ഗാസ ചാരത്തിൻ കീഴിലായിരിക്കുമ്പോൾ നമ്മൾ എന്ത് അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് സൗദി അറേബ്യ
ജനീവ : ഇസ്രായേൽ അധിനിവേശ സൈന്യത്തിൻ്റെ നിർബന്ധിത നാടുകടത്തലിൻ്റെ ഫലമായി ലക്ഷക്കണക്കിന് ഫലസ്തീനികളുടെ അവസാന അഭയകേന്ദ്രമായ റഫയെ ആക്രമിക്കുമെന്ന ഇസ്രായേൽ ഭീഷണിയുടെ വിനാശകരമായ പ്രത്യാഘാതങ്ങൾക്കെതിരെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി.
ജനീവയിൽ നടക്കുന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിൻ്റെ 55-ാമത് സെഷനിൽ പങ്കെടുക്കുന്ന സൗദി പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് ഫൈസൽ രാജകുമാരൻ തൻ്റെ പ്രസംഗത്തിൽ രാജ്യത്തിന്റെ ശക്തമായ നിലപാട് വ്യക്തമാക്കി.
”ഫലസ്തീനിലെ ദാരുണമായ സാഹചര്യം അവഗണിച്ചാൽ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു സ്ഥാപനപരമായ സംഭാഷണവും ഗൗരവമായി കാണാനാകില്ല. ഗാസ ചാരത്തിന് കീഴിലായിരിക്കുമ്പോൾ നമ്മൾ എന്ത് അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്? ഗാസയിലെ ജനങ്ങൾ കുടിയിറക്കപ്പെടുകയും മനുഷ്യാവകാശ ലംഘനത്തിൻ്റെ ഏറ്റവും വൃത്തികെട്ട രൂപങ്ങൾ അനുഭവിക്കുകയും ചെയ്യുമ്പോൾ അന്താരാഷ്ട്ര സമൂഹത്തിന് എങ്ങനെ നിശബ്ദത പാലിക്കാൻ കഴിയും?”, രാജകുമാരൻ ചോദിച്ചു.
”രണ്ട് ദശലക്ഷത്തിലധികം ആളുകളുടെ പട്ടിണി, സുരക്ഷയുടെ അഭാവം, വെള്ളം, വൈദ്യുതി, മരുന്ന് തുടങ്ങിയ അടിസ്ഥാന സേവനങ്ങളുടെ തടസ്സവും . കൂടാതെ ഗാസയിൽ നിന്ന് 30,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”ഇതൊക്കെയാണെങ്കിലും, സെക്യൂരിറ്റി കൗൺസിൽ അതിൻ്റെ മീറ്റിംഗുകൾ ഫലമില്ലാതെ നടത്തുന്നു,” അദ്ദേഹം വിമർശിച്ചു.
ഗാസയുമായി ബന്ധപ്പെട്ട യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം നമ്പർ 2720 നടപ്പാക്കണമെന്നും അതിനനുസൃതമായി മാനുഷിക സംവിധാനം സജീവമാക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. അന്യായമായ മനുഷ്യ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി ദുരിതാശ്വാസ ട്രക്കുകളുടെയും മാനുഷിക സഹായങ്ങളുടെയും പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട മന്ത്രി അടിയന്തര വെടിനിർത്തലിനുള്ള രാജ്യത്തിൻ്റെ ആഹ്വാനം പുതുക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa