Monday, September 23, 2024
Saudi ArabiaTop Stories

തൊഴിൽ വിസകൾ വാങ്ങി സൗദിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

ഫ്രീ വിസ എന്ന പേരിൽ സൗദിയിലേക്ക് പോകാനായി വ്യക്തികൾ  പണം കൊടുത്ത് വാങ്ങുന്ന തൊഴിൽ വിസകളുടെ കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ട്രാവൽ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.

ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ പേരിൽ ഇഷ്യൂ ചെയ്യുന്ന തൊഴിൽ വിസകൾ പണത്തിനു പകരം മറിച്ചു വിൽക്കപ്പെടുന്നതിനെയാണ് ഫ്രീ വിസ എന്ന ഓമനപ്പേരിൽ മലയാളികൾ വിളിക്കുന്നത്.

എന്നാൽ മുൻ കാലങ്ങളിൽ വാങ്ങിയത് പോലെ ഏതെങ്കിലും പ്രൊഫഷനുകളിൽ ഉള്ള ഫ്രീ വിസകൾ ഇപ്പോൾ പണം കൊടുത്തു വാങ്ങിയാൽ അത് വിസ സ്റ്റാമ്പ് ചെയ്യാൻ തന്നെ പ്രയാസം സൃഷ്ടിക്കുന്ന സ്ഥിതിയിലേക്ക് നയിക്കുമെന്ന് കോട്ടക്കൽ ഖൈർ ട്രാവൽസ് എം ഡി ബഷീർ  ഓർമ്മപ്പെടുത്തുന്നു.

പ്രധാനമായും നിലവിലെ സാഹചര്യത്തിൽ ഫ്രീ വിസയിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.

നിലവിൽ 70 ലധികം പ്രൊഫഷനുകളിൽ വിസ സ്റ്റാംബ് ചെയ്യണമെങ്കിൽ സൗദി മാനവവിഭവശേഷമന്ത്രാലയം നിർബന്ധമായും തൊഴിൽ നൈപുണ്യ ടെസ്റ്റ് ബാധകമാക്കിയിട്ടുണ്ട്.

നിലവിൽ തൊഴിൽ നൈപുണ്യ ടെസ്റ്റ് ബാധകമായ പ്രൊഫഷനുകളെക്കുറിച്ച് അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അവ വിശദമായി അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
https://arabianmalayali.com/2023/07/21/46889/

അതോടൊപ്പം  മുംബൈയിലെ സൗദി കോൺസലേറ്റിൽ നിന്നും വിസ ഇഷ്യു ചെയ്യണമെങ്കിൽ ഇപ്പോൾ തൊഴിൽ കരാർ ആവശ്യമാണെന്നതും ഓർക്കുക. ഡൽഹി എംബസിയിൽ നേരത്തെ ഈ നിബന്ധനയുണ്ട്.

ചുരുക്കത്തിൽ തൊഴിൽ വിസകൾ ഫ്രീ വിസ എന്ന പേരിൽ പണം കൊടുത്തു വാങ്ങുന്നവർ മേൽ പരാമർശിച്ച പ്രൊഫഷനുകളിൽപ്പെട്ട വിസകൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആ പ്രൊഫഷനുകളിൽ ഉള്ള വിസകൾ വാങ്ങിയാൽ നിർദ്ദിഷ്ട ടെസ്റ്റ് സെൻററിൽ പോയി തൊഴിൽ നൈപുണ്യ ടെസ്റ്റ് നടത്തൽ നിർബന്ധമാകും. എങ്കിൽ മാത്രമേ വിസ സ്റ്റാംബ് ചെയ്തു നൽകുകയുള്ളൂ. അതേ സമയം ടെസ്റ്റ്‌ നടത്താം എന്ന് ആത്മ ബലം ഉള്ളവർക്ക് വാങ്ങുകയും ചെയ്യാം.

അതോടൊപ്പം പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് തൊഴിൽ കരാർ. ഫ്രീ വിസ വാങ്ങുന്നവർ ഏത് സ്പോൺസറിൽ നിന്നാണോ വിസ വാങ്ങുന്നത്, അവരിൽ നിന്ന് ചേംബർ അറ്റസ്റ്റേഷനും ഫോറിൻ മിനിസ്ട്രി അറ്റസ്റ്റേഷനും ഉള്ള തൊഴിൽ കരാറും വിസക്കൊപ്പം വാങ്ങാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അറ്റസ്റ്റേഷൻ ഇല്ലാത്ത  തൊഴിൽ കരാറുമായി വിസ സ്റ്റാംബിംഗിനായി കോൺസുലേറ്റിൽ സമർപ്പിച്ചാൽ അപേക്ഷ സ്വീകരിക്കപ്പെടുകയില്ല എന്ന് പ്രത്യേകം ഓർക്കണമെന്ന്  ഖൈർ ട്രാവൽസ്  എംഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്