ഫുൾ എ പ്ലസ് ഒന്നുമില്ല, മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു’; പിതാവിന്റെ കുറിപ്പ് വൈറലാകുന്നു
എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിനു പിന്നാലെ സ്വന്തം കുട്ടികൾക്ക് കിട്ടിയ എ പ്ലസിന്റെ കണക്കും മാർക്ക് ലിസ്റ്റും ഷെയർ ചെയ്യുന്ന തിരക്കിലാണ് സമൂഹമാധ്യമത്തിൽ നിരവധി രക്ഷിതാക്കൾ.
ഈ ബഹളത്തിനിടയിൽ മകന് ഫുൾ എ പ്ലസ് ഇല്ലെങ്കിലും അവനെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന ഒരു പിതാവിന്റെ കുറിപ്പ് വൈറലാവുന്നു. എഴുത്തുകാരനായ മുഹമ്മദ് അബ്ബാസ് ആണ് ആ പിതാവ്.
മുഹമ്മദ് അബ്ബാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ വായിക്കാം.
“ഫുൾ എ പ്ലസ് ഒന്നുമില്ല. രണ്ട് എ പ്ലസ് , ബാക്കി എ യും ,ബി യും .
ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ
ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന് ,
ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന് , സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന് .
ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന് ,
ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് , നന്നായിട്ട് പന്തു കളിക്കുന്നതിന് ,
ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നെറുകയിൽ ഉമ്മ വെയ്ക്കുന്നു.
ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും ,മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നു. ഒത്തിരി സ്നേഹത്തോടെ, അതിലേറെ അഭിമാനത്തോടെ
മുഹമ്മദ് ഹാഷിമിൻ്റെ ഉപ്പ , അബ്ബാസ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa