Saturday, November 23, 2024
KeralaTop Stories

കൊച്ചിയിൽ മകൻ അമ്മയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് വെട്ടിക്കൊലപ്പെടുത്തി

കൊച്ചിയില്‍ മകന്‍ അമ്മയെ വീട്ടിൽ പൂട്ടിയിട്ടതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി. മരട് തുരുത്തി അമ്പലത്തിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന അച്ചാമ്മ എബ്രഹാമി (69)നെയാണ് മകൻ വെട്ടിക്കൊലപ്പെടുത്തിയത്.

പ്രതിയായ വിനോദ് എബ്രഹാമിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. അച്ചാമ്മയും മകൻ വിനോദും മാത്രമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.

വ്യാഴാഴ്ച ഉച്ചമുതല്‍ അച്ചാമ്മയുടെ ഫ്‌ളാറ്റില്‍നിന്ന് ബഹളം കേട്ടിരുന്നതായി സമീപത്തെ ഫ്‌ളാറ്റിലുള്ളവര്‍ പറയുന്നു. തുടർന്ന് സമീപവാസികളും പൊലീസും നഗരസഭ കൗൺസിലറും എത്തി ഇരുവരെയും ശാന്തരാക്കി ശേഷം മടങ്ങിപ്പോയിരുന്നു.

ഇതിന് ശേഷം വൈകിട്ട് അഞ്ചിന്‌ സമീപവാസികൾ വീണ്ടും ബഹളം കേട്ട് പോലീസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ വാതില്‍ പൂട്ടിയിട്ടതിനാല്‍ പോലീസുകാര്‍ക്ക് ഫ്‌ളാറ്റിനുള്ളിലേക്ക് പ്രവേശിക്കാനായില്ല.

രാത്രി ഏഴ് മണിയോടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴേക്കും കുത്തേറ്റ അച്ചാമ്മ മരിച്ചിരുന്നുവെന്നാണ് വിവരം.

അച്ചാമ്മയെ കൊലപ്പെടുത്തിയ ശേഷം വാക്കത്തിയുമായി മുറിയിൽ നിലയുറപ്പിച്ചിരുന്ന വിനോദിനെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

വിനോദിന്റെ ആഢംബര ജീവിതത്തിന് പണം നൽകാത്തതിനാൽ അമ്മയുമായി നിരന്തരം വഴക്ക് ഉണ്ടാകുമായിരുന്നു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന്‌ മരട്‌ പൊലീസ്‌ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa