ഗൾഫ് യാത്രക്കാരെ വിമാനക്കമ്പനികൾ കൊള്ളയടിക്കുന്നതിനെതിരെ പ്രവാസി വ്യവസായി സുപ്രീം കോടതിയിൽ
ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് മൂലം നാട്ടിലേക്കു പോകാൻ സാധിക്കാത്തവർക്കായി ഗൾഫിൽനിന്ന് കേരളത്തിലേക്കു ചാർട്ടേഡ് വിമാന സർവീസിന് അനുമതി തേടി യുഎഇയിലെ പ്രവാസി വ്യവസായി സജി ചെറിയാൻ നാളെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകും.
മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മുഖേനയാണ് ഹർജി ഫയൽ ചെയ്യുക. പതിറ്റാണ്ടുകളായുള്ള പ്രവാസികളുടെ യാത്രാപ്രശ്നത്തിന് അറുതിവരുത്താനാണ് നിയമപ്പോരാട്ടം.
ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് വിമാന കമ്പനികളാണെന്നും കേന്ദ്ര സർക്കാരിന് ഇടപെടാനാകില്ലെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.
വേനൽ അവധിക്കാലത്തും ഉത്സവ സീസണുകളിലും നാട്ടിലേക്കു പോകാൻ സാധിക്കാതെ നൂറുകണക്കിന് മലയാളി കുടുംബങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ കഴിയുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി കയ്യൊഴിയുന്നതാണു പതിവ്.
എന്നാൽ, സംസ്ഥാന സർക്കാരിന്റെയും പ്രവാസി സംഘടനകളുടെയും സഹകരണത്തോടെ ചാർട്ടേഡ് വിമാന സർവീസുകൾ ആരംഭിച്ചാൽ മിതമായ നിരക്കിൽ നാട്ടിലേക്കും തിരിച്ചും എത്താനാകുമെന്നാണു പ്രതീക്ഷ.
ഇന്ധന വില വർധനയാണ് ടിക്കറ്റ് നിരക്ക് കൂട്ടാൻ കാരണമെങ്കിൽ കേരളത്തിലേക്കു മാത്രമല്ല എല്ലാ സെക്ടറിലേക്കും നിരക്കു വർധന ബാധകമാകില്ലേ എന്നും ചോദിക്കുന്നു.
ദുബായിൽനിന്ന് 7.42 മണിക്കൂർ യാത്രാ ദൈർഘ്യമുള്ള ലണ്ടനിലേക്ക് 849 ദിർഹമാണ് (19093 രൂപ) ഇന്നലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 4.05 മണിക്കൂർ യാത്രാ ദൈർഘ്യമുള്ള കൊച്ചിയിലേക്ക് 1545 ദിർഹമും (34746 രൂപ).
സീസൺ തുടക്കത്തിൽ വൺവേ ടിക്കറ്റിന് 3500 ദിർഹം (78712 രൂപ) വരെ ഉയർന്നിരുന്നു. ഈ വ്യത്യാസത്തെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും സജി ചെറിയാൻ ചോദിക്കുന്നു. ഇതനുസരിച്ച് ഒരു കുടുംബത്തിന് നാട്ടിൽ പോയി വരാൻ 4 ലക്ഷത്തോളം രൂപ വേണം.
ദുബായിൽനിന്ന് ഡൽഹിയിലേക്ക് 835 ദിർഹം (18778 രൂപ), മുംബൈ 825 ദിർഹം (18553 രൂപ), ബെംഗളൂരു 966 (21724 രൂപ), ചെന്നൈ 928 ദിർഹം (20870 രൂപ) മാത്രം.
കൂടുതൽ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് മാത്രം അന്യായമായി നിരക്കു വർധിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa