വൈദ്യുതി വിതരണം തടസ്സപ്പെട്ടു; ഉപഭോക്താക്കൾക്ക് 2,000 റിയാൽ നഷ്ടപരിഹാരം നൽകി സൗദി ഇലക്ട്രിസിറ്റി കമ്പനി
സൗദിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന്, സൗദി ഇലക്ട്രിസിറ്റി കമ്പനി ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുകയും, 2,000 റിയാൽ നഷ്ടപരിഹാരം നൽകുകയും ചെയ്തു.
സൗദി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനി 2,000 റിയാൽ വൈദ്യുതി മുടക്കം ബാധിച്ച ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചത്.
ഗ്യാരണ്ടീഡ് ഇലക്ട്രിസിറ്റി സ്റ്റാൻഡേർഡ് ഗൈഡ് അനുസരിച്ചുള്ള നഷ്ടപരിഹാരവും അടുത്ത 10 ദിവസത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
സൗദിയിലെ ശറൂറ ഗവർണറേറ്റിലാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടത്, തുടർന്ന് കമ്പനി ക്ഷമാപണം നടത്തുകയും വൈദ്യുതി മുടക്കം സംഭവിച്ച കാലയളവിനുള്ള നഷ്ടപരിഹാരം കണക്കാക്കി ഉപഭോക്താക്കൾക്ക് നൽകുകയുമായിരുന്നു.
സൗദിയിലെ നിയമ പ്രകാരം വൈദ്യുതി സേവനം തടസ്സപ്പെട്ടാൽ, സേവന ദാതാവ് എത്രയും വേഗം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണം, ഒരു കാരണ വശാലും തടസ്സം 6 മണിക്കൂറിൽ കൂടാൻ പാടില്ലെന്നും ഗ്യാരണ്ടിഡ് സ്റ്റാൻഡേർഡ് ഗൈഡ് വ്യവസ്ഥ ചെയ്യുന്നു.
ഈ മാനദണ്ഡം പാലിക്കുന്നതിൽ സേവന ദാതാവ് പരാജയപ്പെട്ടാൽ, അയാൾ ഉപഭോക്താവിന് 200 റിയാൽ നഷ്ടപരിഹാരം നൽകണം, കൂടാതെ അധികമായി വരുന്ന ഓരോ മണിക്കൂറിനും 50 റിയാൽ അധികമായി നൽകണം.
ഇത് പ്രകാരം ശറൂറയിലെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര തുക നിക്ഷേപിക്കുകയും, അവരുടെ ഫോണിലേക്ക് ക്ഷമാപണം നടത്തിക്കൊണ്ടുള്ള മെസ്സേജുകൾ അയക്കുകയും ചെയ്തുവെന്ന് കമ്പനി അറിയിച്ചു.
ഇതിനു പുറമെ വൈദ്യുതി സേവനം തടസ്സപ്പെട്ടതിനെ കുറിച്ച് ഡയറക്ടർ ബോർഡ് അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകുകയും, ഉത്തരവാദികളായവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും അന്വേഷണങ്ങളോ പരാതികളോ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനും, ഉപയോക്താക്കളോട് ക്ഷമാപണം നടത്താനും, നഷ്ടപരിഹാര തുകയെ കുറിച്ച് അറിയിക്കാനും ഡയറക്ടർ ബോർഡ് വൈദ്യുതി കമ്പനിയോട് നിർദ്ദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa