Sunday, November 24, 2024
Saudi ArabiaTop Stories

ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; മക്കയിൽ ബ്രെയിൻ ട്യൂമർ ബാധിച്ച ഹജ്ജ് തീർത്ഥാടകനെ രക്ഷപ്പെടുത്തി

മക്കയിൽ ഏഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ബ്രെയിൻ ട്യൂമർ ബാധിച്ച ഹജ്ജ് തീർഥാടകന്റെ ജീവൻ രക്ഷപ്പെടുത്തി.

മക്ക ഹെൽത്ത് ക്ലസ്റ്ററിലെ അംഗമായ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയുടെ ന്യൂറോ സയൻസ് സെന്ററിലെ പ്രത്യേക മെഡിക്കൽ സംഘമാണ് 70 വയസ്സുള്ള തീർത്ഥാടകന്റെവലിയ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തത്.

അൾജീരിയൻ പൗരനായ തീർത്ഥാടകൻ ഹജ്ജ് മിഷന്റെ ആസ്ഥാനത്ത് വെച്ച് ബോധം നഷ്ടപ്പെട്ടതിനാൽ അദ്ദേഹത്തെ കിംഗ് ഫൈസൽ ഹോസ്പിറ്റലിലേക്ക് അടിയന്തരമായി മാറ്റുകയായിരുന്നു.

ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷം കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. സിടി സ്‌കാൻ ഉപയോഗിച്ചുള്ള വിശദമായ പരിശോധനയിൽ ബ്രെയിൻ ട്യൂമറിന്റെ സാന്നിധ്യം കണ്ടെത്തി.

ഏഴ് മണിക്കൂർ നീണ്ടുനിന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായി നീക്കം ചെയ്യാൻ ന്യൂറോ സർജറി, അനസ്‌തേഷ്യോളജി ടീം ഉൾപ്പെടുന്ന സംഘത്തിന് കഴിഞ്ഞു.

ആരോഗ്യത്തോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ട തീർത്ഥാടകൻ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാൻ മിഷന്റെ ആസ്ഥാനത്തേക്ക് മടങ്ങി.

ഹജ്ജ് പൂർത്തിയാക്കുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ഉയർന്ന തലത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തെ പ്രശംസിച്ചുകൊണ്ട് തീർത്ഥാടകൻ മെഡിക്കൽ ടീമിന്റെ പരിശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa