ഹമാസിന്റെ ഉന്നത നേതാവ് സാലിഹ് അൽ അരൂരി ബെയ്റൂത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടു
ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടു.
ഹമാസ് ഉപനേതാവിന്റെ മരണവാർത്ത ഹമാസ് മാധ്യമങ്ങളും ഔദ്യോഗികമായി അറിയിച്ചു. അൽ-അറൂരി കൊല്ലപ്പെട്ടതായി ലെബനീസ് അൽ-മയദീൻ ചാനലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ ഡെപ്യൂട്ടി ചീഫും ഫലസ്തീൻ ഗ്രൂപ്പിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരിലൊരാളുമായിരുന്നു അൽ-അറൂരി. 1966-ൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലാണ് അദ്ദേഹം ജനിച്ചത്.
15 വർഷത്തോളം ഇസ്രായേൽ ജയിലിൽ കഴിഞ്ഞ അദ്ദേഹം ദീർഘകാലം ലെബനനിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഗാസയിലെ യുദ്ധത്തിൽ ഹമാസിന്റെ യുദ്ധ മുന്നേറ്റങ്ങളുടെ വക്താവായി അദ്ദേഹം പ്രവർത്തിച്ചു.
ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിന് മുമ്പ് തടവുകാരെ കൈമാറുന്ന കരാറിനെക്കുറിച്ച് ഹമാസ് ചർച്ച ചെയ്യില്ലെന്ന് അദ്ദേഹം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
എല്ലാ സൈനിക സാഹചര്യങ്ങൾക്കും ഹമാസ് തയ്യാറാണെന്നും എതിർപ്പിനെ കുറിച്ച് ഭയമോ ആശങ്കയോ ഇല്ല എന്നും യുദ്ധം തങ്ങൾ വിജയിക്കും എന്നും അദ്ദേഹം പറഞ്ഞിടാരുന്നു.
ഒക്ടോബർ 7 ന് ഗാസയിൽ യുദ്ധം തുടങ്ങിയതിന് ശേഷം റാമല്ലയ്ക്ക് സമീപമുള്ള സാലിഹ് അൽ അരൂരിയുടെ വീട് ഇസ്രായേൽ സൈന്യം തകർത്തിരുന്നു.
2015-ൽ യുഎസ് സർക്കാർ അരൂരിയെ ആഗോള തീവ്രവാദി ആയി പ്രഖ്യാപിക്കുകയും അരൂരിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa