തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി
തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ മാസ്ക് ധരിക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി സ്വദേശികളോടും, വിദേശികളോടും നിർദ്ദേശിച്ചു.
പകർച്ചവ്യാധികളുടെ വ്യാപനത്തിൽ നിന്ന് വ്യക്തികളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിനും, ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗവുമായിട്ടാണ് ഈ ശുപാർശ.
തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് മാസ്ക് ധരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുകയാണെന്ന് അതോറിറ്റിയിലെ പകർച്ചവ്യാധി നിയന്ത്രണ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. ഇമാദ് അൽ മുഹമ്മദി പറഞ്ഞു.
മാസ്ക് ധരിക്കാനുള്ള ഉപദേശം കോവിഡ് 19 നും അതിന്റെ വകഭേദങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും എല്ലാ പകർച്ചവ്യാധികൾക്കും ബാധകമാണെന്നും അദ്ദേഹം വിശദീകരിച്ചു.
വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആശുപത്രി സന്ദർശകർ എന്നിവർ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്നുള്ള സുരക്ഷക്കായി മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യവും ഡോ. അൽ-മുഹമ്മദി എടുത്തുപറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa