സൗദി വിസ സ്റ്റാമ്പിംഗ്; പ്രവാസികളും കുടുംബങ്ങളും ദുരിതത്തിൽ
വിസിറ്റ് വിസ , റെസിഡന്റ് വിസ എന്നിവ വി എഫ് എസ് തഅഷീറ കേന്ദ്രങ്ങൾ വഴിയാക്കിയതോടെ സൗദി പ്രവാസികളും കുടുംബാംഗങ്ങളും ദുരിതക്കയത്തിലായിരിക്കുകയാണിപ്പോൾ.
വി എഫ് എസ് സെന്ററുകളിൽ അപേക്ഷകർ നേരിട്ടെത്തി ഫിംഗർ പ്രിന്റ് നൽകണമെന്ന വ്യവസ്ഥയാണ് ഇതിൽ പ്രവാസി കുടുംബങ്ങളെ ഏറ്റവും കൂടുതൽ വലക്കുന്നത്.
കേരളത്തിൽ നിലവിൽ കൊച്ചിയിൽ മാത്രമാണ് വിഎഫ് എസ് തഅഷീറ സെന്റർ ഉള്ളത്. ആയിരത്തോളം ട്രാവൽസുകൾ വഴി ചെയ്തിരുന്ന വർക്കുകൾ ഒരൊറ്റ കേന്ദ്രത്തിലേക്ക് ചുരുങ്ങുംബോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ ഊഹിക്കാവുന്നതേ ഉള്ളൂ.
നേരത്തെ വെറും രണ്ടോ മൂന്നോ ദിവസം കൊണ്ട് കോൺസുലേറ്റ് വഴിയോ എംബസി വാഴിയോ ഇഷ്യു ചെയ്ത് ലഭിച്ചിരുന്ന വിസകൾ ഇപ്പോൾ ഇഷ്യു ചെയ്ത് ലഭിക്കണമെങ്കിൽ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
ഇവക്ക് പുറമെ രേഖകൾ സബ്മിറ്റ് ചെയ്യാനുള്ള അപോയിന്റ്മെന്റ് ലഭിക്കാൻ തന്നെ ഇപ്പോൾ വലിയ പ്രയാസം അനുഭവിക്കുകയാണ്.
ഈ വെക്കേഷൻ തീരും മുമ്പ് സൗദിയിൽ പോയി തിരികെ വരാമെന്ന് കരുതിയ നിരവധി കുടുംബാംഗങ്ങൾ പുതിയ പ്രതിസന്ധി കാരണം യാത്ര പോലും മാറ്റി വെച്ചിരുക്കുകയാണെന്നത് ഏറെ ഖേദകരമാണ്.
അതോടൊപ്പം കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെയുള്ള ആളുകൾ മുഴുവൻ കൊച്ചിയിൽ തന്നെ എത്തേണ്ട ദുരവസ്ഥയുമാണുള്ളത്.
നേരത്തെ ട്രാവൽ ഏജൻസികൾ വഴി വെറും രണ്ടോ മൂന്നോ ദിവസം കൊണ്ട് പൂർത്തിയായിരുന്ന നടപടിക്രമങ്ങൾ ആണ് ഇപ്പോൾ ആഴ്ചകളോളം വൈകുന്നത്. വി എഫ് എസ് വഴിയായതോടെ ഫീസും കൂടിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പ്രവാസികളുടെ പ്രയാസം മനസ്സിലാക്കി അധികൃതർ ഉചിതമായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ട്രാവൽ മേഖലകളിലുള്ളവർ ആവശ്യപ്പെടുന്നു.
എല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു വിഎഫ്എസ് തഅഷീറ സെന്റർ എങ്കിലും ആരംഭിച്ചാൽ ഈ പ്രതിസന്ധിക്ക് ഒരളവ് വരെ അയവ് വന്നേക്കുമെന്ന് കോട്ടക്കൽ ഖൈർ ട്രാവൽസ് എംഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു. ഫിംഗർ പ്രിന്റ് ആവശ്യപ്പെടുന്ന സംവിധാനം നിലവിൽ അപ്രായോഗികമാണെന്നും ഖൈർ ബഷീർ സൂചിപ്പിക്കുന്നു.
ഈ വിഷയത്തിൽ നയതന്ത്ര ഇടപെടലുകൾ ആവശ്യമാണെന്നും ഇതിനായി രാഷ്ട്രീയ പാർട്ടികളും മറ്റും ആവശ്യമായ നീക്കങ്ങൾ നടത്തണമെന്നും അറേബ്യൻ മലയാളിയും സൗദി പ്രവാസികൾക്ക് വേണ്ടി ശക്തമായി ആവശ്യപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa