Sunday, September 22, 2024
Saudi Arabia

കണ്ണൂർ എയർപോർട്ട് – ഉത്തരമലബാറിന്റെ ചിറകരിയുന്നതിനെ തടയും; പ്രവാസി വെല്‍ഫയര്‍

കണ്ണൂര്‍ എയര്‍പോര്‍ട്ടിനോടുള്ള അവഗണനയ്ക്കെതിരെയും സൗദിയിലെ പ്രവാസികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന യാത്രാ വൈഷമ്യങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍-കാസര്‍ഗോഡ്‌ അഖില സൗദി കോര്‍ഡിനേഷന്‍ യോഗം തീരുമാനിച്ചു.

രാഷ്ട്രീയ താത്പര്യങ്ങളും നിക്ഷിപ്ത താത്പര്യങ്ങളും ഒന്ന് ചേര്‍ന്ന് വലിയ സാധ്യതകളുള്ള കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ചയുടെ വഴികളെ തടസ്സപ്പെടുത്തുകയാണെന്ന് യോഗം വിലയിരുത്തി.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന പ്രവാസികളെ ഒരു തരത്തിലും പരിഗണിക്കാതെ, പ്രായോഗിക നടപടികള്‍ എടുക്കാതെ വിഡ്ഢികളാക്കുന്ന ഭരണകൂടത്തിനും സമ്മര്‍ദ്ദം ചെലുത്താത്ത രാഷ്ട്രീയ നേത്രുത്വത്തിനും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.

തുടര്‍ക്കഥയായി മാറുന്ന അവഗണനയ്ക്ക് എതിരെയും വീഴ്ചകള്‍ക്ക് എതിരെയും പ്രവാസികളെയും പ്രബുദ്ധരായ കേരള ജനതയെയും അണിനിരത്തും. കക്ഷി രാഷ്ട്രീയമാന്യേ യോജിക്കേണ്ട വിഷയത്തില്‍ എല്ലാവരും യോജിച്ചു നില്‍ക്കണം. സ്മാര്‍ട്ട് ഗവര്‍ണന്സിന്റെ കാലഘട്ടത്തില്‍ കണ്ണൂര്‍ വിമാനത്താവളവും അനുബന്ധിച്ചുള്ള നിരവധി സാധ്യതകളെയും കാലതാമസം വരുത്തി തകര്‍ക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ല.

പ്രവാസി യാത്രാ പ്രശ്നമായി ഇത് നമ്മുടെ മുന്നിലുള്ളപ്പോഴും അതിനപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും പരിഹരിക്കുകയും ചെയ്യേണ്ട വികസന വിഷയമാണ് ഇത്. ഉത്തര മലബാറിന്റെ വികസനത്തിന്റെ ചിറകരിയുന്ന സമീപനത്തിനെതിരെ, മലബാറിന്റെ സാമ്പത്തിക സ്രോതസ്സായ പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാത്തതിനു എതിരെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ശക്തമായി മുന്നോട്ടു വരണം.

വിഷയത്തില്‍ ശ്രദ്ധ ക്ഷണിക്കാനും, പ്രതിഷേധത്തെ ഊര്‍ജ്ജിതപ്പെടുത്താനും പരിഹാരത്തിനു സമ്മര്‍ദം ചെലുത്താനും വിവിധ തലത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യോഗം തീരുമാനിച്ചു.

സൌദിയിലെ മുഴുവന്‍ പ്രവിശ്യകളിലെയും പ്രവാസി വെല്‍ഫെയര്‍ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് സാദിഖ് ഉളിയില്‍, കാസര്‍ഗോഡ്‌ ജില്ല വൈസ് പ്രസിഡന്‍റ് മജീദ്‌ നരിക്കോടന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

അഡ്വ. നവീന്‍ കുമാര്‍, ബഷീര്‍ സി എച്ച്, അഷ്‌റഫ്‌ പാപ്പിനിശ്ശേരി, സലിം മാഹി, അബ്ദുല്‍ കരീം, ഷമീര്‍ തണ്ടാരിയത്ത്, റിഫാസ് പഴയങ്ങാടി, ബിനാന്‍ ബഷീര്‍, ജമാല്‍ പയ്യന്നൂര്‍, ഷബീര്‍ ചാത്തമംഗലം എന്നിവര്‍ സംസാരിച്ചു. ഖലീലുല്‍ റഹ്മാന്‍ അന്നടുക്ക സ്വാഗതവും ഷക്കീര്‍ ബിലാവിനകത്ത് നന്ദിയും പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q