സൗദിയിൽ നിന്ന് പോസ്റ്റ് പെയ്ഡ് ഫോൺ ബില്ലുകൾ അടക്കാതെ എക്സിറ്റിൽ പോയ വ്യക്തിക്ക് പിന്നീട് പുതിയ വിസയിൽ വരാൻ സാധിക്കുമോ
സൗദിയിൽനിന്ന് പോസ്റ്റ്പെയ്ഡ് ഫോൺ ബില്ലുകൾ അടക്കാതെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയ ഒരു വ്യക്തിക്ക് പിന്നീട് സൗദിയിലേക്ക് പുതിയ വിസയിൽ വരാൻ സാധിക്കുമോ എന്ന് സംശയം പല പ്രവാസികളും അറബ് മലയാളിയോട് ഉന്നയിച്ചിരുന്നു.
ഇത്തരക്കാർക്ക് പുതിയ വിസയിൽ സൗദിയിലേക്ക് വരുന്നതിന് നിലവിൽ പ്രശ്നമില്ല. എന്നാൽ പിന്നീട് റീഎൻട്രി വിസയിലും മറ്റും സൗദിയിൽ നിന്ന് പുറത്തു പോകാൻ ശ്രമിക്കുമ്പോൾ പഴയ ബില്ലുകൾ ഇത്തരക്കാർക്ക് പുലിവാലാകുന്നുണ്ട് എന്നത് ഒരു അനുഭവ യാഥാർത്ഥ്യമാണ്.
സൗദിയിലെ ടെലികോം സർവീസ് ദാതാക്കാളിൽ നിന്ന് പോസ്റ്റ് പെയ്ഡ് സിം എടുത്ത് ബിൽ അടക്കാതെയോ കാൻസൽ ചെയ്യാതെയോ നാട്ടിലേക്ക് പോയി പുതിയ വിസയിൽ വരുന്നവർക്ക് പണി കിട്ടുന്നതായി നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
താത്ക്കാലികമായി മൊബൈൽ ബിൽ അടക്കാതെ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാൻ സാധിച്ചാലും കാലമേറെ കഴിഞ്ഞാലും ഇത്തരക്കാരെ പിടി കൂടും എന്നാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
എക്സിറ്റടിച്ച് പുതിയ വിസയിൽ വന്നയാൾക്കും റി എൻട്രിയിൽ പോയി മൂന്ന് വർഷം കഴിഞ്ഞ് പുതിയ വിസയിൽ വന്നയാൾക്കും ഇത്തരത്തിൽ പഴയ മൊബൈൽ ബിൽ പാരയായതായി നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
ഇവർ പുതിയ ഇഖാമയിൽ എത്തി അവധിക്കായി റി എൻട്രി വിസയിൽ പോകാൻ സമയത്താണ് എയർപോർട്ട് എമിഗ്രേഷനിൽ നിന്ന് യാത്രാ വിലക്കുള്ളതായി അറിയാൻ സാധിച്ചത്. ഇവരുടെ പഴയ ഇഖാമ നംബറിലെടുത്ത പോസ്റ്റ് പെയ്ഡിന്റെ അടക്കാത്ത ബിൽ ആണ് ഇവർക്ക് വിനയായത്.
ഈ വിവരം തൻഫീദ് കോർട്ടിൽ നിന്നാണ് ഇവർക്ക് അറിയാൻ സാധിച്ചത്. ഇവരുടെ മേലുള്ള പെൻഡിംഗ് ആയ ബില്ലുകൾ വെച്ച് മൊബൈൽ കമ്പനി കേസ് ഫയൽ ചെയ്തതായിരുന്നു കാരണം.
ഫിംഗർ പ്രിന്റുമായി പഴയതും പുതിയതുമായ എല്ലാ രേഖകളും പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നതിനാൽ കാലം എത്ര കഴിഞ്ഞ് പുതിയ ഇഖാമയിൽ വന്നാലും പഴയ ബില്ലിലെ കുടിശ്ശിക പാരയാകും എന്നാണ് മേൽ സംഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
മുകളിൽ പരാമർശിച്ച വ്യക്തികൾ പിന്നീട് പെൻഡിംഗിലുള്ള ബില്ലുകൾ അടക്കുകയും യാത്രാ തടസ്സം നീങ്ങുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ താത്ക്കാലികമായി ഒരാശ്വാസം തോന്നാമെങ്കിലും ബില്ലുകൾ അടക്കാതെ നാട്ടിലേക്ക് പോകുന്നത് പിന്നീട് പുലിവാലാകുമെന്ന് ഓർക്കുക. അതോടൊപ്പം നമ്മുടെ പേരിലുള്ള പോസ്റ്റ്പെയ്ഡ് സിം കാൻസൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും വലിയ സുരക്ഷയാണെന്നോർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa