Thursday, November 21, 2024
FeaturedTop Storiesലേഖനം

ചെറുപ്രായത്തിൽ ഒളിച്ചോടുന്ന പെൺകുട്ടികൾ; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

ചെറുപ്രായത്തിൽ പെൺകുട്ടികൾ ഒളിച്ചോടുന്നതും, മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുകയും ചെയ്യന്നത് മുൻ കാലങ്ങളെ അപേക്ഷിച്ച് വളരെയധികം വർദ്ധിച്ച ഒരു കാലഘട്ടമാണിത്. 

സ്മാർട്ട്ഫോണുകൾ സർവ്വസാധാരണമാകുകയും, കോവിഡ് കാലഘട്ടത്തിൽ പരിധികളില്ലാതെ  ചെറിയ കുട്ടികൾക്ക് പോലും ഫോൺ യഥേഷ്ട്ടം ഉപയോഗിക്കാൻ അവസരം ലഭിക്കുകയും ചെയ്തത് ഒളിച്ചോട്ടങ്ങൾ വർദ്ധിക്കാൻ കാരണമായതായി കാണാം.

കുറച്ചു മാസങ്ങളുടെയോ ആഴ്ച്ചകളുടെയോ മാത്രം പരിചയത്തിൽ ഒളിച്ചോടുന്ന പെൺകുട്ടികളും ഈ കൂട്ടത്തിലുണ്ട്. മിക്ക കേസുകളും സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആളോടൊപ്പം ഒളിച്ചോടുന്നതാണ്. ചിലർ നേരിട്ട് കണ്ടിട്ടുപോലും ഇല്ലാത്ത പുരുഷന്മാരോടൊപ്പമാണ് ഒളിച്ചോടുന്നത്. ഇതിൽ തന്നെ പല പുരുഷന്മാരും ഭാര്യയും കുട്ടികളും ഉള്ളവരായിരിക്കും.

പ്രായപ്പൂർത്തിയെത്തിയ ഒരു പെൺകുട്ടിക്ക് ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാൻ നമ്മുടെ നിയമങ്ങൾ അനുവദിക്കുന്നത് കൊണ്ട് തന്നെ ഇത്തരം ഒളിച്ചോട്ടങ്ങളിൽ മിയ്ക്കവാറും മാതാപിതാക്കൾക്ക് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയൂ. 

പ്രത്യാഘാതം 

സമൂഹത്തിന്റെ മുമ്പിൽ ഒളിച്ചോട്ടങ്ങളിൽ പ്രതികളാകുന്നത് ആ വ്യക്തികൾ മാത്രമല്ല മറിച്ച് അവളെ വളർത്തി വലുതാക്കിയ  മാതാപിതാക്കൾ കൂടിയാണ്. വളരെ വലിയ പ്രത്യാഘാതമാണ് ഇത് ആ കുടുംബത്തിൽ സൃഷ്ടിക്കുന്നത്. ഒരുപാട് പ്രതീക്ഷയോട് കൂടി പതിനെട്ടു കൊല്ലം ബുദ്ധിമുട്ടുകൾ സഹിച്ച്  നോക്കി വളർത്തിയ മാതാപിതാക്കൾ ഒരു സുപ്രഭാതത്തിൽ ഈ കുട്ടികൾക്ക് ആരുമല്ലാതായിത്തീരുന്നത് വല്ലാത്തൊരു അവസ്ഥയാണ്. 

തികച്ചും അപമാനകരമായ ഒരു സാഹചര്യത്തിലേക്കാണ് ഇത്തരം ഒളിച്ചോട്ടങ്ങൾ മാതാപിതാക്കളെയും മറ്റു കുടുംബാംഗങ്ങളെയും കൊണ്ടെത്തിക്കുന്നത്.  മക്കളെ കുറിച്ച് സുഹൃത്തുക്കളോടും, ബന്ധുക്കളോടും മറ്റും വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു പിതാവിന് ആ മക്കൾ കാരണം ഒരു സുപ്രഭാതത്തിൽ ആ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും  മുഖത്ത് നോക്കാൻ പറ്റാത്ത ഒരവസ്ഥ സംജാതമാകുന്നത് എത്ര സങ്കടകരമാണെന്ന് ഒന്ന് ഓർത്ത് നോക്കൂ.

ഒളിച്ചോടിയ പെൺകുട്ടിയുടെ കുടുംബം എന്ന പേരിൽ ആയിരിക്കും ആ കുംടുംബം തന്നെ പിന്നീട് അറിയപ്പെടുക. ആ കുടുംബത്തിലെ മറ്റു അംഗങ്ങളുടെ വിവാഹത്തെ വരെ അത് ബാധിക്കും. ഒളിച്ചോടുന്ന പല പെൺകുട്ടികളുടെയും മാതാപിതാക്കൾ പിന്നീട് ആ ഷോക്കിൽ നിന്നും തിരിച്ചു വരാതെ പിന്നീടുള്ള കാലം മുഴുവൻ തളർന്ന് കിടക്കുന്ന അവസ്ഥകൾ മുതൽ മരണപ്പെടുന്ന അവസ്ഥ വരെ  ഉണ്ടാവാറുണ്ട്.

എത്ര അനുയോജ്യമായ ബന്ധമാണെങ്കിലും ഒരിക്കലും തന്റെ മക്കൾ ഒരാളുടെ കൂടെ ഒളിച്ചോടുന്നത്  ഒരു മാതാപിതാക്കൾക്കും സഹിക്കാൻ കഴിയുന്നതല്ല. 

ഒളിച്ചോടുന്ന പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം, മാതാപിതാക്കളുടെ സംരക്ഷണം ഇല്ലാതിരിക്കുന്നത് അവരുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കുന്ന എല്ലാ പീഢനങ്ങളും സഹിച്ചു കഴിയുകയേ ഇവർക്ക് നിർവാഹമുണ്ടാകൂ. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നത് കൊണ്ട് തന്നെ മാതാപിതാക്കളോട് പരാതി പറയാനും കഴിയാത്ത ഒരവസ്ഥയിലായിരിക്കും.  പ്രതീക്ഷിച്ച ഒരു ജീവിതം ലഭിക്കാതെ വരുമ്പോൾ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്ന കുട്ടികളും കുറവല്ല.  

കാരണം

ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്തം മുഴുവൻ സമൂഹം കൽപ്പിച്ചു കൊടുക്കുന്നത് പെൺകുട്ടിയുടെ മാതാപിതാക്കൾക്കായിരിക്കും.  മുഴുവനായി മാതാപിതാക്കളുടെ തെറ്റല്ലെങ്കിൽ കൂടി അവർക്ക്  ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. 

ഫോണും സോഷ്യൽ മീഡിയയുമൊക്കെയാണ്  ഇന്നത്തെ സാഹചര്യത്തിൽ വില്ലന്മാരാകുന്നത്. സംശയം തോന്നി കുട്ടികളുടെ ഫോൺ പരിശോധിച്ചിട്ടും കാര്യമില്ല എന്നതാണ് വാസ്തവം. കുട്ടികൾ ഫോൺ പരിശോധിക്കാൻ കൊടുത്താലും അതിൽ മാതാപിതാക്കൾക്ക് കാര്യമായി ഒന്നും കണ്ടു പിടിക്കാൻ കഴിയില്ല. അവർ നോക്കുന്നത് അവരുടെ വാട്സാപ്പ് ചാറ്റ് ഹിസ്റ്ററി. ഗൂഗിൾ ഹിസ്റ്ററി, ഇൻസ്റ്റാഗ്രാം ചാറ്റ് തുടങ്ങിയവയായിരിക്കും. എന്നാൽ പരസ്പരം ബന്ധപ്പെടാൻ മാതാപിതാക്കൾക്ക് അറിയാത്ത പല മാർഗ്ഗങ്ങളും മക്കൾക്ക് അറിയാം.

മുൻപ് കാലത്ത് നേരിട്ടോ കത്തിലൂടെയോ അല്ലാതെ പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത ഒരു കാലഘട്ടത്തിൽ മാതാപിതാക്കൾക്ക് മക്കളെ നിയന്തിക്കാൻ ഒരു പരിധി വരെ കഴിയുമായിരുന്നു. എന്നാൽ ഇന്ന് ടെക്നോളജിയുടെ കാലത്ത് മക്കളെ  നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് അത്രയൊന്നും കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. 

വഴിവിട്ട ബന്ധത്തിൽ കുടുങ്ങുന്ന ഒരു പെൺകുട്ടി സ്മാർട്ടഫോൺ കൂടി കയ്യിലുണ്ടെങ്കിൽ  24 മണിക്കൂറും കാമുകനോടൊപ്പം കഴിയുന്നത് പോലെയാണ്. പരസ്പരം വീഡിയോ കോളിംഗ് സംവിധാനം അടക്കമുള്ള ഈ കാലത്ത്, ഒരു ഭാര്യാഭർത്താക്കന്മാരേക്കാൾ അടുത്ത ഒരു ബന്ധത്തിലാണ്  അവർ കഴിയുക എന്ന് മനസിലാക്കുക. 

ഒരുപക്ഷെ തന്റെ മകൾ രണ്ടോ മൂന്നോ വർഷമായി നിരന്തരമായി ബന്ധപ്പെടുന്ന ഒരു വ്യക്തിയെ കുറിച്ച് ഒളിച്ചോടി കഴിഞ്ഞ ശേഷമാണ്  മാതാപിതാക്കൾ അറിയുന്നത്. സ്വന്തം വീട്ടിനുള്ളിൽ കിടക്കുന്ന മകൾ ഇത്തരത്തിൽ ഒരാളുമായി ബന്ധപ്പെടുന്നത് അറിയാതെ പോകുന്നത് മക്കളുടെ സ്മാർട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് കഴിയാത്തത് മൂലമാണ്. 

വീട്ടിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് പെൺകുട്ടികൾ വഴിതെറ്റിപ്പോകാനുള്ള മറ്റൊരു കാരണം. വീട്ടിൽ നിന്ന് സ്നേഹം ലഭിക്കാത്ത മക്കൾ മറ്റൊരാളിലേക്ക് ആകർഷിക്കാനുള്ള സാധ്യത കൂടുതലാണ്. 

ഇവിടെ സംരക്ഷകരായി വരുന്നവർ ചൂഷകരാണെന്ന് മനസ്സിലാക്കാനുള്ള പ്രായമോ പക്വതയോ ഇല്ലാത്ത കുട്ടികൾ, നിരന്തര ചാറ്റിങ്ങിലൂടെ കാമുകനുമായി പിരിയാൻ പറ്റാത്ത ബന്ധത്തിൽ എത്തുകയും, അപകടത്തിൽ ചെന്ന് ചാടുകയും ചെയ്യും. ഇതൊരു സഹപാഠിയോ, മറ്റോ ആയിക്കൊള്ളണമെന്നില്ല. ചിലപ്പോൾ വിവാഹിതനും, ഒന്നോ രണ്ടോ കുട്ടികളുടെ പിതാവും ഒക്കെയായ ഒരാളായിരിക്കും കാമുകൻ. 

പരിഹാരം 

ഓരോ വീട്ടിലെയും സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും ഒരു കുട്ടിയുടെ സ്വഭാവം രൂപീകരിക്കപ്പെടുന്നത്. ഓരോരുത്തരുടെയും ജീവിതരീതി വ്യത്യാസമായിരിക്കും. നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ കുടുംബത്തിന്റെ ഒരു സാഹചര്യത്തിനും, നിങ്ങളുടെ കുടുംബത്തിന് സമൂഹത്തിൽ ഉള്ള ഒരു നിലയും വിലയും അനുസരിച്ചുള്ള ഒരു ജീവിതം ആഗ്രഹിക്കുന്നു എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രായത്തിനനുസരിച്ചുള്ള അറിവുകൾ കുട്ടികൾക്ക് പകർന്ന് നൽകുക എന്നതാണ് ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പരിഹാര മാർഗ്ഗം. മാതാപിതാക്കളെ സംബധിച്ചിടത്തോളം അവർക്ക് മക്കൾ എന്നും ചെറിയ കുട്ടികൾ ആയിരിക്കും പക്ഷെ കുട്ടികൾ വളരുന്നുണ്ട് എന്നത് വസ്തുതതയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ പെൺകുട്ടികൾക്ക് ആർത്തവമാവുന്നത് സർവ്വസാധാരണമാണ്.  ആർത്തവമായാൽ ശാരീരികമായും മാനസികമായും കുട്ടികളിൽ അതിന്റെ മാറ്റങ്ങൾ കണ്ടു തുടങ്ങും. ഒരു ആൺകുട്ടിയിലേക്ക് അവൾക്ക് ആകർഷണം തോന്നി തുടങ്ങും. ആർത്തവത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന സമത്ത് തന്നെ അവളുടെ ശാരീരിക വളർച്ചയെക്കുറിച്ചും മാനസീകമായ മാറ്റങ്ങളെ കുറിച്ചും അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചും അവർക്ക് ശെരിയായി പറഞ്ഞുകൊടുക്കേണ്ടതുണ്ട്.  

ഏതൊരു കുട്ടിയുടെയും മാറ്റങ്ങൾ മനസ്സിലാക്കുകയും അതിൽ സമയോചിതമായി ഇടപെടുകയും ചെയ്യേണ്ടത് മാതാപിതാക്കൾ തന്നെയാണ്. നല്ല ദിശയിലേക്ക് അവരെ തിരിച്ചു വിടേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഈ പ്രായത്തിൽ ഏതൊരാൾക്കും ഉണ്ടാവുന്നതാണ്  എതിർ ലിംഗത്തിലേക്കുള്ള ഒരു ആകർഷണം എന്നും, എന്നാൽ ഇപ്പോൾ നിങ്ങൾ പഠിക്കേണ്ട സമയമാണെന്നും പറഞ്ഞ് മക്കളെ ശെരിയായ ദിശയിലേക്ക് നയിക്കുക. മക്കൾക്ക് അവരുടെ പ്രായത്തിനനുസരിച്ച് ലൈംഗിക വിദ്യാഭ്യാസം നിങ്ങൾ തന്നെ പകർന്നു കൊടുക്കുക. അത് മറ്റൊരാളിൽ നിന്നും അറിയേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാവരുത്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കുട്ടികൾക്ക് നിങ്ങളോട് എന്തും തുറന്നു പറയാനുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നത്. അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും നല്ലതായിക്കോട്ടെ ചീത്തയായിക്കോട്ടെ നിങ്ങളോട് പറയാനുള്ള ഒരു സ്വാതന്ത്ര്യം അവർക്ക് നൽകണം. ഇങ്ങനെയുള്ള കുട്ടികൾ  വഴിതെറ്റിപ്പോവുകയില്ല എന്ന് മാത്രമല്ല, അത്തരം ഒരു സാഹചര്യം ഉണ്ടെങ്കിൽ അത് നിങ്ങളോട് വന്ന് പറയുകയും ചെയ്യും. അരുതാത്ത എന്തെങ്കിലും കാര്യങ്ങൾ അവരുടെ ജീവിതത്തിൽ സംഭവിച്ചാൽ വഴക്കു പറയുന്നതിന് പകരം അതിന് പരിഹാരം കാണാൻ അവരുടെ കൂടെ നിൽക്കുക.

പഠനാവശ്യത്തിന് സ്മാർട്ട്ഫോൺ നൽകുന്നതിന് പകരം കുട്ടികൾക്ക് കമ്പ്യൂട്ടർ കൊടുക്കുക, അത് വീട്ടിലെ ഹാളിലോ നേരിട്ട് കാണാൻ പറ്റാവുന്ന സ്ഥലത്തോ വെക്കുക. കുട്ടികൾക്ക് പഠിക്കാൻ അടച്ചിട്ട റൂമിൽ കമ്പ്യൂട്ടർ വെക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ അത് വാതിലിന് നേരെയായി ഒരു മേശയിട്ട് അവിടെ വെക്കുക വാതിൽ തുറക്കുമ്പോൾ നേരിട്ട് കംപ്യൂട്ടറിന്റെ സ്ക്രീൻ കാണത്തക്ക രീതിയിലായിരിക്കണം വെക്കേണ്ടത്. കമ്പ്യൂട്ടർ പൂർണ്ണമായി സുരക്ഷിതമാണെന്നല്ല എങ്കിലും മൊബൈൽ ഫോൺ എന്നത് ഏത് നേരവും കൂടെയുള്ളതായത് കൊണ്ട്, 24 മണിക്കൂറും അപകടത്തിന്റെ സാധ്യതയിലാണ് കുട്ടി കഴിയുന്നത് എന്ന് മനസ്സിലാക്കുക.

പഠനവുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളാണെങ്കിൽ, രാത്രി ഉറങ്ങുന്നതിന് മുമ്പ് അത് വാങ്ങി നിങ്ങൾ കിടക്കുന്ന മുറിയിൽ വെക്കുക. രാവിലെ എണീക്കാൻ അലാറം വെക്കാനാണെന്ന് പറഞ്ഞ് ഫോൺ ചോദിച്ചാൽ ഒരു അലാറം വാങ്ങി വെച്ച് കൊടുക്കുക. ഒരിക്കലും അടച്ചു പൂട്ടിയ  മുറിയിൽ കുട്ടികൾ ഫോണുമായി ഇരിക്കുന്ന അവസ്ഥ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കുട്ടികൾ എന്തെങ്കിലും വഴിവിട്ട ബന്ധങ്ങളിൽ പെട്ടുപോയാൽ അവരിൽ തന്നെ പ്രത്യക്ഷമായി ചില മാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. ഫോൺ കൂടുതൽ സമയം ഉപയോഗിക്കുക, പഠനത്തിൽ താല്പര്യം കുറയുക, നന്നായി പഠിച്ചിരുന്ന കുട്ടികൾക്ക് പെട്ടന്ന് മാർക്ക് കുറയുക, അനാവശ്യമായ വെപ്രാളം, പഠിക്കാൻ ഇരിക്കുന്ന സമയത്ത് ഇടക്ക് വന്ന് മാതാപിതാക്കളെ നിരീക്ഷിക്കുക, എന്നിങ്ങനെ. ഇത്തരത്തിൽ കുട്ടിക്ക് വരുന്ന മാറ്റം  മാതാപിതാക്കൾക്ക് പെട്ടന്ന് മനസിലാവും. അത്തരം സന്ദർഭത്തിൽ സമയം വൈകാതെ ഇടപെടണം. 

ഒരു ദുരന്തത്തിൽ എത്തിച്ചേരുന്നതിന് മുൻപ് ഇടപെട്ടാൽ ഒരു പരിധിവരെ അവരെ തിരിച്ചു കൊണ്ടുവരാൻ കഴിയും. അറിയാതിരിക്കുക എന്നതാണ് ഏറ്റവും വലിയ വീഴ്ച. കുട്ടി കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് നിർബന്ധമായും നിരീക്ഷിക്കണം. 

ഇങ്ങനെ ഒരപകടത്തിൽ പെട്ടതിന് ശേഷം മക്കളെ തിരിച്ചുകൊണ്ടുവരിക എന്ന് വിചാരിച്ചാൽ തന്നെ ഒരു പക്ഷെ തിരിച്ചു കൊണ്ടുവരാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ അവർ എത്തിപ്പെട്ടിട്ടുണ്ടാവും. 

കാരണം കുട്ടികളെ ചതിയിൽ പെടുത്തുന്നവർ  ആദ്യം ചെയ്യുന്നത് അവരെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള മാർഗ്ഗങ്ങൾ തയ്യാറാക്കി വെക്കുക എന്നതാണ്. ചെറിയ പെൺകുട്ടികൾ ഒരു കാരണവുമില്ലാതെ പെട്ടന്നൊരു ദിവസം ആത്മഹത്യ ചെയ്യുന്ന വാർത്തകൾ നമ്മൾ കേൾക്കാറില്ല? അത് ഇത്തരത്തിൽ പിന്മാറാൻ മാറ്റാത്ത അവസ്ഥയിൽ കുടുങ്ങിപ്പോയാത് കൊണ്ടാവാം.

ഇത്തരത്തിൽ പെൺകുട്ടികളെ ചതിയിൽ പെടുത്തി വഞ്ചിക്കുന്നത് നിങ്ങളെ പോലെതന്നെയുള്ള ഏതെങ്കിലും ഒരു മാതാപിതാക്കൾക്ക് ജനിച്ച ഒരാൺകുട്ടിയാണ്. അത്കൊണ്ട് സ്വന്തം ആൺമക്കൾക്ക് മറ്റുള്ള പെൺകുട്ടികളെ ബഹുമാനിക്കാൻ ചെറുപ്പത്തിലേ പഠിപ്പിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa