105 വയസ്സ് വരെ ജീവിച്ചിരുന്ന ജാപനീസ് ഡോക്ടർ ദീർഘായുസ്സിനു വേണ്ടി നൽകുന്ന നിർദ്ദേശങ്ങൾ അറിയാം
ആരോഗ്യത്തോടെ ദീർഘ കാലം ജീവിക്കാനുള്ള ഡോ. ഷിഗെകി ഹിനോഹര എന്ന ജാപ്പനീസ് ഡോക്ടറുടെ കാഴ്ചപ്പാടുകൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു .
നൂറ്റിയഞ്ച് വയസ്സുവരെ ജീവിച്ച ഡോക്ടർ , തന്റെ ജീവിത തിയറിയുടെ പ്രായോഗികത നമുക്ക് കാണിച്ചു തരുന്നുമുണ്ട്. 2017-ൽ അന്തരിച്ച ഷിഗെകി ദീർഘായുസ്സോടെ ജീവിക്കാൻ സഹായിക്കുന്നതിനായി നൽകിയ നിർദ്ദേശങ്ങൾ പരിചയപ്പെടാം.
ജോലിയിൽ നിന്ന് വിരമിക്കരുത്. റിട്ടയർമെന്റ് ജീവിതം വേണമെങ്കിൽ 65 വയസ്സിനുശേഷം ആവാം. ജോലികളിൽ വ്യാപൃതനാവുക. വിശ്രമ ജീവിതം ആരോഗ്യം ക്ഷയിപ്പിക്കും.
ഹിനോഹര തീർച്ചയായും താൻ പ്രസംഗിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കി. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ, അദ്ദേഹം രോഗികളെ ചികിത്സിച്ചു, ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്യുകയും ചെയ്തു.
പടികൾ കയറുക (നിങ്ങളുടെ ഭാരം നിയന്ത്രിക്കുക). ചിട്ടയായ വ്യായാമത്തിന്റെ പ്രാധാന്യം ഹിനോഹര ഊന്നിപ്പറഞ്ഞു . തന്റെ പേശികൾ ചലിപ്പിക്കാൻ താൻ പടികൾ (സ്റ്റെപ്സ്) കയറുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു. വളരെ നീണ്ട ജീവിതം നയിക്കുന്നവർ അമിത ഭാരം ഉള്ളവരല്ല എന്ന പൊതുവായ ഒരു കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ, അമിതവണ്ണം, രോഗാവസ്ഥയ്ക്കും മരണനിരക്കും വർദ്ധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നായി പരക്കെ കണക്കാക്കപ്പെടുന്നു.
അദ്ദേഹം മീനും പച്ചക്കറിയും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തിയിരുന്നു. മാംസം ആഴ്ചയിൽ രണ്ട് പ്രാവശ്യവും കഴിച്ചിരുന്നു. എന്നാൽ പ്രധാന ഭക്ഷണം ഒരു ദിവസം ഒരു സമയത്ത് മാത്രം ആയിരുന്നു.
നിങ്ങളെ കൂടുതൽ വ്യാപൃതനാക്കുന്ന കാര്യങ്ങൾ കണ്ടെത്തുക. ഷെഡ്യൂൾ ചെയ്ത് നിങ്ങളുടെ ആക്ടിവിറ്റീസ് പൂർത്തിയാക്കുക. ക്രമമില്ലായ്മ നിങ്ങളെ അനാരോഗ്യത്തിലേക്ക് തള്ളിവിടും. ആളുകളെ സഹായിക്കുന്നത് വളരെ മികച്ച ഒരു ആക്ടിവിറ്റി ആണ്. നിങ്ങളുടെ ഉള്ളു നിറക്കുന്ന, മനസ്സ് നിറക്കുന്ന, ജീവൻ നൽകുന്ന, ഒന്നാണ് മനുഷ്യരെ സഹായിക്കുക എന്നത്.
ജീവിതത്തിൽ നിയമങ്ങൾ വെക്കാതിരിക്കുക അത് സമ്മർദ്ദം നൽകും, റിലാക്സ് ആവുക. കുട്ടികൾ കളിച്ചു നടക്കുമ്പോൾ അവർ ഭക്ഷണം കഴിക്കാൻ മറക്കുന്നു . അത് അവരെ ബാധിക്കുന്നില്ല. ഇതേ പോലെ ആവണം മുതിർന്നവരും . പിരിമുറുക്കമില്ലാത്ത ജീവിതം ഏറെ നാൾ നീണ്ടുനിൽക്കും .
ഡോക്ടർമാർക്ക് എല്ലാം സുഖപ്പെടുത്താൻ കഴിയില്ലെന്ന് ഓർക്കുക. എപ്പോഴും ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതിനെതിരെ ഹിനോഹര മുന്നറിയിപ്പ് നൽകി. ഒരു പരിശോധനയോ ശസ്‌ത്രക്രിയയോ ഡോക്ടർമാർ നിർദ്ദേശിക്കുമ്പോൾ അത്തരമൊരു നിർദ്ദേശം ആ ഡോക്റ്റർക്ക് അദ്ദേഹത്തിന്റെ കുട്ടികൾക്കോ കുടുംബക്കാർക്കോ കൊടുക്കാൻ കഴിയുമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
നിങ്ങൾ കയ്യടക്കിയിരിക്കുന്ന ഭൗതിക വസ്തുക്കളെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കാതിരിക്കുക. കാരണം അവ നിങ്ങൾ ഒരിക്കലും കൂടെ കൊണ്ട് പോകുന്നില്ല. കലയെ സ്നേഹിക്കുക, അതിൽ പ്രചോദനവും സമാധാനവും ആനന്ദവും കണ്ടെത്തുക. ഹിനോഹര മരിക്കുമ്പോൾ മരണത്തോട് മല്ലിടാതെ കലകൾ ആസ്വദിച് ശാന്തനായാണ് മരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa