Saturday, September 21, 2024
KeralaTop Stories

സംവിധായകൻ സിദ്ദീഖിന്റെ മരണം ആലോപതി ഡോക്ടർമാരുടെ സംഘടനാ പ്രസിഡന്റ് മുതലെടുക്കുന്നു; പ്രതിഷേധം ശക്തം

പ്രശസ്ത നടൻ സിദ്ദീഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം കൂടുതൽ ചൂടു പിടിക്കുന്നു.

നടൻ ജനാർദ്ദനൻ സിദ്ദീഖ് യൂനാനി മരുന്ന് കഴിച്ചിരുന്നു എന്നും അത് ഒരു പക്ഷെ അദ്ദേഹത്തിനു ദോഷം ചെയ്തിരിക്കാം എന്നും ഒരു അഭിപ്രായം പറഞ്ഞത് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ചിലർ ചെയ്ത അബദ്ധം ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഏറ്റെടുത്ത് യൂനാനി വൈദ്യ ശാഖയെ പരിഹസിക്കാൻ ഉപയോഗിച്ചതാണ് ശക്തമായ പ്രതിഷേധത്തിനിടയാക്കിയത്.

കേരള, കേന്ദ്ര സർക്കാരുകളും പ്രമുഖ ലോക രാജ്യങ്ങളും അംഗീകരിച്ചതും വലിയൊരു വിഭാഗം ആളുകൾ അത്ഭുതകരമാം വിധം ആരോഗ്യ ജീവിതത്തിലേക്ക് തിരികെ വരാൻ കാരണമാകുകയും ചെയ്ത യൂനാനി മെഡിക്കൽ സയൻസ് മിത്താണ് എന്നും ശാസ്ത്രീയ ചികിത്സാ രീതിയല്ല എന്നുമായിരുന്നു സുൽഫി നൂഹ് പ്രസ്താവിച്ചത്.

എന്നാൽ യുനാനി ഡോക്ടർമാർക്ക് പുറമെ പൊതു ജനങ്ങൾ വരെ ഡോ സുൽഫിയുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ആണുയർത്തിയിട്ടുള്ളത്. ആലോപതി വൈദ്യ മേഖലയുടെ നിരവധി അപകടങ്ങൾ തുറന്നെഴുതിത്തന്നെ പൊതു ജനങ്ങൾ സോഷ്യൽ മീഡിയയിൽ സുൽഫി നൂഹിന്റെ നിലപാടിനെ പരസ്യമായി വിചാരണ ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

അതേ സമയം സംവിധായകൻ സിദ്ദീഖ് ഒരു ഔദ്യോഗിക യൂനാനി ഡോക്ടറുടെ അടുക്കൽ ചികിത്സ തേടിയിരുന്നില്ല എന്ന വസ്തുത നില നിൽക്കെ ഡോ: സുൽഫി നടത്തിയ തീർത്തും മോശമായ പ്രസ്താവനക്കെതിരെ യൂനാനി സംഘടനകൾ കേസ് കൊടുക്കാനുള്ള തീരുമാനത്തിലാണുള്ളത്.

അതോടൊപ്പം നടൻ ജനാർദ്ദനൻ തനിക്ക് അബദ്ധം സംഭവിച്ചതാണെന്നും തന്റെ അഭിപ്രായം ആരോ പറഞ്ഞ കേട്ടറിവ് മാത്രമായിരുന്നുവെന്നും പിന്നീട് തിരുത്തിയിരുന്നു. (അതിന്റെ വീഡിയോ ഈ ലേഖനത്തിന്റെ അവസാനം ചേർത്തിട്ടുണ്ട്).

ഐ എം എ പ്രസിഡന്റിന്റെ മൂഡമായ നിലപാടിനെതിരെ പല പ്രമുഖരും പ്രതിഷേധക്കുറിപ്പ് എഴുതിയിട്ടുണ്ട്. പ്രമുഖ യൂനാനി ഫിസിഷ്യൻ ആയ ഡോ: ഒ കെ എം അബ്ദുറഹ്മാൻ എഴുതിയ പ്രതിഷേധക്കുറിപ്പ് അതിൽ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ വായിക്കാം.

“ഒരാളുടെ മരണം പോലും ഈ രീതിയിൽ മാർക്കറ്റ് ചെയ്യുന്നത് കാണുമ്പോൾ കടുത്ത പുച്ഛം തോന്നുന്നു.

പക്വതയും സാമൂഹിക ബോധവുമുള്ള ഡോക്ടർമാർ പരസ്പരം അഭിപ്രായങ്ങളെടുത്തും രോഗികളെ റഫർ ചെയ്തും ജന പക്ഷത്ത് നിന്ന് ചികിത്സിക്കുന്നു. നിരവധി ഇഗ്ളീഷ് ഡോക്ടർമാർ ഈ രൂപത്തിലുണ്ട്. അവർ ജനകീയരാണ്. കൂടുതൽ കാലം വേദനമരുന്നുകൾ കഴിക്കരുത്. നിങ്ങൾ യൂനാനി ചികിത്സ ശ്രമിച്ചു നോക്കൂ എന്ന് ഉപദേശിക്കുന്നവർ അവരിലുണ്ട്. തിരിച്ചും ആന്റി ബയോട്ടിക്കുകൾ ആവശ്യമുള്ളവയും സർജറികൾ ആവശ്യമുള്ളവരെയും റഫർ ചെയ്യുന്ന പതിവുമുണ്ട്.

ചില തീവ്ര ചിന്താഗതിക്കാർ കാണിക്കുന്ന ഗുണ്ടായിസവും ഉത്തവരവാദിത്തമില്ലായ്മയുമാണ് ജനങ്ങൾക്കിടയിലുണ്ടായിരുന്ന വിശ്വാസ്യതയെ ഇല്ലാതാക്കുന്നത്. രോഗി മരിച്ചാലും പ്രശ്നമില്ല മറ്റൊരു ഡോക്ടറുടെ അടുത്ത് പോയിക്കൂടാ എന്ന ചിന്തയുള്ളവർ അപകടകാരികളാണ്.

ഡോക്ടറുടെ കുറിപ്പില്ലാതെ സ്വയം ഡൈക്ളോഫിനാക് പോലെയുള്ള വേദന മരുന്നുകൾ കൂടുതൽ ഉപയോഗിച്ച് ലിവർ ഫൈലിയർ വന്നാൽ അത് അലോപ്പതി വൈദ്യത്തിന്റെ പ്രശ്നമായി ആരും പറയാറില്ല. എന്നാൽ ഡോക്ടറെ കൃത്യമായി കാണിച്ച് ഇത്തരം മരുന്നുകൾ കാരണം കിഡ്നിയോ ലിവറോ പണിമുടക്കിയാൽ അത് മറ്റു ചികിത്സകരുടെ അകൗണ്ടിൽ കയറ്റാൻ ശ്രമിക്കുന്നത് തീരെ ശെരിയല്ല.

ഡയാലിസിസ് സെന്ററുകൾക്ക് മുമ്പിൽ ഊഴം കാത്ത് നിൽക്കുന്നവരും മോർച്ചറികൾക്കുള്ളിൽ ജീവനറ്റ് കിടക്കുന്നവരും മിക്കവരും യൂനാനി കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവരായിരിക്കും. പ്രമേഹത്തിന് അലോപ്പതി ചികിത്സ നൽകുന്ന ഉത്തരവാദിത്തമില്ലാത്ത ചുരുക്കം ചില ഡോക്ടർമാരുടെ ഒട്ടും ശാസ്ത്രീയമല്ലാത്ത ചികിത്സകൾ ഇതിനൊക്കെ കാരണമാവുന്നു. ഉപദേശിക്കാൻ ശ്രമിക്കുന്ന പരിചയ സമ്പത്തുള്ള സീനിയർ ഡോക്ടർമാരെ അധികാരവും മാഫിയ ബലവും ഉപയോഗിച്ച് നേരിടുന്നു. മറച്ചു വെക്കാൻ മറ്റു മെഡിക്കൽ സിസ്റ്റങ്ങളെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ കൊണ്ട് നശിപ്പിക്കാൻ ശ്രമിക്കുന്നു.

തുടർച്ചയായി വേദന മരുന്നുകളും തെറ്റായ പ്രമേഹ ചികിത്സയും നടത്തി ജനങ്ങളുടെ കിഡ്നിയും ലിവറും നശിപ്പിച്ച് അത് സംഘടിതമായി ആയുർവേദത്തിന്റെ തലയിൽ വെച്ച് കെട്ടുന്നു. ആയുർവേദ അസോസിയേഷനുകളും ഹോമിയോ അസോസിയേഷനും സംഘടിതമായി തന്ന സാമൂഹിക മാധ്യമങ്ങളിലൂടെയും നിയമ പരമായും പ്രതികരിക്കാൻ തുടങ്ങിയതോടെ ഇപ്പോൾ പുതിയ ഉഡായിപ്പും കൊണ്ടിറങ്ങിയിരിക്കുകയാണ്. എല്ലാം ചെയ്തോളൂ ജനങ്ങൾ തന്നെ മറുപടി തരും.

പക്ഷെ ഒരാളുടെ മരണം മർക്കറ്റ്‌ ചെയ്ത്‌ കൊണ്ട് വേണ്ടിയിരുന്നില്ല. അദ്ദേഹം ഏതെങ്കിലും യൂനാനി ഡോക്ടറുടെ അടുത്തു ചികിത്സിച്ചത് പോലും അറിവില്ലാതെ പുര കത്തുമ്പോൾ വാഴ വെട്ടാനുള്ള നാടകം അങ്ങേയറ്റം മ്ലേഛമാണ്.

അലോപ്പതി വൈദ്യത്തെയും ഡോക്ടർമാരെയും വളരെയധികം ബഹുമാനിക്കുകയും അറിയപ്പെട്ട ധാരാളം ഡോക്ടർ സുഹൃത്തുക്കളുമുള്ളയാളാണ് ഞാൻ. പക്ഷെ പക്വത കുറഞ്ഞ തീവ്രവാദികളായ ചില അലോപ്പതി ഡോക്ടർമാർ പലപ്പോഴും കാണിക്കുന്ന ദുരന്തങ്ങൾ ആർക്ക് വേണ്ടിയാണെന്ന് മനസ്സിലാവുന്നില്ല. ഈ കുറിപ്പിന്റെ പേരിൽ എനിക്കെതിരെ കേസുകളും അക്രമങ്ങളുമൊക്കെ വന്നേക്കാം. പക്ഷെ ഉത്തരവാദിത്തമുള്ളൊരു സഹജീവി എന്ന നിലയിൽ പ്രതികരിക്കാൻ തന്നെ തീരുമാനിച്ചു. ആത്മാർഥമായി ചിന്തിച്ച് മനസ്സിലായാൽ ഇതിനോട് യോജിപ്പുള്ളവർ പിന്തുണക്കണം.

എന്തൊക്കെ വിദ്യാഭാസവും പരിചയ സമ്പത്തും ഉണ്ടായിട്ടെന്ത് കാര്യം വിവേകവും പക്വതയും അല്പമെങ്കിലും വേണം. ഒരു പ്രശസ്ത വ്യക്തി മരണപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവും ഇഷ്ട ജനങ്ങളും ആകസ്മിക മരണത്തിന്റെ ദുഖത്തിലാണ്. ഏതെങ്കിലും ഒരു യൂനാനി ഡോക്ടറുടെ ചികിത്സ തേടിയതായി അറിവില്ല. ആരോ എവിടെയോ വിളിച്ചു പറഞ്ഞത് കേട്ട പാതി അവസരം നോക്കാതെ ഇയാൾ വിളിച്ചുപറയുന്ന അല്പത്തരങ്ങൾ വേദനിപ്പിക്കുന്നത് ആ കുടുംബത്തെയാണ്.

ഞാൻ ഒരു വൈദ്യ ശാഖക്കും എതിരല്ല. ആദരണീയരായ ഒരു പാട് അലോപ്പതി ഡോക്ടർമാരുണ്ട്. ഗുരുസ്ഥാനത്തുള്ള ഒട്ടേറെ ഡോക്ടർമാരുണ്ട്. ഒരു സംഘടനയുടെ പ്രതിനിധി എന്ന നിലയിൽ അവരിലെ തീവ്രവാദികളെ സുഖിപ്പിക്കാൻ ഇയാൾ ഇടക്കിടക്ക് ഇത് പോലെ അവസരങ്ങളിൽ സംസാരിക്കാറുണ്ട്. ജനങ്ങളെയും ഡോക്ടർമാരെയും ഇന്നത്തെപോലെ മോശമായ ഒരു ബന്ധത്തിലേക്ക് എത്തിക്കുന്നത് ഇത്തരം വ്യക്തികളാണ്.

സങ്കീർണ്ണ സർജറികൾ ചെയ്യാനും അത്യാധുനിക ഇന്റെൻസീവ് ടെക്‌നോളജിയും നിലവിൽ അലോപ്പതിയിൽ മാത്രമാണ് സംവിധാനങ്ങളും സൗകര്യങ്ങളും ഉള്ളത്. ചില ഭാഗങ്ങൾ വളരെയധികം പുരോഗമിച്ചിട്ടുണ്ടെങ്കിലും ചില കാര്യങ്ങൾക്ക് അലോപ്പതിയിൽ ഇപ്പോഴും പരിഹാരങ്ങളില്ല. അത് അവർ തന്നെ അംഗീകരിക്കുന്നു എന്നത് അതിന്റെ ശാസ്ത്രീയതയും സുതാര്യതയും ആയി തന്നെ കാണേണ്ടതാണ്. ഏകദേശം 1940 കാലഘട്ടങ്ങളിൽ ആന്റിബയോട്ടിക്കുകൾ മനുഷ്യരിൽ ഉപയോഗിച്ച് തുടങ്ങിയത് മുതൽ പകർച്ചരോഗങ്ങളെ നിയന്ത്രിക്കാൻ അലോപ്പതി വൈദ്യം ഏറെ ഉപകരിച്ചിട്ടുണ്ട്. അതോടൊപ്പം അസ്ഥാനത്തും അനാവശ്യമായും ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് കനത്ത നഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. പലതും പിന്നീട് നിരോധിക്കുകയും നിർത്തലാക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.

പാൽ പാട മാറ്റിക്കുടിക്കാനും മുട്ട മഞ്ഞയൊഴിവാക്കാനും ഇംഗ്ളീഷ് പത്രങ്ങളിൽ ആരോ എഴുതിയത് കണ്ട് അത് സയൻസാണെന്ന് തെറ്റിദ്ധരിച്ചവർ ഏറെയാണ്. വിവേകമുള്ള ഡോക്ടർമാർ ഏത് വിഭാഗക്കാരായാലും ഇത് വിഴുങ്ങുന്നതിന് പകരം വിശകലനം ചെയ്ത്‌ മാത്രമാണ് ജനങ്ങളോട് പറയാറുള്ളത്. ഇംഗ്ലീഷിൽ പറയുമ്പോഴേക്ക് അതും ശാസ്ത്രമാണെന്ന് മനസ്സിലാക്കി ഇപ്പോഴും അടിമത്വത്തിൽ നിന്നും മോചിതരാവാത്ത ചിലർ നമുക്ക് ഉണ്ടാക്കി വെച്ച നഷ്ടങ്ങൾ വളരെ വലുതാണ്. വെജിറ്റേറിയൻ ഭക്ഷണം പിന്തുടരുന്നവർക്ക് പല പോഷകങ്ങളും ലഭിക്കാനുള്ള അവസരമാണ് പാൽ കുടിക്കുന്നതിനെ പേടിപ്പെടുത്തി ഇംഗ്ളീഷ് പത്രം സയൻസ് ജേണലായി കണ്ടവർ പ്രചരിപ്പിച്ചത്. പകരം പല തരം പാക്കറ്റ് വിഭവങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടു. അത് കൊണ്ട് കാൻസറുകളും ഹൃദ്രോഗങ്ങളും പ്രമേഹവും അകാല മരണങ്ങളും ക്രമാതീതമായി വർദ്ധിച്ചു. മനുഷ്യന്റെ ആരോഗ്യത്തിന് ആവശ്യമുള്ള പോഷകങ്ങൾ പലതും കൊഴുപ്പടങ്ങിയ ഭക്ഷണത്തിൽ നിന്നാണ്. പല പോഷകങ്ങളും കിട്ടാതെ എത്രയോ പുതിയ രോഗങ്ങളും കാൻസറുകളും ആകസ്മിക മരണങ്ങളും വന്നതിന് പിന്നിൽ അലോപ്പതി വൈദ്യം എന്ന് ഞാൻ പറയുന്നില്ല പക്ഷെ അത് ഉപയോഗിക്കാൻ അറിയാത്ത ചില അല്പന്മാരുടെ ചികിത്സയ്ക്കും വലിയ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

കേന്ദ്ര ആയുഷ് മിനിസ്ട്രിയും കേരള ആയുഷ് മിനിസ്ട്രിയും നിലവിലുണ്ട്. കേരളത്തിലടക്കം കേന്ദ്ര സർക്കാർ ഗവേഷണ കേന്ദ്രങ്ങൾ യൂനാനിയുടേതായിട്ടുണ്ട്. പ്രമേഹമടക്കം രോഗങ്ങൾ ശാസ്ത്രീയമായി ചികിത്സിക്കുന്നുണ്ട്.

ഇംഗ്ളീഷ് പറയുന്നതിനെയെല്ലാം ഞങ്ങൾ ശാസ്ത്രമായി കാണാറില്ല. യൂനാനി മെഡിക്കൽ സയൻസ് ബയോഫിസിക്സ് അടിസ്ഥാനമായുള്ള വൈദ്യശാഖയാണ്. യൂനാനിക്കും അന്താരാഷ്ട്ര സംഘടനകളും ശാസ്ത്രീയ മാനദണ്ഡങ്ങളുമുണ്ട്. കേരളമല്ലാത്ത സംസ്ഥാനങ്ങളിലും യൂറോപ്പിലും മിഡിൽ ഈസ്റ്റിലും സംഘടനകളും സ്ഥാപനങ്ങളുമുണ്ട്. എട്ട് വർഷമാവുന്നു 2015 ൽ കേരളത്തിൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങിയിട്ട്‌. ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇത്ര സ്വീകാര്യത ലഭിച്ചു എന്നാണ് ജനങ്ങളുടെ പ്രതികരണങ്ങൾ പറഞ്ഞു തരുന്നത്.

അലോപ്പതി വൈദ്യം യൂനാനിയുടെ ചിലഭാഗങ്ങൾ മാത്രം ഡെവലപ്പ് ചെയ്തതാണ്. ഇന്ന് ഉപയോഗിക്കുന്ന അലോപ്പതി പദങ്ങൽ മിക്കതും യൂനാനി പദങ്ങളാണ്. അലോപ്പതി എന്ന പദം പോലും. ആയൂർവേദത്തിൽ ഉള്ള പോലെ സ്വന്തം തത്വങ്ങൾ അലോപ്പതിയിൽ ഇല്ല. ഇംഗ്ളീഷ് heart എന്നാണ് ഹൃദയത്തിന് പറയുക. കാർഡിയം എന്നത് യൂനാനി പദമാണ്. Woman എന്നാണ് സ്ത്രീ എന്ന വാക്കിന് ഇംഗ്ളീഷ് പദം ഗൈനെക്‌ യൂനാനി പദമാണ്. ഓളജി എന്ന് അവസാനിക്കുന്ന വാക്കുകളെല്ലാം യൂനാനി പദങ്ങളാണ്. ഇപ്പറഞ്ഞത് ചില ഉദാഹരണങ്ങൾ മാത്രമാണ്.

നമുക്ക് എല്ലാ വൈദ്യ ശാഖകളും വേണം. ഡോക്ടർമാർ പരസ്പരം രോഗികൾക്ക് വേണ്ടി സഹകരിക്കണം. മറ്റൊരാളെ അംഗീകരിക്കുന്നത് കൊണ്ട് ആരുടെയും ആദരവ് കുറയുന്നില്ല മറിച്ച് കൂടുതൽ ജനകീയനാവുകണ് ചെയ്യുക. മെഡിക്കൽ ഭീകരതയല്ല മറിച്ച് ജനപക്ഷത്തു നിന്ന് കൊണ്ട് രോഗികൾക്ക് വേണ്ടിയുള്ള സഹകരണമാണ് കാലം ആവശ്യപ്പെടുന്നത്. ഡോ സുൽഫി നൂഹിനും തിരിച്ചറിവും ജന സ്വീകാര്യതവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു”.

നടൻ ജനാർദ്ദനൻ തന്റെ നിലപാട് വ്യക്തമാക്കി പുറത്ത് വിട്ട വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്