സൗദിയിൽ ശക്തമായ ബിനാമി പരിശോധന; നുറിലധികം പേർ അറസ്റ്റിൽ
റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ബിനാമി പരിശോധനകൾ ശക്തമായി തുടരുന്നു.
കഴിഞ്ഞ മാസത്തിൽ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ബിനാമി കുറ്റകൃത്യങ്ങളിൽ ഭാഗമായ 117 പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.
വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ പ്രോഗ്രാം ടു കോംബാറ്റ് കൊമേഴ്‌സ്യൽ കൺസീൽമെൻ്റിലെ ഇൻസ്‌പെക്ടർമാർ കഴിഞ്ഞ മാസത്തിൽ രാജ്യത്തുടനീളം 6,663 ബിനാമി പരിശോധനാ ടൂറുകൾ നടത്തി.
നിരവധി റെസ്റ്റോറൻ്റുകൾ, കാർ സർവീസ്, റിപ്പയർ ഷോപ്പുകൾ, കാറ്ററിംഗ്, പുരുഷന്മാരുടെ സലൂണുകൾ, ജനറൽ കോൺട്രാക്ടിംഗ്, കൺസ്ട്രക്ഷൻ ഓഫീസുകൾ എന്നിവ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിശോധനയിൽ പിടിക്കപ്പെട്ട നിയമലംഘകർക്കുള്ള ശിക്ഷകളിൽ അഞ്ച് വർഷം വരെ തടവും പരമാവധി 5 മില്യൺ റിയാൽ പിഴയും, അന്തിമ ജുഡീഷ്യൽ വിധികൾ പുറപ്പെടുവിച്ചതിന് ശേഷം ബിനാമിബിസിനസിൽ നിന്നുള്ള അനധികൃത വരുമാനം പിടിച്ചെടുക്കലും കണ്ടുകെട്ടലും ഉൾപ്പെടുന്നു.
സ്ഥാപനം അടച്ചുപൂട്ടൽ, പ്രവർത്തനം അവസാനിപ്പിക്കൽ, വാണിജ്യ രജിസ്റ്റർ കാൻസൽ ചെയ്യൽ, വാണിജ്യ പ്രവർത്തനങ്ങൾ തടയൽ, സകാത്ത്, ഫീസും നികുതിയും ഈടാക്കൽ, അപകീർത്തിപ്പെടുത്തൽ, സൗദി അറേബ്യയിൽ നിന്ന് നാട് കടത്തി ജോലി വിസയിൽ രാജ്യത്തേക്ക് തിരികെ വരുന്നതിനു വിലക്കേർപ്പെടുത്തൽ എന്നിവയും ശിക്ഷകളിൽ ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa