വ്യാജ ഹുറൂബ്; കഫീൽ പ്രവാസിക്ക് വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് വിധി
അബ്ഹ: പ്രവാസിയെ അനാവശ്യമായി ഹുറൂബാക്കിയ (ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ) കഫീൽ പ്രവാസിക്ക് 1,80,000 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് ലേബർ ബെഞ്ച് വിധി.
നിയമപരമല്ലാതെ തൊഴിൽ കരാർ അവസാനിപ്പിക്കുകയും കഫാല മാറാൻ അനുവദിക്കാതിരിക്കുകയും അർഹതപ്പെട്ട സാലറിയും സർവീസ് ബെനെഫിറ്റും ലഭ്യമാക്കാതിരിക്കുകയും ചെയ്ത തൊഴിലുടമക്കെതിരെടമക്കെതിരെ പ്രവാസി തൊഴിലാളി ലേബർ കോർട്ടിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ, കരാറിൽ ബാക്കിയുള്ള 8 മാസക്കാലയളവിലേക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും സ്പോൺസർ തൊഴിലാളിക്ക് നൽകണമെന്ന് കോടതി വിധിച്ചു.
എന്നാൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ തൊഴിലാളിക്ക് നൽകാതിരിക്കാൻ കഫീൽ തൊഴിലാളി ഹുറൂബ് (ഒളിച്ചോടൽ) ആയതായി റിപ്പോർട്ട് ചെയ്യുകയായിരുന്നു.
തുടർന്ന്, തന്നെ സ്പോൺസർ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് തൊഴിലാളി അബഹ ലേബർ കോർട്ടിൽ പരാതിപ്പെട്ടു. പരാതി നൽകി രണ്ട് വർഷങ്ങൾ കൊണ്ടാണ് തന്നെ അനാവശ്യമായി ഹുറുബാക്കിയതാണെന്ന് തെളിയിക്കാൻ തൊഴിലാളിക്ക് സാധിച്ചത്.
ലേബർ കോർട്ടിന്റെ വിധിയുടെ പിറകെ ഹുറൂബ് നീക്കം ചെയ്തെങ്കിലും കഫീൽ സഹകരിക്കാതിരുന്നതിനാൽ കഫാല മാറുന്നതിനും മറ്റും സാധിക്കാത്ത തൊഴിലാളി ജോലി ചെയ്യാൻ കഴിയാതെ സൗദിയിൽ തുടരേണ്ടി വന്നു. തുടർന്ന് നഷ്ടപരിഹാരവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാൻ തൊഴിലാളി അപ്പീൽ കോർട്ടിൽ പരാതിപ്പെടുകയും ലേബർ ബെഞ്ച് നഷ്ടപരിഹാരത്തുക നൽകാൻ വിധി പുറപ്പെടുവിക്കുകയുമായിരുന്നു.
വ്യാജ ഹുറൂബ് കേസുകളിൽ തൊഴിലാളിക്കനുകൂലമായി വിധികൾ വന്ന ധാരാളം സംഭവങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ അനാവശ്യമായി ഹുറൂബാക്കപ്പെട്ടവർ എക്സിറ്റിനെക്കുറിച്ച് വേഗം ചിന്തിക്കാതെ ഹുറൂബ് നീക്കാനായി നിയമ വഴികൾ തേടുന്നത് ആണ് ഉചിതമായ വഴിയെന്ന് ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് ചെറൂർ അറേബ്യൻ മലയാളിയെ അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa