Monday, November 25, 2024
GCCTop Stories

ഗൾഫ് പ്രവാസികളെ കൊള്ള ചെയ്യുന്ന വിമാനക്കമ്പനികളുടെ സമീപനം എന്ന് മാറും ?

സീസൺ സമയങ്ങളിൽ നാട്ടിലേക്കുള്ള വിമാന യാത്ര എന്നത് ഗൾഫ് പ്രവാസികൾക്ക് എന്നും ഒരു പേടി സ്വപ്നമാണ്. പ്രത്യേകിച്ച് കുടുംബ സമേതം യാത്ര ചെയ്യേണ്ടവരാണെങ്കിൽ അവസ്ഥ വിവരിക്കുകയും വേണ്ട.

ഈ സ്ഥിതി തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കുറേ ഒച്ചപ്പാടുകളും പോസ്റ്റുകളുമായി ആ സീസൺ കഴിയും. പിന്നീട് അടുത്ത സീസണിൽ ഇതേ സംഭവം ആവർത്തിക്കും.

കഴിഞ്ഞ ദിവസം പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ്‌ താമരശേരി പോസ്റ്റ്‌ ചെയ്ത ഒരു കുറിപ്പ് ഈ അവസരത്തിൽ ശ്രദ്ധേയമാകുകയാണ്. സീറ്റ് ഫുൾ ആയി കാണിച്ച് മൂന്നിരട്ടി തുക ഈടാക്കിയ വിമാനത്തിൽ കയറിയപ്പോൾ 17 സീറ്റ് കാലിയായിക്കിടക്കുന്നത് കണ്ട അനുഭവം അഷ്‌റഫ്‌ ഇങ്ങനെ പങ്ക് വെക്കുന്നു.

“ഇന്ന് രാവിലെ കോഴിക്കോട് നിന്ന് ഷാർജയിലേക്ക് യാത്ര ചെയ്തു. യാത്രചെയ്ത എയർ ഇന്ത്യ എക്സ്പ്രസ്സിൽ 17 സീറ്റ് കാലിയായിരുന്നു. ടിക്കറ്റെടുക്കാൻ നോക്കിയ സമയത്ത് ഒരു സീറ്റ് മാത്രമാണ് ഒഴിവ് ഉള്ളതായി കാണിച്ചിരുന്നത്. ടിക്കറ്റ് നിരക്കാകട്ടെ മൂന്നിരട്ടി കൂടുതലും. എന്തിനാണ് പ്രവാസികളെ ഇങ്ങിനെ കൊള്ളയടിക്കുന്നത്. പ്രവാസികൾ ചോര നീരാക്കുന്ന പണം കൊള്ളയടിക്കാൻ വേണ്ടി മാത്രം കുറേ ജന്മങ്ങൾ. ഈ വിഷയത്തിൽ പ്രതികരിക്കാൻ പോലും ഒരു കക്ഷിയും ഇല്ല. ഒരേ ദൂരത്തേക്ക് വിത്യസ്ത നിരക്ക്‌ ഈടാക്കുന്ന സംവിധാനം തന്നെ വല്ലാത്ത അനീതിയാണ്. വേനൽക്കാല അവധി വരുമ്പോൾ വിമാനക്കമ്പനികൾ പ്രവാസികളെ കാലങ്ങളായി കൊള്ളയടിക്കുന്നു. ഏത് ഭരണം വന്നാലും കേട് മാറുന്നില്ല. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത് പ്രവാസികളും തിരിച്ചറിയണം”- അഷ്‌റഫ്‌ താമരശേരി.

വർഷങ്ങളായി പ്രവാസികൾക്കെതിരെ തുടരുന്ന ഈ കൊള്ള ഇനിയെങ്കിലും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനായി കക്ഷിഭേദമന്യേ എല്ലാവരും ഒരുമിച്ച് പ്രതികരികുക തന്നെയാണ് മാർഗം.

മന്ത്രി അഹ്മദ് ദേവർ കോവിൽ പ്രഖ്യാപിച്ച ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യമാക്കാൻ ആത്മാർഥമായി പരിശ്രമിച്ചാൽ സീസൺ സമയത്തെ വിമാനക്കമ്പനികളുടെ കൊള്ള ഒരു വിധം തടയാൻ സാധിച്ചേക്കും എന്നാണ്‌ അറേബ്യൻ മലയാളിക്ക് പറയാനുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്