ഈ വർഷത്തെ റമളാൻ ആരംഭവും ചെറിയ പെരുന്നാളും എന്നായിരിക്കുമെന്ന് വെളിപ്പെടുത്തി ഗോള ശാസ്ത്ര നിരീക്ഷകർ
സൗദിയടക്കമുള്ള ഭൂരിഭാഗം ഇസ്‌ലാമിക രാജ്യങ്ങളിലും ഈ വർഷത്തെ റമളാൻ മാസത്തിൻ്റെ ആരംഭവും ചെറിയ പെരുന്നാളും എന്നായിരിക്കുമെന്ന് നിരീക്ഷിച്ച് ഗോള ശാസ്ത്രജ്ഞർ.
വിശുദ്ധ റമളാൻ മാസം 2024 മാർച്ച് 11 തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് ഗോള ശാസ്ത്ര നിരീക്ഷകർ സാധ്യത കൽപ്പിക്കുന്നത്.
ശഅബാൻ മാസം 29 ദിവസമേ ഉണ്ടായിരിക്കുകയുള്ളൂവെന്നും മാർച്ച് 10 ഞായറാഴ്‌ച സുരാസ്തമയ ശേഷം റമളാൻ മാസപ്പിറവി ദൃശ്യമാകുമെന്നും നിരീക്ഷകർ സൂചിപ്പിക്കുന്നു.
ജ്യോതിശാസ്ത്ര നിരീക്ഷണം അനുസരിച്ച്, വിശുദ്ധ റമളാൻ മാസം 30 ദിവസം നീണ്ടുനിൽക്കും. സ്വാഭാവികമായും ഏപ്രിൽ10 ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ ദിനം.
ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, എമിറേറ്റ്‌സ്, കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ, ഫലസ്തീൻ തുടങ്ങി ഒട്ടുമിക്ക അറബ് രാജ്യങ്ങളിലും അനുഗ്രഹീതമായ റമദാൻ മാസത്തിൻ്റെ ആദ്യ ദിവസങ്ങളിൽ നോമ്പ് 13 മണിക്കൂറിൽ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു . എന്നാൽ അവസാന ദിനങ്ങളിൽ നോമ്പ് സമയം 14 മണിക്കൂർ കവിയും.
അതേ സമയം ഗോള ശാസ്ത്രക്കണക്കുകൾ ഉണ്ടെങ്കിലും മാസപ്പിറവി കാണുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സൗദിയടക്കമുള്ള ഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും മാസപ്പിറവി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ”മാസപ്പിറവി കാണുമ്പോൾ നോമ്പെടുക്കുക, കാണുമ്പോൾ നോമ്പ് മുറിക്കുക, ഇനി മേഘാവൃതമാണെങ്കിൽ (മേഘം കാരണം മാസപ്പിറവി കണ്ടില്ലെങ്കിൽ), മുപ്പത് ദിവസം പൂർത്തിയാക്കുക”- എന്ന നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ തിരു വാക്യം ആണ് ഈ നിലാപാടിനാധാരം.അത് കൊണ്ട് തന്നെ എല്ലാ അറബ് മാസവും 29 ന് മാസപ്പിറവി നിരീക്ഷിക്കാൻ ഇസ്‌ലാമിക രാജ്യങ്ങൾ വിശ്വാസികളോട് ആവശ്യപ്പെടാറുണ്ട് എന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa