Thursday, November 21, 2024
Pravasi Voice

ജോലിയും റീൽസും, ഒരു താത്വിക അവലോകനം

ജോലിക്കിടയിൽ അല്പം ആസ്വാദനമൊക്കെ ആവാം. ഓഫീസിൽ ഒരു റീൽസ് ചെയ്തെന്നുള്ള ബഹളമൊക്കെ നല്ല രീതിയിൽ തന്നെ അവസാനിച്ചെന്ന് കരുതാം. ജോലികൾക്ക് മുടക്കവും താമസവും വരാതെയുള്ള ഇത്തരം നുറുങ്ങുകളെ ഇനിയും പ്രോത്സാഹിപ്പിക്കണം. സ്ഥാപനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പശ്ചാത്തലമോ മറ്റു വിവരങ്ങളോ ചിത്രീകരണത്തിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ അതിൽ ജാഗ്രതയും വേണം.

ശ്വാസം പിടിച്ചിരുന്നു ക്ലോക്കിൽ നോക്കി ജോലിയെടുക്കാൻ ആത്മാവുള്ള മനുഷ്യർക്ക് ബുദ്ധിമുട്ടാകും. ആത്മാവിൽ ഒരംശം തന്റെ പ്രവർത്തിയിൽ പ്രതിഫലിക്കാതെ ഏറെ കാലം മുന്നോട്ട് പോവുകയെന്നത് മനുഷ്യന് അസാധ്യമായ കാര്യമാണ്. ജോലി സമയങ്ങളിലെ ചെറിയ ഇടവേളകളും അതിലെ സര്‍ഗാത്മകതയുമെല്ലാം ഉദ്യോഗസ്ഥരുടെ ഉത്പാദനക്ഷമത കൂട്ടുകയേ ഉള്ളു. ഇതൊന്നും മോശം വ്യതിയാനങ്ങളല്ല, മറിച്ച് അനിവാര്യമായ നല്ല മാറ്റങ്ങളാണ്.

പാശ്ചാത്യ രാജ്യങ്ങളൊക്കെ ഇതിൽ എന്നേ ബഹുദൂരം മുന്നേറിയിരിക്കുന്നു. പല ബഹുരാഷ്ട്ര കമ്പനികളുടെയും അകത്തേക്ക് പ്രവേശിച്ചാൽ അതൊരു ജോലിസ്ഥലമാണോന്ന് വരെ സംശയിച്ചു പോകുന്ന രീതിയിലാണ് അവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ.

അത്രയ്ക്കൊന്നും സാധിക്കില്ലെങ്കിലും പ്രായോഗികമായ രീതിയിലെല്ലാം തൊഴിലാളികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കേണ്ടത് സ്ഥാപനത്തിൻറെ കൂടി ആവശ്യമാണെന്ന തിരിച്ചറിവാണ് അടിസ്ഥാനപരമായി ആദ്യം വേണ്ടത്, ബാക്കിയെല്ലാം പുറകെ വന്നോളും.

ചെയുന്നത് റീൽസ് ആണെങ്കിലും മറ്റെന്താണെങ്കിലും മികവ് പുലർത്താൻ അത് ചെയ്യുന്നവരും ശ്രദ്ധിക്കണം. ലൈക്കുകൾ വാരിക്കൂട്ടി വിൽക്കാൻ വേണ്ടി നിലവാരവും സഭ്യതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കാട്ടിക്കൂട്ടലുകളാണ് സാമൂഹിക മാധ്യമ രംഗത്ത് വർത്തമാനകാലം നേരിടുന്ന പ്രധാന വെല്ലുവിളി. ചെയ്യുന്ന നുറുങ്ങുകൾ നിലവാരമുള്ളതും സമൂഹത്തിന് ഉപകരിക്കുന്ന രീതിയിൽ കാമ്പുള്ളതും ആവുമ്പോൾ സർവ്വം മംഗളം.

സംഭവിക്കുന്നതെല്ലാം നല്ലതിന്. പുതിയ സംഭവ വികാസങ്ങൾ കേരളത്തിലെ തൊഴിൽ അന്തരീക്ഷത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാനും ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനും ഉപകരിക്കട്ടെ.

റീൽസിനെ സ്വാഗതം ചെയ്തുള്ള വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും ഇതിനൊപ്പം കൂട്ടിവായിക്കാം. അപ്പോഴും ജോലിയൊന്നും എടുക്കാതെ റീൽസുമായി കറങ്ങുന്നവർ മറ്റുള്ളവർക്ക് ഒരു ജോലിയായി തുടരും.

സഫ്‌വാൻ പെരിഞ്ചീരിമാട്ടിൽ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa