്തെ വരവേൽക്കുന്നത്.
അത്യധികം ശ്രദ്ധയും കരുതലും ഭക്ഷണ കാര്യത്തിൽ ഉണ്ടായിരിക്കേണ്ട സമയമാണിത്.
മനസമാധാനത്തിനും ശരീര നന്മക്കും അത് അത്യധികം അനുഗൃഹീതമായിരിക്കും.
കാലാവസ്ഥയെ മുഖവിലക്കെടുത്ത് കൊണ്ട് നോമ്പ് വിഭവങ്ങൾ തയ്യാറാക്കുന്നതിലും രാത്രി സമയങ്ങളിൽ കഴിക്കുന്നതിലും ഒരു വ്യക്തമായ ധാരണ ഉണ്ടാകുന്നത് നല്ലതായിരിക്കും.
ആത്മ വിശുദ്ധിയാണല്ലോ നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.ദേഹേച്ഛയെ ദൈവേച്ഛക്ക് സമർപ്പിക്കുക എന്ന് സാരം.
ശരീരം സമാധാനത്തിൽ ആയിരിക്കുമ്പോൾ ആരാധനക്ക് മനസ്സ് സജ്ജമാകുന്നു.
കാലാവസ്ഥ വ്യതിയാനവും പ്രകൃതി പ്രതിഭാസങ്ങളും മറ്റു ജീവ ജാലങ്ങളെ എന്ന പോലെ അതിലെ പ്രധാന ഭാഗമായ മനുഷ്യനെയും ഗുണ-ദോഷ സമ്മിശ്രമായി ബാധിക്കുന്നു.
ഇതിന് അനുയോജ്യമായ രീതിയിൽ ആരോഗ്യമുള്ള അവസ്ഥയിൽ ശരീരത്തെയും മനസ്സിനെയും നില നിർത്തുക എന്നതാണ് നമുക്ക് മുന്നിലുള്ള പോംവഴി.
വ്രത കർമങ്ങൾ മനസ്സിനെ എങ്ങനെ ശുദ്ധീകരിക്കുന്നുവോ അതുപോലെ പുണ്യ മാസത്തെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ ശരീര ശുദ്ധി കയ്‌വരിച്ച് ആരോഗ്യം നില നിർത്തണം.
നോമ്പിന് പള്ളിയും വീടും മനസും എന്നപോലെ ശരീരത്തെയും തയറക്കണം.
വെളിച്ചെണ്ണയോ നല്ലെണ്ണയോ ശരീരത്തിൽ തേച്ച് കുളിച്ചു ആവണക്കെണ്ണ കൊണ്ട് വയറ് ശുദ്ധിയാക്കി നോമ്പിനായി ശരീരത്തെ ഒരുക്കുക.
ഒരു ദിവസം മുമ്പെങ്കിലും പഴങ്ങളും ധാരാളം ശുദ്ധ ജലവും കഴിച്ചു തുടങ്ങുക.
കൃത്രിമ നിറങ്ങളും രാസ വസ്തുക്കൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും കഴിയുന്നത്ര ഒഴിവാക്കുക തന്നെ വേണം.
മത്സ്യ മാംസാദികൾ, പാൽ എന്നിവ ഇടകലർത്തി എണ്ണയിൽ തയാറാക്കുന്ന പലഹാരങ്ങളും മാറ്റി നിർത്തേണ്ടത് അത്യാവശ്യമാണ്.
ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിച്ച ശേഷം കക്കരിക്ക ജ്യൂസ് കുടിച്ച് നോക്കൂ.
ചിരങ്ങ പോലുള്ള പച്ചക്കറികൾ തേങ്ങാപ്പാൽ ചേർത്ത് ജ്യൂസ് അടിച്ചു കുടിക്കാനും ശ്രദ്ധിക്കുക.
ശരീരം ആൽക്കലൈൻ ആക്കി നിലനിർത്തുന്നതിന് പ്രത്യേക പരിഗണന കൊടുക്കുക.
അത് പോലെ രക്ത ശുദ്ധി വരുത്താനും മറക്കാതിരിക്കുക.
അതാത് നാടുകളിൽ സീസണൽ ആയിട്ട് ലഭ്യമാക്കുന്ന പഴങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
ശുദ്ധ ജലത്തിന് പ്രാമുഖ്യം കൊടുത്ത് ശരീരത്തിന്റെ അകവും പുറവും വൃത്തിയുള്ളതാക്കാൻ ശ്രമിക്കുന്നത് നന്നാകും.
കുറച്ച് സമയം തുറസായ സ്ഥലത്ത് ഇരുന്ന് നല്ല രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്യണം.
രാത്രിയിൽ അല്പം നല്ലെണ്ണ ശരീരത്തിൽ തേച്ചു കുളിക്കുന്നത് അകവും പുറവും ഒരുപോലെ വായു സഞ്ചാരം ഉള്ളതാക്കും എന്ന കാര്യം ഓർക്കുക.
ഏതെങ്കിലും ഒരു മില്ലറ്റ് ഉപയോഗിച്ച് കഞ്ഞി കുടിക്കുന്നത് ശീലമാക്കുക.
ഡ്രൈ ഫ്രൂട്ട്സ്, നട്സ് വർഗ്ഗങ്ങൾ എന്നിവ കുതിർത്ത് കഴിക്കാൻ ശ്രദ്ധിക്കുക.
നോമ്പുകാലങ്ങളിൽ രാത്രി സമയത്ത്
ദാഹ ശമനത്തിന് ശുദ്ധ ജലം മാത്രം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
നോമ്പ് വിഭവങ്ങളിൽ വരുത്തുന്ന ഈ വ്യത്യാസം നിങ്ങൾക്ക് നൽകുന്ന സമയ ലാഭവും സമാധാനവും ആരോഗ്യവും അത്ഭുതാവഹമായിരിക്കും.
നോമ്പ് മാസത്തിൽ നാം ശീലമാക്കുന്ന ആരോഗ്യ നിഷ്ടയുള്ള ഈ ജീവിത ക്രമം തുടർന്നും നിലനിർത്തി എല്ലാവർക്കും സന്തോഷവും സമാധാനവും ഉള്ള ദിനങ്ങൾ കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa