മതിയായ സമയം ഉറങ്ങാത്ത വിദ്യാർത്ഥികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ആവശ്യമായ സമയം ഉറങ്ങാത്തതിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് മുന്നറിയിപ്പ് നൽകി.
വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആവശ്യമായ സമയം ഉറങ്ങാത്തത് അവരുടെ അക്കാദമിക് നേട്ടങ്ങളെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം എന്നാണ് മന്ത്രാലയം ഓർമ്മപ്പെടുത്തുന്നത്.
അതേസമയം വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് തങ്ങളുടെ ഉറക്ക-ഉണർച്ച സമയങ്ങൾ ക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധർ നിർദ്ദേശങ്ങൾ നൽകി.
ഉറക്കത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതിനായി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഉറങ്ങുന്നതിന്റെ നാലുമണിക്കൂർ മുമ്പെങ്കിലും ചായ കോഫി തുടങ്ങിയ കഫീൻ അടങ്ങിയ വസ്തുക്കൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.
മതിയായ വ്യായാമം ചെയ്യേണ്ടതും പ്രഭാത ഭക്ഷണം നല്ല നിലയിൽ കഴിക്കേണ്ടതും ആരോഗ്യ സംരക്ഷണത്തിന് പ്രധാനമാണ്.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ അഭിപ്രായത്തിൽ ഓരോ കുട്ടിക്കും അവന്റെ പ്രായത്തിനനുസരിച്ചുള്ള ഉറക്ക സമയം ലഭിക്കേണ്ടതുണ്ട്.
ഒരു വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ 12 മുതൽ 16 മണിക്കൂർ വരെയും ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയിലുള്ള കുട്ടികൾ 11 – 14 നും മണിക്കൂറും മൂന്ന് വയസ്സിനും അഞ്ചു വയസ്സിനും ഇടയിലുള്ള കുട്ടികൾ 10 – 13 മണിക്കൂറും 6 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികൾ 9 – 12 മണിക്കൂറും 13 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾ 8 – 10 മണിക്കൂറും ഒരു ദിവസം ഉറങ്ങേണ്ടതുണ്ടെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ഓർമ്മിപ്പികുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa