ആറ് രാജ്യക്കാർക്ക് കൂടി സൗദിയിലേക്ക് ഓൺ അറൈവൽ വിസ
റിയാദ്: സൗദിയിലേക്കുള്ള ഇ വിസ / ഓൺ അറൈവൽ വിസ സംവിധാനം ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.
തുർക്കി, തായ്‌ലൻഡ്, പനാമ, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സീഷെൽസ്, മൗറീഷ്യസ് എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ആണ് ഇനി ഇ വിസയിലോ ഓൺ അറൈവൽ വിസയിലോ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുക.
വിനോദം, ബിസിനസ്സ്, ഉംറ തുടങ്ങിയ ആവശ്യങ്ങൾക്കായി മേൽ; പരാമർശിച്ച രാജ്യക്കാർക്ക് ഇ-വിസകൾ ഇനി മുതൽ ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രാലയം വെളിപ്പെടുത്തി.
പുതിയ അപ്‌ഡേഷനോടെ സൗദിയിലേക്ക് ഇ വിസിറ്റ് വിസ അനുവദിച്ച രാജ്യക്കാരുടെ എണ്ണം 63 ആയി ഉയർന്നിട്ടുണ്ട്.
ഈ രാജ്യക്കാർക്ക് പുറമെ നേരത്തെ ഉപയോഗിച്ച സാധുവായ ഷെങ്കൻ, യുകെ, യുഎസ് വിസകൾ കൈവശമുള്ള മറ്റു രാജ്യങ്ങളിലെ വ്യക്തികളും സൗദി ഇ-വിസക്ക് യോഗ്യരാണ്. പുറമേ , EU, GCC രാജ്യങ്ങൾ, യുകെ, യുഎസ് എന്നിവിടങ്ങളിലെ സ്ഥിര താമസക്കാരായ വിദേശികളും ഈ വ്യവസ്ഥയിൽ ഉൾപ്പെടുന്നു.
കൂടാതെ, സൗദിയ, ഫ്ലൈനാസ് വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ അവസാന ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് 96 മണിക്കൂർ വരെ സൗദിയിൽ തങ്ങാൻ സാധിക്കുന്ന സൗജന്യ സ്റ്റോപ്പ് ഓവർ വിസയും സൗദി അറേബ്യ അനുവദിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa