സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കായി ജൂലൈ 1 മുതൽ വേതന സംരക്ഷണ സേവനം നടപ്പിലാക്കും
സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട വേതന സംരക്ഷണ സേവനം മുസാനദ് പ്ലാറ്റ്‌ഫോമിലൂടെ നടപ്പിലാക്കാനുള്ള തീരുമാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
ആദ്യഘട്ടത്തിൽ, 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ കരാറുകൾക്ക് കീഴിൽ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് വേതന സംരക്ഷണ സേവനം നടപ്പിലാക്കും.
നിലവിലുള്ള വീട്ടുജോലിക്കാരുടെ കരാറിനെ സംബന്ധിച്ചിടത്തോളം, ഓരോ തൊഴിലുടമയുടെയും കീഴിലുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഘട്ടം ഘട്ടമായി ഇത് ബാധകമാക്കും.
ഇപ്രകാരം 2026 ജനുവരി ഒന്നിന് എല്ലാ വിഭാഗം ഗാർഹിക തൊഴിലാളികളും ഈ സേവനത്തിന് കീഴിൽ വരും.
ഗാർഹിക തൊഴിലാളി മേഖല വികസിപ്പിക്കുന്നതിലും വീട്ടുജോലിക്കാരുടെയും അവരുടെ തൊഴിലുടമകളുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിലും മന്ത്രാലയത്തിൻ്റെ സംരംഭങ്ങളുടെ തുടർച്ചയാണ് ഈ സേവനം.
നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് 2025 ജനുവരി 1 മുതലും, മൂന്നോ അതിലധികമോ തൊഴിലാളികളുള്ളവർക്ക് ജൂലൈ 1, 2025 മുതലും, രണ്ടോ അതിലധികമോ തൊഴിലാളികളുള്ളവർക്ക് 2025 ഒക്ടോബർ 1മുതലും സേവനം ബാധകമാകും.
നിർദ്ദിഷ്ട ഔദ്യോഗിക ചാനലുകളിലൂടെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകുന്ന സേവനം തൊഴിലുടമയ്ക്ക് നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കും.
തൊഴിലുടമയും തൊഴിലാളിയും തമ്മിൽ തർക്കം ഉണ്ടാകുമ്പോൾ രണ്ടു കൂട്ടരുടെയും സംരക്ഷണത്തിനും ഈ സേവനം വഴിയൊരുക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa