ശിഹാബ് ചോറ്റൂർ ധരിച്ച ഷൂസിനും ഒരു കഥ പറയാനുണ്ട്
മക്ക: മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടന്ന് ഹജ്ജിനെത്തിയ ശിഹാബ് ചോറ്റൂർ ഇന്ത്യൻ ജനതക്ക് തന്നെ അഭിമാനമായിരിക്കുകയാണ്.
സൗദിയുടെ ഔദ്യോഗിക ചാനൽ ആയ അൽ ഇഖ്ബാരിയയിൽ വരെ ശിഹാബ് ചോറ്റൂർ ഹജ്ജിനു നടന്നെത്തിയത് വലിയ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്തത് ശ്രദ്ധേയമായിരുന്നു.
എണ്ണായിരത്തിലധികം കിലോമീറ്ററുകൾ കാൽനടയായി താണ്ടിയാണ് മക്കയിലെത്തിയത് എന്നത് കൊണ്ട് തന്നെ അദ്ദേഹം സഞ്ചരിക്കാൻ ഉപയോഗിച്ച ഷൂവിനെക്കുറിച്ച് അറിയാൻ അറേബ്യൻ മലയാളിക്ക് പ്രത്യേക താത്പര്യം ഉണ്ടായിരുന്നു.
നേരത്തെ അദ്ദേഹം ചെയ്ത ഒരു വീഡിയോയിൽ ഷുവിനെക്കുറിച്ചുള്ള ഒരു പരാമർശം ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും അതിനെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ ശിഹാബുമായി ബന്ധപ്പെടാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
മകയിലെ സാമൂഹിക പ്രവർത്തകൻ റഷീദ് വേങ്ങര വഴി ശിഹാബിനെ ബന്ധപ്പെടാൻ സാധിക്കുകയും ഞങ്ങളുടെ സംശയങ്ങൾക്ക് ശിഹാബ് വ്യക്തമായി മറുപടി നൽകുകയും ചെയ്തു.
ഇന്ത്യയിൽ അഞ്ചിലധികം ഷൂസുകൾ നടക്കാൻ ഉപയോഗിച്ചിരുന്നെങ്കിലും പാകിസ്ഥാനിലേക്ക് കടക്കുന്നതിനു മുമ്പ് സമ്മാനമായി ലഭിച്ച ഒരു ജോഡി ഷൂസ് ഉപയോഗിച്ചാണ് പിന്നീട് മദീന വരെ നടന്നത് എന്നാണ് ശിഹാബ് അറിയിച്ചത്.
പഞ്ചാബിലെ വാഗ അതിർത്തിയിൽ പാക് വിസ ലഭിക്കാതെ നിന്നിരുന്ന സമയത്താണ് സമ്മാനമായ ഷൂസ് ലഭിച്ചത്. ഉത്തര കേരളത്തിലെ സയ്യിദുമാരിലെ പ്രമുഖനായ കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ആയിരുന്നു മദീനയിൽ നിന്ന് വാഗ അതിർത്തിയിലേക്ക് ഷൂസ് സമ്മാനമായി അയച്ച് കൊടുത്തത്.
കുമ്പോൽ തങ്ങൾ ആ ഷൂസ് ധരിച്ച് യാത്ര തുടരാൻ ആവശ്യപ്പെടുകയും ഷൂ ലഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പാകിസ്ഥാനിൽ കടക്കാനുള്ള പെർമിഷൻ ശിഹാബിനു ലഭിക്കുകയും ചെയ്തു.
തുടർന്ന്, കുമ്പോൽ തങ്ങൾ സമ്മാനമായി നല്കിയ ഷൂസ് ധരിച്ചാണ് പാകിസ്ഥാൻ മുതൽ മദീന വരെയുള്ള ആയിരക്കണക്കിന് കിലോമീറ്ററുകൾ യാതൊരു പ്രയാസവുമില്ലാതെ താൻ നടന്നതെന്നും ശിഹാബ് ചോറ്റൂർ അറേബ്യൻ മലയാളിയോട് പറഞ്ഞു.
പാകിസ്ഥാനിൽ കുറഞ്ഞ കിലോമീറ്ററുകൾ മാത്രമാണ് നടന്നതെങ്കിലും ഇറാനിലും ഇറാഖിലും കുവൈത്തിലും സൗദി- കുവൈത്ത് അതിർത്തി മുതൽ മദീന വരെയും ഒരേ ഷൂസ് ഉപയോഗിച്ച് ശിഹാബിനു നടക്കാനായി എന്നത് ശ്രദ്ധേയമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഏതായാലും ശിഹാബ് ചോറ്റൂർ എന്ന വ്യക്തിത്വം മലയാളികൾക്കും അതിലുപരി ഇന്ത്യക്കാർക്ക് മൊത്തത്തിലും അഭിമാനമായി മാറിയിരിക്കുകയാണ്. അത് കൊണ്ട് തന്നെയായിരുന്നു ഇന്ത്യൻ കോൺസുൽ ജനറൽ ശിഹാബിനെ ഹാർദമായി സ്വീകരിച്ചതും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa