രണ്‍ജിത്ത് ശ്രീനിവാസൻ കൊലപാതകം; 15 പ്രതികള്‍ക്കും വധശിക്ഷ
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധ ശിക്ഷ. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.
എസ് ഡി പി ഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞ് 2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ ഒരു മാസം പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നു. ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ കേസില്‍ ഉള്‍പ്പെട്ട 35 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. 90 ദിവസത്തിനുള്ളില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 15 കുറ്റവാളികളെയും പ്രതിയാക്കി ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ മേല്‍ കോടതിയെ സമീപിച്ചതോടെ നടപ്പടികള്‍ നീണ്ടുപ്പോവുകയായിരുന്നു. പിന്നീടാണ് നടപടികളും വിചാരണയും പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബര്‍ 15ന് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.
ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്നും കൊലപാതകത്തിലും ഗൂഡാലോചനയിലും ഒരുപോലെ പങ്കുള്ളവരാണെന്നും ഈ മാസം 20ന് ജഡ്ജി വിജി ശ്രീദേവി വിധി പ്രഖ്യാപിച്ചു. 25 ന് ശിക്ഷാവിധിയില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ടിരുന്നു. ഇതിനുശേഷമാണ് ഇന്ന് കോടതി അന്തിമ ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
കൊലപാതകത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടന്നു കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഐപിസി 449, 447, 506(2), 324, 323, 341, 201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa